പുതുയുഗ കേരളം: ബാങ്കുകളുടെ വികസന പങ്കാളിത്തം തേടി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പുതുയുഗ കേരളത്തിലേക്കുള്ള സർക്കാർ പ്രയാണത്തിൽ ബാങ്കുകളുടെ വികസന പങ്കാളിത്തവും സഹകരണവും തേടി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. സാമ്പത്തിക വികസനവും സാമൂഹിക നീതിയും ഒത്തുചേരുന്ന പുതിയ യുഗമാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നതെന്നും ഈ കാഴ്ചപ്പാടിന്റെ വിജയം സർക്കാറും ബാങ്കിങ് മേഖലയും തമ്മിലെ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളെ കേവലം വായ്പ നൽകുന്ന സ്ഥാപനങ്ങളായല്ല, മറിച്ച് വികസന പങ്കാളികളായാണ് സർക്കാർ കാണുന്നത്.
ടൂറിസം, ഉൽപാദന മേഖല, വിജ്ഞാന സമ്പദ്വ്യവസ്ഥ എന്നിവയിൽ നൂതന സാമ്പത്തിക പദ്ധതികൾ രൂപകൽപന ചെയ്യാൻ ബാങ്കുകളും പ്രാദേശിക ഭരണകൂടങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം.‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ മെച്ചപ്പെടുത്തിയും ഡിജിറ്റൽ ഗവേണൻസ് ത്വരിതപ്പെടുത്തിയും ബാങ്കിങ് മേഖലയുമായി ചേർന്ന് ശക്തമായ വികസന അടിത്തറ പാകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിലെ ബാങ്കിങ് മേഖലക്ക് തന്ത്രപ്രധാനമായ പങ്കുണ്ട്.
സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ധനകാര്യ മേഖലയിൽ ക്രിയാത്മക മാറ്റങ്ങൾ വരുത്തുകയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും വേണം. 600 കിലോമീറ്റർ തീരപ്രദേശവും രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും 17 മിനി തുറമുഖങ്ങളും കേരളത്തിലുണ്ട്. ഇവയുടെ ഗുണഫലങ്ങൾ സർക്കാർ ഉപയോഗപ്പെടുത്തും. ഇവയെല്ലാം സംയോജിപ്പിച്ച് തീരദേശ കപ്പൽ ഗതാഗതം ലക്ഷ്യമിടുന്നുണ്ട്.
വിദേശ സർവകലാശാലകളുമായും അക്കാദമിക് കേന്ദ്രങ്ങളുമായും സഹകരിച്ച് കമ്യൂണിറ്റി സർവകലാശാലകളെക്കുറിച്ചും ആലോചനകളുണ്ട്. ഇതിനുപുറമെ നിർമാണ മേഖലക്കും വ്യവസായ സ്ഥാപനങ്ങൾക്കും ചെറുകിട ഭക്ഷ്യസംസ്കരണത്തിനും കൃഷി അധിഷ്ഠിത വ്യവസായങ്ങൾക്കും കൂടുതൽ പിന്തുണ വേണം. ജനങ്ങളുടെ സമ്പാദ്യത്തെ നിക്ഷേപങ്ങളായും നിക്ഷേപങ്ങളെ സംരംഭങ്ങളായും സംരംഭങ്ങളെ തൊഴിലുകളായും മാറ്റുകലാണ് പുതിയ വികസന രൂപരേഖയുടെ കാതലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

