പത്തനംതിട്ടയിൽ പുതുമുഖങ്ങളും കോൺഗ്രസിനെ തുണച്ചില്ല; മൂന്നിടത്തും അടിതെറ്റി
text_fieldsപത്തനംതിട്ട: ജില്ലയിൽ പുതുമുഖങ്ങളെ ഇറക്കിയുള്ള പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. റാന്നി, അടൂർ, കോന്നി മണ്ഡലങ്ങളിലാണ് കോൺഗ്രസ് ഇത്തവണ യുവനേതാക്കളെ രംഗത്തിറക്കിയത്. കോന്നിയിലും അടൂരും പുതുമഖ സ്ഥാനാർഥികൾ സിറ്റിങ് എം.എൽ.എമാേരാട് പരാജയപ്പെട്ടപ്പോൾ റാന്നിയിൽ പുറത്തുനിന്നെത്തിയ മറ്റൊരു പുതുമുഖത്തോടാണ് കോൺഗ്രസിെൻറ യുവേനതാവ് പരാജയപ്പെട്ടത്.
സ്ഥാനാർഥിത്വം മോഹിച്ചിരുന്ന മുതിർന്ന നേതാക്കളെ പലരെയും ഒഴിവാക്കിയാണ് പുതുമുഖങ്ങൾക്ക് സീറ്റ് കൊടുത്തത്. തുടക്കത്തിൽ വലിയ എതിർപ്പ് ഉയർന്നെങ്കിലും മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പ്രതിഷേധമെല്ലാം കെട്ടടങ്ങുകയായിരുന്നു. കാലുവാരലിെൻറ സൂചനകളില്ലാതെയാണ് എല്ലായിടത്തും പ്രചാരണം മുന്നോട്ടുപോയതും.
എന്നാൽ, എൽ.ഡി.എഫിെൻറ ജനപിന്തുണക്ക് മുന്നിൽ ഇവരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. റാന്നിയിലായിരുന്നു യു.ഡി.എഫിന് ഏറ്റവും വലിയ പ്രതീക്ഷ ഉണ്ടായിരുന്നത്. എൽ.ഡി.എഫിെൻറ സ്ഥാനാർഥിയും പുതുമുഖമായിരുന്നെങ്കിലും മണ്ഡലത്തിെൻറ പുറത്തു നിന്നെത്തിയതിനാൽ മണ്ഡലത്തിൽനിന്ന് തന്നെയുള്ള റിങ്കു ചെറിയാന് ജയം ഉറപ്പാണെന്നാണ് കരുതിയത്. പ്രമോദ് നാരായണന് സ്വന്തം പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നുമില്ല. എന്നാൽ, ഇതൊന്നും കാര്യങ്ങൾ അനുകൂലമാക്കാൻ റിങ്കുവിനെ സഹായിച്ചില്ല.
കുടുംബാധിപത്യം എന്നും മറ്റും പറഞ്ഞ് റിങ്കുവിനെതിരെ പാർട്ടിയിലെ ഒരു ചെറിയ വിഭാഗം നിലകൊണ്ടിരുന്നതായും സംശയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ പിന്നാലെ പുറത്തുവരുെമന്ന കാര്യത്തിൽ സംശയമില്ല. റാന്നി പോലെ തന്നെ യു.ഡി.എഫിന് വലിയ സാധ്യത കൽപിച്ച മണ്ഡലമാണ് അടൂർ. യൂത്ത് കോൺഗ്രസ് നേതാവ് എം.ജി. കണ്ണെൻറ സ്ഥാനാർഥിത്വം പാർട്ടിയിൽ എതിരില്ലാതെ അംഗീകരിക്കപ്പെട്ടിരുന്നതുമാണ്. പ്രചാരണത്തിലൂടനീളം വലിയ ഓളമുണ്ടാക്കാൻ കണ്ണന് കഴിയുകയും ചെയ്തിരുന്നു.
എന്നാൽ, മണ്ഡലത്തിൽ ഇടതുമുന്നണിയുടെ ജനകീയ അടിത്തറയെ മറികടക്കാൻ കണ്ണനും കഴിഞ്ഞില്ല. കോന്നിയിൽ റോബിൻ പീറ്ററിെൻറ കാര്യത്തിൽ തർക്കങ്ങളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാൻ അടൂർ പ്രകാശ് വാശിപിടിച്ചതും ഇവരുടെ നിസ്സഹകരണത്തിൽ അന്ന് സ്ഥാനാർഥിയായ പി. മോഹൻരാജ് പരാജയപ്പെട്ടതും റോബിന് തിരിച്ചടിയാകുേമാ എന്ന് പാർട്ടിയിെല നിഷ്പക്ഷമതികൾ ആശങ്കപ്പെട്ടിരുന്നു.
ഇതു ശരിവെക്കുന്ന രീതിയിലാണ് ഫലം വന്നത്. മോഹൻരാജ് പിടിച്ചതിനെക്കാൾ കൂടുതൽ വോട്ട് പിടിക്കാൻ റോബിന് കഴിഞ്ഞു എന്നതുമാത്രമാണ് ആശ്വസിക്കാനുള്ള വക. റോബിെൻറ സ്ഥാനാർഥിത്വം പാർട്ടിക്കപ്പുറം അടൂർ പ്രകാശിെൻറ വ്യക്തിപരമായ താൽപര്യമായിരുന്നു. അതുകൊണ്ടുതന്നെ പരാജയം കാൽനൂറ്റാണ്ട് കോന്നിയെ നിയമസഭയിൽ പ്രതിനിധീകരിച്ച അടൂർ പ്രകാശിനേറ്റ കനത്ത തിരിച്ചടിയുമാണ്.
ദേശീയ നേതാക്കൾ എത്തിയിട്ടും നിലംതൊടാതെ യു.ഡി.എഫും എൻ.ഡി.എയും
പത്തനംതിട്ട: ദേശീയ നേതാക്കൾ എത്തിയിട്ടും പത്തനംതിട്ടയിൽ നിലംതൊടാതെ യു.ഡി.എഫും എൻ.ഡി.എയും. ജില്ലയിലെയും സമീപ ജില്ലകളിലെയും എൻ.ഡി.എ സ്ഥാനാർഥികൾക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജില്ലയിൽ എത്തി. തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ശബരിമല ഉന്നയിക്കുന്നതിെൻറകൂടി പശ്ചാത്തലത്തിലാണ് മോദി പത്തനംതിട്ടയിൽ എത്തിയത്്. കോന്നി മണ്ഡലത്തിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പ്രചാരണ യോഗത്തിൽ സംസാരിച്ചത്.
ആയിരങ്ങൾ തടിച്ചുകൂടിയ യോഗത്തിൽ ശരണംവിളിച്ചു കൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. എന്നാൽ, കോന്നിയിൽ മാത്രമല്ല, സമീപ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികൾ പിന്നാക്കംപോകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയെക്കൂടാതെ നിർമല സീതാരാമൻ അടക്കം മുതിർന്ന കേന്ദ്രമന്ത്രിമാരും ജില്ലയിൽ പ്രചാരണം കൊഴുപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ, പുറമെ ഓളമുണ്ടാക്കിയതിനപ്പുറം താഴേത്തട്ടിൽ ജനങ്ങൾക്കിടയിലേക്ക് എൻ.ഡി.എയുടെ പ്രചാരണം എത്തിയില്ലെന്നാണ് ഫലംനൽകുന്ന സൂചന.
യു.ഡി.എഫിെൻറ പ്രചാരണം കൊഴുപ്പിക്കാൻ താരപ്രചാരകനായ രാഹുൽ ഗാന്ധിതന്നെ ജില്ലയിൽ എത്തി. കോന്നി, ആറന്മുള, റാന്നി മണ്ഡലങ്ങളിൽ റോഡ് ഷോ നടത്തിയ രാഹുൽ ഗാന്ധിയുടെ വരവ് യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയത്. എന്നാൽ, അതൊന്നും വോട്ടായി മാറിയില്ലെന്ന് ഫലം വന്നപ്പോൾ വ്യക്തമായി. എൽ.ഡി.എഫ് പതിവുപോലെ ചിട്ടയായ പ്രവർത്തനം നടത്തി മുന്നേറിയപ്പോൾ യു.ഡി.എഫും എൻ.ഡി.എയും അവർക്കൊപ്പം എത്താൻ പാടുപെടുന്ന കാഴ്ചയായിരുന്നു എങ്ങും.
വീടുകയറി സ്ലിപ് കൊടുക്കുന്നതിൽപോലും ഇത് പ്രകടമായിരുന്നു. ഇടതുമുന്നണി സ്ക്വാഡുകൾ മൂന്നുംനാലും തവണ വീടു കയറുകയും വളരെ നേരത്തേതന്നെ വോട്ടർ സ്ലിപ് നൽകുകയും ചെയ്തപ്പോൾ വോട്ടെടുപ്പിെൻറ തലേന്നാണ് പലസ്ഥലത്തും യു.ഡി.എഫിെൻറ സ്ലിപ്പുമായി പ്രവർത്തകർ എത്തിയത്.