വിവാഹത്തെ ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതുതലമുറ കാണുന്നു -ഹൈകോടതി
text_fieldsകൊച്ചി: ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈകോടതി. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍.
വിവാഹം ഒരു തിൻമയായാണ് അവർ കരുതുന്നത്. ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവ് നൽകിയ ഹരജി തള്ളിയാണ് നിരീക്ഷണം.
ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു കേരളം. എന്നാല്‍ ദുര്‍ബലവും സ്വാര്‍ഥവുമായ കാര്യങ്ങള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കുമായി വിവാഹ ബന്ധം തകര്‍ക്കുന്നതാണ് നിലവിലെ പ്രവണത. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും.
ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാല്‍ എന്നന്നേക്കും ആശങ്ക ക്ഷണിച്ചുവരുത്തുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളത്തില്‍ വർധിച്ചുവരുന്നു എന്നിങ്ങനെയാണ് ഉത്തരവിലെ പരാമര്‍ശങ്ങള്‍.
വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹരജി കുടുംബകോടതി തള്ളിയിരുന്നു. ഇതിനെതിരായാണ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

