നവകേരളം പുതിയ രൂപത്തിൽ; ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ സി.എം വിത്ത് മി- ഓഫിസ് വെള്ളയമ്പലത്ത്
text_fieldsതിരുവനന്തപുരം: സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ സംരംഭവുമായി സർക്കാർ. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ ‘സി.എം വിത്ത് മി’ എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യം.
ജനങ്ങൾക്കും അഭിപ്രായം പറയാം
സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് എളുപ്പത്തിൽ വിവരങ്ങൾ നൽകുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ജനങ്ങളുടെ പ്രതികരണം ശേഖരിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
ഭവനനിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിലെ വിവിധ മിഷനുകൾ സംബന്ധിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങളും അവയുടെ വിലയിരുത്തലും നടത്തുക, പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കുക, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെ വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവർത്തിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
കിഫ്ബിക്ക് കൂടുതൽ അധികാരം
പരിപാടിക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനും ഉദ്യോഗസ്ഥരെ നൽകുന്നതിനും കിഫ്ബിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. വർക്കിങ് അറേഞ്ച്മെൻറ് അടിസ്ഥാനത്തിൽ കെ.എ.എസ് ഓഫിസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും.പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പിന് വിവര-പൊതുജന സമ്പർക്ക വകുപ്പിനെ ചുമതലപ്പെടുത്തി. വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസൺ കണക്ട് സെൻറർ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

