മോചനം അരികിൽ നിൽക്കെ രൂപേഷിനെതിരെ പുതിയ കേസ്
text_fieldsകൊച്ചി: പതിറ്റാണ്ടിലേറെയായി തടവിൽ കഴിയുന്ന മാവോവാദി ടി.ആർ. രൂപേഷ് ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങാൻ നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയായിരിക്കെ പുതിയ കേസ്. കർണാടകയിലെ ബെൽത്തങ്ങാടിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2012ൽ നടന്നതായി പറയുന്ന പൊലീസിനെ ആക്രമിക്കലും വധശ്രമവും ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തിയാണ് വാറന്റ്.
തൃശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന രൂപേഷിന്റെ തടവുകാലം നീട്ടാനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗമായ കള്ളക്കേസാണിതെന്നും രൂപേഷിന് എന്തെങ്കിലും പങ്കുണ്ടായിരുന്നെങ്കിൽ ഇത്രകാലം അറസ്റ്റ് രേഖപ്പെടുത്തൽ ഉൾപ്പെടെ ഒരുനീക്കവും ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും രൂപേഷിന്റെ ഭാര്യയും ‘ജസ്റ്റിസ് ഫോർ പ്രിസണേഴ്സ്’ കൺവീനറുമായ പി.എ. ഷൈന ‘മാധ്യമ’ത്തോട് പറഞ്ഞു.
എല്ലാ കേസിലും രൂപേഷിന് ജാമ്യം ലഭിച്ചതാണ്. ചില കേസുകളിൽ പിഴത്തുക സമാഹരിച്ചു. വെള്ളമുണ്ട കേസിലെ ശിക്ഷ കാലാവധി അവസാനിച്ചു. ജയിലിൽനിന്ന് ഇറങ്ങാവുന്ന സാഹചര്യമായി. കർക്കശ ജാമ്യവ്യവസ്ഥ ചുമത്തിയും അനാവശ്യ സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിച്ചും മോചനം നീട്ടിക്കൊണ്ടുപോകാൻ അധികൃത കേന്ദ്രങ്ങളിൽനിന്ന് ശ്രമമുണ്ടായി. ഇത് അധികകാലം തുടരാനാവില്ലെന്നു വന്നപ്പോഴാണ് 13 വർഷം മുമ്പുള്ള കേസിന്റെ പേരിൽ പ്രതിചേർത്തിരിക്കുന്നത്.
ചുമത്തിയ കേസിൽ പകുതിയിലധികം വ്യാജരേഖ കാണിച്ച് സിം കാർഡ് വാങ്ങിയെന്നായിരുന്നു. പലതിലും തങ്ങൾക്ക് രൂപേഷിനെ അറിയില്ലെന്നും പൊലീസ് സമ്മർദം ചെലുത്തി പരാതി നൽകിയതാണെന്നും പരാതിക്കാർ പിന്നീട് വെളിപ്പെടുത്തി. അതിൽ ചിലർ പൊലീസിനെതിരെ പരാതി നൽകി. യു.എ.പി.എ വ്യവസ്ഥകൾക്ക് അനുയോജ്യമല്ലാത്തതുകൊണ്ട് 13 കേസിൽനിന്ന് രൂപേഷിനെ ഒഴിവാക്കി.
മകളുടെ വിവാഹവും അച്ഛന്റെ മരണവും ഉണ്ടായപ്പോൾ പൊലീസ് ബന്തവസ്സിൽ കൊണ്ടുവന്നതല്ലാതെ ഒരുദിവസം പോലും പരോൾ അനുവദിച്ചില്ല. രൂപേഷിനെതിരായ ഭരണകൂട നീക്കങ്ങളിൽ കേരളത്തിൽ ശക്തമായ പ്രതിഷേധം രൂപപ്പെട്ടതോടെയാണ് കർണാടകയിൽ കേസ് ചുമത്തുന്നതെന്ന് ഷൈന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

