Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രഹാം സ്റ്റെയിനും...

ഗ്രഹാം സ്റ്റെയിനും സ്റ്റാന്‍ സ്വാമിയും പൊറുക്കില്ല; ബി.ജെ.പിയെ ഒരിക്കലും വിശ്വസിക്കരുതെന്ന് സുധാകരന്‍

text_fields
bookmark_border
graham stein, stan swamy, k sudhakaran
cancel

തിരുവനന്തപുരം: ഗ്രഹാം സ്‌റ്റെയിനും ഫാ. സ്റ്റാന്‍ സ്വാമിയും ഉള്‍പ്പെടെയുള്ള അനേകം മിഷനറിമാരുടെ രക്തം നിലവിളിക്കുമ്പോള്‍ ബി.ജെ.പിയെ ഒരിക്കലും വിശ്വസിക്കരുതെന്ന ചരിത്രമാണ് ഓര്‍മപ്പെടുത്തുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. മദര്‍ തെരെസയുടെ ഭാരതരത്‌നം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും നൂറു കണക്കിന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇടിച്ചുനിരത്തുകയും ബലമായി ഖര്‍വാപസി നടപ്പാക്കുകയും ചെയ്ത സംഘ്പരിവാര്‍ ശക്തികളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

2021ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരേ 500 ആക്രമണങ്ങള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡൊ സുപ്രീംകോടതിയില്‍ ഹരജി നൽകിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ഇതില്‍ 288 എണ്ണം ആള്‍ക്കൂട്ട ആക്രമണങ്ങളാണ്. 1331 സ്ത്രീകള്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യന്‍ ദേവാലയങ്ങളും സ്‌കൂളുകളും വീടുകളും വസ്തുവകകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ സംരക്ഷണത്തിനാണ് സംഘ്പരിവാര്‍ ശക്തികള്‍ തീകൊളുത്തിയത്.

കൊടിയ വഞ്ചനക്ക് ഇരയായ കര്‍ഷകര്‍ ഡല്‍ഹിയില്‍ രണ്ടാം പോരാട്ടം നടത്തുമ്പോള്‍ കണ്ണിലെ കൃഷ്ണമണി പോലെ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നൽകിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യു.പി.എ സര്‍ക്കാര്‍ 3 കോടി കര്‍ഷകരുടെ 73, 000 കോടി രൂപ എഴുതിത്തള്ളി ചരിത്രം സൃഷ്ടിച്ചു. ബി.ജെ.പി ഭരിച്ച 2019-20ല്‍ മാത്രം 10,881 കര്‍ഷര്‍ ആത്മഹത്യ ചെയ്‌തെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ടിലുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേരളത്തിലാദ്യമായി റബറിന് 150 രൂപയുടെ വിലസ്ഥിരത ഫണ്ട് ഏര്‍പ്പെടുത്തിയത്. അന്ന് റബറിന് വെറും 120 രൂപ മാത്രമായിരുന്നു വില. റബറിന് 250 രൂപ താങ്ങുവില ഏര്‍പ്പെടുത്തുമെന്ന് പ്രകടപത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരമേറ്റ പിണറായി സര്‍ക്കാര്‍ വെറും 20 രൂപ വര്‍ധിപ്പിച്ചത് 2021ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാത്രം. കോടിക്കണക്കിനു രൂപ വിലസ്ഥിരതാ ഫണ്ടില്‍നിന്ന് റബര്‍ കര്‍ഷകര്‍ക്ക് ഇനിയും നൽകാനുണ്ട്. റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ബി.ജെ.പി ഇതുവരെ ചെറുവിരല്‍ അനക്കിയിട്ടില്ല.

റബര്‍ ഇറക്കുമതി കുത്തനേ കൂടുകയും വില ഇടിയുകയും ടയര്‍ലോബി കൊള്ളലാഭം കൊയ്യുകയും ചെയ്തത് ബിജെപി ഭരണത്തിലാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് റബര്‍ കൃഷി വ്യാപിപ്പിച്ചും റബര്‍ ബോര്‍ഡ് കേരളത്തില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചും കേരളത്തിലെ റബര്‍ കര്‍ഷകരെ ദ്രോഹിച്ച ചരിത്രമേ ബി.ജെ.പിക്കുള്ളു. റബറിനെ വ്യാവസായികോൽപന്നം എന്നതില്‍നിന്ന് കാര്‍ഷികോൽപന്നം എന്നതിലേക്ക് മാറ്റണമെന്ന കര്‍ഷകരുടെ മുറവിളിയും വൃഥാവിലായി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും നീര ഉൽപാദനത്തിന് അനുമതി നൽകിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranstan swamygraham stein
News Summary - Never trust BJP says K Sudhakaran
Next Story