ഉരുൾദുരന്തം: ദുരന്തനിവാരണ പദ്ധതി പരിഷ്കരിക്കാൻ പുതിയ സമിതി
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെയടക്കം പശ്ചാത്തലത്തിൽ കേരളത്തിലെ ദുരന്തനിവാരണ പദ്ധതി പ്രവർത്തനങ്ങൾ പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച് പഠനം നടത്താനായി സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ചു. ദുരന്തനിവാരണത്തിലെ ഏകോപിത പ്രവർത്തന മാർഗരേഖകൾ (എസ്.ഒ.എസ്) രൂപവത്കരിക്കുന്ന കാര്യത്തിലും സമിതി തീരുമാനമെടുക്കും. ദുരന്തനിവാരണ കമീഷണറാണ് പുതിയ സമിതിയുടെ ചെയർപേഴ്സൻ. ദുരന്തനിവാരണ അതോറിറ്റിയുടെ ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റായിരിക്കും കൺവീനർ.
പരിസ്ഥിതി-ഖനന-ഭൂവിജ്ഞാന വകുപ്പ് ഡയറക്ടർമാരും നിയമവകുപ്പ് സെക്രട്ടറിയുടെ നോമിനിയും സമിതി അംഗങ്ങളായിരിക്കും. ഉരുൾപൊട്ടൽ ദുരന്തസാധ്യത ലഘൂകരണം, ഖനനാനുമതി നൽകൽ എന്നീ വിഷയങ്ങളിൽ പ്രത്യേക യോഗം വിളിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പ്രവർത്തന മാർഗരേഖകൾ പരിഷ്കരിക്കണമെന്ന് ദുരന്തനിവാരണ കമീഷണർ നിർദേശിക്കുകയും ചെയ്തു. ഇതടക്കമുള്ള കാര്യങ്ങളിൽ അടുത്തിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്.
റെഡ്സോൺ മാപ്പിങിൽ വന്ന മാറ്റംമൂലം ഖനന-നിർമാണ മേഖലയിലുണ്ടായ പ്രയാസങ്ങളും ചർച്ചയായിരുന്നു. ക്വാറികളിലെ പാറപൊട്ടിക്കലിനുള്ള സ്ഫോടനവുമായി ബന്ധപ്പെട്ട നിലവിലെ വ്യവസ്ഥകളിൽ പരിഷ്കരണം ആവശ്യമുണ്ടോയെന്നും പുതിയ സമിതി പരിശോധിക്കും. സ്ഫോടനത്തിന് അനുമതി നൽകുന്നതിന് നിലവിൽ ജില്ലതല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടേത് ഉൾപ്പെടെയുള്ള അനുമതി വേണം. ഇതിൽ ഭേദഗതി വേണോ എന്നതടക്കം പരിശോധിച്ചാണ് സമിതി എസ്.ഒ.പി രൂപവത്കരണ വിഷയത്തിൽ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

