പരിശോധനക്ക് ഡോക്ടറെ ലഭിച്ചില്ല; പാനൂരിൽ നവജാത ശിശു മരിച്ചു
text_fieldsകണ്ണൂർ: പരിശോധനക്ക് ഡോക്ടറെ ലഭിക്കാത്തതിനെ തുടർന്ന് പാനൂരിൽ നവജാത ശിശു മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ സമീറക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടിൽ വെച്ച് തന്നെ പ്രസവം നടന്നു. ഉടൻ തന്നെ വീട്ടുകാർ പാനൂർ സി.എച്ച്.സിയിൽ എത്തി ഡോക്ടറോട് വരാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ വരാൻ തയാറായില്ലത്രെ. ഇതിനെ തുടർന്ന് വാക്കു തർക്കവും ബഹളവുമായി.
പൊലീസും ഫയർഫോഴ്സ് അധികൃതരും ബന്ധപ്പെട്ടിട്ടും കോവിഡ് നിബന്ധനകൾ ചൂണ്ടിക്കാട്ടി ഡോക്ടർ വീട്ടിലേക്ക് വരാൻ തയ്യാറായില്ലെന്ന് വീട്ടുകാർ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ വീടുകളിൽ പോയി പരിശോധന നടത്താറില്ലെന്നാണ് ഡോക്ടർ നിലപാടെടുത്തത്. ഉടനെ സമീപത്തെ ക്ലിനിക്കിൽ നിന്നും നേഴ്സുമാർ എത്തി പൊക്കിൾകൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
സമീറയെ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ടാംമാസത്തിലാണ് പ്രസവം നടന്നതെന്ന് വിട്ടുകാർ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പാനൂരിൽ ഡോക്ടറുടെ സേവനം ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.