വ്യവസായ നിക്ഷേപം: നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിയമങ്ങള്‍ ഏകീകരിക്കുന്നു
text_fieldsതിരുവനന്തപുരം: വ്യവസായ അന്തരീക്ഷം കൂടുതല്‍ അനുകൂലമാക്കാനും വ്യവസായം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള പഞ്ചായത്ത് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, കേരള ലിഫ്റ്റ്സ് ആന്‍റ് എസ്കലേറ്റേഴ്സ് ആക്ട്, മൂല്യവര്‍ധിത നികുതി നിയമം, ജലവഭവ നിയന്ത്രണ നിയമം, കേരള ഫാക്ടറീസ് റൂള്‍സ് , ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ട്, ഷോപ്പ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട്, ഇന്‍റര്‍ സ്റ്റേറ്റ് മൈഗ്രന്‍റ് വര്‍ക്കേഴ്സ് റഗുലേഷന്‍ റൂള്‍സ്, കേരള കോണ്‍ട്രാക്ട് ലേബര്‍ ആക്ട്, കേരള മോട്ടോര്‍ വര്‍ക്കേഴ്സ് റൂള്‍സ് തുടങ്ങിയ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ഏകീകരിക്കുകയും ചെയ്യും.
അതോടൊപ്പം കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ ആന്‍റ് ഫെസിലിറ്റേഷന്‍ ആക്ട്' എന്ന പേരില്‍ പുതിയ നിയമം ഉണ്ടാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഏകജാലക ക്ലിയറന്‍സ് സംവിധാനം ശക്തവും ഫലപ്രദവും ആക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെയും ഏജന്‍സികളിലെയും കെ.എസ്.ഐ.ഡി.സിയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇന്‍വസ്റ്റ്മെന്‍റ് പ്രൊമോഷന്‍ ആന്‍റ് ഫെസിലിറ്റേഷന്‍ സെന്‍ററും രൂപീകരിക്കും. ഈ സംവിധാനം ജില്ലാ തലത്തില്‍ പ്രായോഗികമാക്കുന്നതിന് ജില്ലാ കലക്ടര്‍ തലവനായി വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ജില്ലാ സമിതിയും രൂപീകരിക്കും. എല്ലാ വകുപ്പുകളിലെയും അപേക്ഷാഫോറങ്ങള്‍ ഏകീകരിച്ച് പൊതുഅപേക്ഷാഫോറം കൊണ്ടുവരണമെന്ന ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.
വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നടപടിക്രമങ്ങള്‍ ലളിതവും യുക്തിസഹവുമാക്കി 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' സൂചികയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്താനും ഇതുവഴി ലക്ഷ്യമിടുന്നു. വിവിധ ലോകരാജ്യങ്ങളിലെ വ്യവസായ സൗഹൃദ അന്തരീക്ഷം അടിസ്ഥാനമാക്കി ലോക ബാങ്ക് തയാറാക്കുന്ന സൂചികയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്. വ്യവസായ സംരംഭകര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളുടെയും സമയബന്ധിതമായി അനുമതി നല്‍കുന്നതിന്‍റെയും അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍റ് പ്രൊമോഷന്‍ (ഡിഐപിപി) സംസ്ഥാനങ്ങള്‍ക്ക് റാങ്ക് നല്‍കുന്ന സമ്പ്രദായം തുടങ്ങിയിട്ടുണ്ട്.
നിര്‍ദിഷ്ട നിയമ ഭേദഗതികള്‍ അംഗീകരിക്കുമ്പോള്‍ വ്യവസായ ലൈസന്‍സ് നല്‍കാനും റദ്ദാക്കാനും പ്രാദേശിക സ്ഥാപനങ്ങള്‍ക്കുള്ള വിവേചനാധികാരം ഇല്ലാതാകും. പകരം, ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോര്‍ട് അടിസ്ഥാനമാക്കി തീരുമാനമെടുക്കേണ്ടിവരും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ക്ലിയറന്‍സ് ആശുപത്രികള്‍ക്കും പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ സംബന്ധമായ സ്ഥാപനങ്ങള്‍ക്കും മാത്രം മതിയാകും. ഫാക്ടറി സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള സമയപരിധി കുറയ്ക്കും.
ഗ്രീന്‍, വൈറ്റ് വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്‍കുട്ടി അനുമതി വേണ്ടിവരില്ല. നിശ്ചിത ഫീസ് അടച്ചാല്‍ ലൈസന്‍സ് സ്വാഭാവികമായി പുതുക്കപ്പെടും. വ്യവസായം സംബന്ധിച്ച് പരാതികള്‍ വന്നാല്‍ പരിഹരിക്കാന്‍ മാര്‍ഗരേഖയുണ്ടാക്കും. കണ്ണടച്ച് വ്യവസായങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് ഒഴിവാക്കാനുള്ള നിയമഭേദഗതിയും ഉദ്ദേശിക്കുന്നു. ലൈസന്‍സിന്‍റെ കാലാവധി ഇപ്പോള്‍ ഒരു വര്‍ഷമാണ്. അതു അഞ്ചുവര്‍ഷമാക്കാനും ഉദ്ദേശിക്കുന്നു. നിയമവകുപ്പിന്‍റെ പരിശോധനക്ക് വിധേയമായാണ് എല്ലാ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
