ബിരുദ കോഴ്സുകളിൽ ഭിന്നശേഷിക്കാർക്ക് പുതിയ പരീക്ഷാ രീതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി വിദ്യാർഥികൾക്ക് ബിരുദ കോഴ്സുകളിൽ പുതിയ മൂല്യനിർണയ സമ്പ്രദായം കൊണ്ടുവരാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നിലവിലുള്ള എഴുത്തു പരീക്ഷ, അസൈൻമെന്റ്, പ്രായോഗിക പരീക്ഷ, സെമിനാർ അവതരണങ്ങൾ തുടങ്ങിയവയുടെ സ്ഥാനത്താണ് ഇവർക്കായി പുതിയ രീതി അവലംബിക്കുന്നത്. കാഴ്ചാപരിമിതി, കേൾവിപരിമിതി, ചലനപരിമിതി, സംസാര-ഭാഷാ പരിമിതി, ബുദ്ധിപരമായ പരിമിതി, ഓട്ടിസം പോലുള്ള ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായാണിതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത്തരം വിദ്യാർഥികൾ കോഴ്സിന്റെ ഭാഗമായുള്ള അസൈൻമെന്റുകൾ എഴുതി നൽകുന്നതിന് പകരം ഓഡിയോ രീതിയിലുള്ള അവതരണം, വിഡിയോ അവതരണം, റെക്കോഡ് ചെയ്ത ഓഡിയോ അവതരണം തുടങ്ങിയ രീതിയിലുള്ള മൂല്യനിർണയ രീതികളാണ് നിർദേശിക്കപ്പെട്ടത്. ചലന വൈകല്യമുള്ളമുള്ളതിനാൽ എഴുതാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഡിജിറ്റൽ റൈറ്റിങ് ബോർഡ് ഉൾപ്പെടെ സങ്കേതങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത രീതികളിലൂടെ പഠനക്ഷമത പ്രകടിപ്പിക്കാം.
രസതന്ത്രം പഠിക്കുന്ന ശ്രവണ വൈകല്യമുള്ള വിദ്യാർഥിക്ക് രാസബന്ധങ്ങളെ വിശദീകരിക്കുന്ന ദൃശ്യാധിഷ്ഠിത പഠന മൊഡ്യൂൾ തയാറാക്കിയോ അല്ലെങ്കിൽ സബ്ടൈറ്റിലുകളോടുകൂടിയ ചെറിയ നിർദേശാത്മക വിഡിയോ തയാറാക്കിയോ പഠനാവതരണങ്ങൾ നടത്താൻ കഴിയും.
വിവിധ രീതിയിൽ പരിമിതി നേരിടുന്നവർക്ക് അനുയോജ്യമായ മൂല്യനിർണയ രീതികളാണ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെൽ വിദഗ്ധരുമായി കൂടിയാലോചിച്ച് തയാറാക്കിയ മാർഗരേഖകൾ മുഴുവൻ സർവകലാശാലകൾക്കും കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

