പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ചു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആവശ്യപ്പെട്ടു. മുമ്പ് ആരോപണ വിധേയായ ഡോക്ടർ ബിന്ദു സുന്ദറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
ഇന്നലെയാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു.
ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ ചികിത്സാപിഴവിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിക്കുകയായിരുന്നു. വേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലർച്ചെ ലേബർ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകൾ ലേബർ റൂമിൽ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ ആശുപത്രിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ആർ.ഡി.ഒയെയും സൂപ്രണ്ടിനേയും തടഞ്ഞുവെച്ചാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നത്. തുടർന്ന് സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകുകയായിരുന്നു.
സംഭവത്തെ കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേകസംഘം അന്വേഷണം നടത്തും. ഡോക്ടർക്ക് എതിരെയുള്ള എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികൾ കൂടി ഡി.എം.ഒക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിലും അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

