Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഫോൺ സംഭാഷണങ്ങളിൽ ലൈംഗികച്ചുവയോടെ സംസാരിക്കും, സമാനമായ ദുരനുഭവം മറ്റ് പെൺകുട്ടികൾക്കും ഉണ്ടായിട്ടുണ്ട്’; നിയാസ് ജൗഹരിക്കെതിരെ പുതിയ വെളിപ്പെടുത്തൽ

text_fields
bookmark_border
‘ഫോൺ സംഭാഷണങ്ങളിൽ ലൈംഗികച്ചുവയോടെ സംസാരിക്കും, സമാനമായ ദുരനുഭവം മറ്റ് പെൺകുട്ടികൾക്കും ഉണ്ടായിട്ടുണ്ട്’; നിയാസ് ജൗഹരിക്കെതിരെ പുതിയ വെളിപ്പെടുത്തൽ
cancel

കൊല്ലം: ഓച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതപ്രഭാഷകൻ പീഡിപ്പിച്ച കേസിൽ പ്രതിയായ നിയാസ് ജൗഹരിക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി കൊല്ലം സ്വദേശിയായ യുവതി.

മതപ്രഭാഷകൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിലാണ് ഇയാളെ പരിചയപ്പെട്ടതെന്നും എന്നാൽ പിന്നീട് കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടായതെന്നും യുവതി വ്യക്തമാക്കി. സമാനമായ ദുരനുഭവങ്ങൾ മറ്റ് നിരവധി പെൺകുട്ടികൾക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ സാമൂഹിക ഭയവും മടിയും കാരണം പലരും ഇക്കാര്യങ്ങൾ പുറത്തുപറയാൻ തയ്യാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സമൂഹത്തിന് മുന്നിൽ മാന്യനായ വ്യക്തിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് ഇയാൾ ഫോൺ നമ്പർ വാങ്ങിയിരുന്നത്. തുടർന്ന് ഫോൺ സംഭാഷണങ്ങളിലൂടെ മോശമായി പെരുമാറുകയും, വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൂടുതൽ അടുപ്പം സ്ഥാപിക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് യുവതി ആരോപിക്കുന്നു.

മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടെന്ന് ഇരകളെ വിശ്വസിപ്പിച്ച് ചികിത്സയുടെ ഭാഗമെന്ന വ്യാജേന സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുകയാണ് പതിവ്. ഇതിനുശേഷമുള്ള സംഭാഷണങ്ങളിൽ പരോക്ഷമായി മോശമായ കാര്യങ്ങൾ പറയുന്നത് ഇയാൾ ആവർത്തിച്ചിരുന്നു. ഫോൺ സംഭാഷണങ്ങളിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ‘സെക്സ്’ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു.

വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കുകയും, ഇതിന് വിസമ്മതിച്ചപ്പോൾ മോശമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. സാധാരണ ഫോൺ കോളുകൾക്ക് പകരം വാട്സ്ആപ്പ് കോളുകൾ മാത്രം ഉപയോഗിക്കണമെന്ന് കർശന നിർദേശമുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ വളരെ നല്ല വ്യക്തിയെന്ന പ്രതിച്ഛായയാണ് നിയാസ് ജൗഹരി സൃഷ്ടിച്ചിരുന്നത്. ഇതിന്റെ മറവിൽ ഒരു സ്ഥാപനത്തിന്റെ പേരിൽ വലിയ തോതിൽ പണം പിരിച്ചിരുന്നതായും വിവരങ്ങളുണ്ട്. അടുത്തിടെ പുറത്തുവന്ന ഓഡിയോകളിൽ കേൾക്കുന്ന തരത്തിലുള്ള അതേ പെരുമാറ്റം തന്നെയാണ് താനുമായുള്ള ഇടപെടലുകളിലും ഇയാൾ പ്രകടമാക്കിയത്.

തനിക്ക് സമാനമായ മോശം അനുഭവങ്ങൾ നേരിടേണ്ടിവന്ന നിരവധി പേർ വേറെയുമുണ്ട്. എന്നാൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞാൽ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഉണ്ടാകാനിടയുള്ള ഭയവും മടിയുമാണ് പലരെയും നിശ്ശബ്ദരാക്കുന്നതെന്നും യുവതി വ്യക്തമാക്കി.

അതേസമയം, പ്രതിയുടെ ഫോൺ വിളികൾക്ക് പുറമെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്. പോക്സോ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രതി മുഹമ്മദ് നിയാസ് കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഓച്ചിറയിൽ മുഹമ്മദ് നിയാസ് നേതൃത്വം കൊടുത്തിരുന്ന മതപാഠശാല വാർഡ് ജാഗ്രത സമിതി, ആരോഗ്യ ഉദ്യോഗസ്ഥർ, പൊലീസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പൂട്ടി സീൽ ചെയ്തു.

ഈ സ്ഥാപനത്തിൽ 40ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ എട്ട് പെൺകുട്ടികളും ഉൾപ്പെടും. കുട്ടികൾക്കെല്ലാം ആവശ്യമായ കൗൺസിലിങ് നൽകാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New allegations against Niyas Jauhar in Oachira case
Next Story