പുതിയ ഡി.സി.സി അധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും
text_fieldsന്യൂഡൽഹി: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി ചുരുക്കപ്പട്ടികയിൽ ഹൈക്കമാൻഡുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അവസാനവട്ട ചർച്ച തുടങ്ങി. അഞ്ച് ജില്ലകളിൽ ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഹൈക്കമാന്‍ഡിന് ആദ്യം നല്‍കിയ പട്ടികയില്‍ പരാതികളുയര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി വീണ്ടും ചര്‍ച്ച നടത്തി പുതിയ പട്ടികയുമായാണ് കെ. സുധാകരന്‍ ഡൽഹിയില്‍ എത്തിയിരിക്കുന്നത്.
രാവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ സുധാകരന്‍ പട്ടികയുമായി കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിനെയും കണ്ടു. അന്തിമവട്ട ചര്‍ച്ചകളിലും അഞ്ച് ജില്ലകളുടെ കാര്യത്തില്‍ സമവായമായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ ഇപ്പോഴും ഒന്നിലധികം പേരുകളുണ്ട്. തിരുവനന്തപുരത്ത് ജി.എസ്. ബാബുവിനായി ശശി തരൂര്‍ വാദിക്കുമ്പോള്‍ കെ.എസ്. ശബരിനാഥന്‍, മണക്കാട് സുരേഷ് എന്നിവരും പട്ടികയിലുണ്ട്. കൊല്ലത്ത് രാജേന്ദ്രപ്രസാദിനായി ഉമ്മന്‍ചാണ്ടിയും കൊടിക്കുന്നിലും പിടിമുറുക്കുമ്പോള്‍ എം.എ. നസീറിനായി ഐ ഗ്രൂപ്പ് രംഗത്തുണ്ട്.
ആലപ്പുഴയില്‍ ബാബുപ്രസാദിനായി രമേശ് ചെന്നിത്തലയും കെ.പി. ശ്രീകുമാറിനായി കെ.സി. വേണുഗോപാലും വാദിക്കുന്നു. എ ഗ്രൂപ്പുകാരായ മൂന്നുപേര്‍ പരിഗണനയിലുള്ള കോട്ടയത്തും ചിത്രം തെളിഞ്ഞിട്ടില്ല. കെ. സുധാകരന്‍റെ നോമിനിയായി എ.വി. ഗോപിനാഥ്, വി.ഡി. സതീശന്‍റെ നോമിനിയായി വി.ടി. ബല്‍റാം, കെ.സി. വോണുഗോപാല്‍ മുന്‍പോട്ട് വയ്ക്കുന്ന എ. തങ്കപ്പന്‍ എന്നിവരാണ് പാലക്കാടിന്‍റെ പട്ടികയിലുള്ളത്.
ഒറ്റപ്പേരിലെത്തിയ ചില ജില്ലകളില്‍ പരിഗണനയിലുള്ളവരുടെ പ്രായാധിക്യം ഹൈക്കമാന്‍ഡ് ചോദ്യം ചെയ്യാനിടയുണ്ട്. എന്നാല്‍, പ്രായമല്ല പ്രവര്‍ത്തന മികവാണ് മാനദണ്ഡമെന്ന വാദത്തില്‍ കെ. സുധാകരന്‍ ഉറച്ച് നില്‍ക്കുകയാണ്. കെ.സി. വേണുഗോപാലും താരിഖ് അന്‍വറുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ഭേദഗതി വരുത്തുന്ന ചുരുക്കപ്പട്ടിക രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കണ്ട ശേഷം പ്രഖ്യാപനം നടത്തും. അതേസമയം, പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പരസ്യപ്രതിഷേധത്തിലേക്ക് ഗ്രൂപ്പുകള്‍ നീങ്ങിയേക്കാവുന്ന സാഹചര്യം കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെ. സുധാകരന്‍ ധരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പട്ടിക പ്രഖ്യാപനത്തിന് മുന്‍പായി ഒരിക്കല്‍ കൂടി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി താരിഖ് അന്‍വര്‍ സംസാരിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

