മാറ്റിവെച്ച ഹൃദയവും തുണച്ചില്ല; ദുർഗ കാമി യാത്രയായി...
text_fieldsകൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) ഒടുവിൽ മരണത്തിന് കീഴടങ്ങി. ശ്വാസകോശം നിലച്ചതും തുടന്നുണ്ടായ ഹൃദയാഘാതവും മൂലം വ്യാഴാഴ്ച രാത്രി 10.05നായിരുന്നു മരണം. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 ) ഹൃദയമാണ് കഴിഞ്ഞ മാസം 22ന് ദുർഗക്ക് മാറ്റിവെച്ചത്. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്.
ഡാനോൻസ് ഡിസ്കെയർ എന്ന അപൂർവ ജനിതക രോഗമാണ് ദുർഗയുടെ ഹൃദയത്തെ ബാധിച്ചിരുന്നത്. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദുർഗക്ക് ഹൃദയം മാറ്റിവെച്ചത്. ആരോഗ്യനില മെച്ചപ്പെട്ടുവന്ന ദുർഗ കഴിഞ്ഞ ദിവസം എഴുന്നേറ്റിരിക്കുകയും ഭക്ഷണം കഴിക്കുകയും പുസ്തകം വായിക്കുകയും ചെയ്തത് ഡോക്ടർമാർക്കും ബന്ധുക്കൾക്കും ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ശ്വാസകോശം പ്രവർത്തനരഹിതമായി. മാറിയ സാഹചര്യവുമായി പൊരുത്തപ്പെടാനാകാതെ ശ്വാസകോശവും ഹൃദയവും നിലക്കുകയായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ഡോക്ടർമാർ ആറ് മണിക്കൂറോളം കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
യുവതിക്ക് ഒരു അനുജന്‍ മാത്രമാണുള്ളത്. പാരമ്പര്യ ഹൃദ്രോഗം മൂലം അമ്മയും മൂത്ത സഹോദരിയും നേരത്തെ മരിച്ചിരുന്നു. അനാഥാലയത്തിലാണ് പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാൽ അനാഥാലയം നടത്തിപ്പുകാരനായ മലയാളി ഇവരെ കേരളത്തിൽ എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററില്‍ ആണ് ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചത്. കഴക്കൂട്ടത്ത് ഹോട്ടൽ ജോലിക്കാരനായ ഷിബുവിന് ഡിസംബര്‍ 14നാണ് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഡിസംബര്‍ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കുടുംബം അവയവദാനത്തിന് സന്നദ്ധമാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

