പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ പുതിയ ചർച്ച നടത്താൻ തീരുമാനം
text_fieldsതിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബി. നിലവറ തുറക്കാൻ വീണ്ടും ചർച്ച നടത്താൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണ- ഉപദേശക സമിതി യോഗത്തിൽ ചർച്ച ചെയ്തായാണ് വിവരം. നിലവറ തുറക്കുന്ന കാര്യത്തിൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനിച്ചിരിക്കുകയാണ്. അവരുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാവും.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് കണക്കെടുപ്പ് നടത്തിയാല്‍ ആരുടേയും വിശ്വാസം വ്രണപ്പെടില്ലെന്നും ഇക്കാര്യം ക്ഷേത്രം ട്രസ്റ്റുമായി ചര്‍ച്ച ചെയ്യണമെന്നും നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽനിന്നു രാജകുടുംബം വിട്ടുനിൽക്കുമെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ കഴിയില്ലെന്ന് ക്ഷേത്രം ട്രസ്റ്റും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. നിലവറ തുറക്കാന്‍ ആചാരപരമായ തടസ്സങ്ങളുണ്ടെന്നാണ് ട്രസ്റ്റിലെ അംഗങ്ങള്‍ അറിയിച്ചത്.
വിഷയത്തിൽ സമവായമുണ്ടാക്കാൻ ലക്ഷ്യമിട്ടു സുപ്രീംകോടതി അമിക്കസ് ക്യൂറിയായി ഗോപാൽ സുബ്രഹ്മണ്യത്തെ നിയോഗിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിന് ചുറ്റും ആറു നിലവറകളില്‍ 42,000ത്തിലേറെ അമൂല്യവസ്തുക്കളുണ്ടെന്നാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധസമിതി കണ്ടെത്തിയത്.
2011 ജൂണ്‍ 27നാണ് സുപ്രീംകോടതി നിയോഗിച്ച ഏഴംഗസമിതി നിലവറ തുറക്കാനുള്ള ദൗത്യം ആരംഭിച്ചത്. 2012 ഫെബ്രുവരിയില്‍ നിധിശേഖരത്തിന്റെ മൂല്യം നിര്‍ണയിക്കാനും ഫോട്ടോയെടുത്ത് ഡോക്യുമെന്റ് ചെയ്യാനും സുപ്രീംകോടതി ഒരു വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.
നിധിശേഖരം ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതാപഠനവും സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം സമിതി നടത്തിയിരുന്നു. നിധിയുടെ ഫോട്ടോയോ, വിവരങ്ങളോ ചോരാതെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി 2015 ഒക്ടോബര്‍ 31നാണ് സമിതി സുപ്രീംകോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

