ഉരുൾദുരന്ത ബാധിതർ ജൂണിൽ ടൗൺഷിപ്പിൽ താമസം തുടങ്ങും
text_fieldsകല്പറ്റ: ഒറ്റ രാത്രികൊണ്ട് അനാഥമായവർക്ക് വേണ്ടി പുതിയ വിലാസവുമായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ ജൂണിൽ താമസം തുടങ്ങിയേക്കും. മുണ്ടക്കൈ-ചൂരൽമല ഉരുള്‍ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്പറ്റ നഗരപരിധിയിൽ എല്‍സ്റ്റൺ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന ടൗണ്‍ഷിപ്പില്‍ ആദ്യഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 16 ക്ലസ്റ്ററുകളിലായുള്ള 178 കുടുംബങ്ങളാണ് ജൂൺ ആദ്യവാരം താമസം തുടങ്ങുക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയും കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തായാകാത്തത് കാരണം താമസം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട്, ഘട്ടംഘട്ടമായി വീടുകളുടെ പണി പൂർത്തീകരിച്ച് താക്കോൽ കൈമാറിയെങ്കിലും 178 വീടുകളുടെയും പണി പൂർത്തിയായ ശേഷം ഒന്നിച്ച് താമസം മാറാമെന്ന് ഗുണഭോക്താക്കൾ തീരുമാനിക്കുകയായിരുന്നു. 145 വീടുകളുടെ താക്കോൽ കൈമാറ്റം ഇതിനകം നടന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഒരുക്കി ബാക്കി 33 വീടുകള്‍കൂടി കൈമാറുന്ന മുറയ്ക്കായിരിക്കും താമസം ആരംഭിക്കക. പരിശോധന പൂർത്തിയാക്കി വ്യാഴാഴ്ച 15 ഓളം വീടുകൾ കൂടി ദുരന്തബാധിതർക്ക് കൈമാറും. മേയ് അവസാനത്തോടെ തന്നെ 178 വീടുകളുടെയും താക്കോൽ കൈമാറാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടക വീടുകളിലും മറ്റും കഴിയുകയാണ് കുടുംബങ്ങള്‍. ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി കിഫ്കോണ്‍, ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രതിനിധികള്‍ പരിശോധന നടത്തിയശേഷമാണ് വീടുകള്‍ കൈമാറുന്നത്.
എല്‍സ്റ്റൺ എസ്റ്റേറ്റ് ഭൂമിയില്‍ 64.4075 ഹെക്ടര്‍ 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിക്ക് ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് നിര്‍മിക്കുന്നത്. സോണ്‍ ഒന്നിലെ 140ല്‍ 107ഉം സോണ്‍ മൂന്നിലെ 51ല്‍ 28ഉം സോണ്‍ നാലിലെ 51ല്‍ 43ഉം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട ഉദ്ഘാടനം നടന്നത്. ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്. 451 പേരാണ് ഗുണഭോക്തൃ ലിസ്റ്റിൽ ഇതുവരെ ഇടം നേടിയത്. ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെന്ന് 104 കുടുംബങ്ങൾ സത്യവാങ്മൂലം നൽകിയിരുന്നു. ഇതോടെ പട്ടിക 347 ആയി ചുരുങ്ങി. ലിസ്റ്റിലുള്ളതിനേക്കാളും 63 വീടുകൾ ടൗൺഷിപ്പിൽ അധികമായി നിലവിൽ നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

