ആനപ്പന്തലുകളിൽ വർണങ്ങൾ വിരിഞ്ഞു; നെന്മാറ വേല നാളെ
text_fieldsദീപാലംകൃതമായ ആനപ്പന്തൽ
പാലക്കാട്: തിങ്കളാഴ്ച ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ആനപ്പന്തലുകളിലെ വർണവിളക്കുകൾ ശനിയാഴ്ച വൈകീട്ട് തെളിഞ്ഞു. ഇരുദേശങ്ങളുടേയും പന്തലുകളിൽ വർണങ്ങൾ വിരിഞ്ഞതോടെ ഇതു കാണാനെത്തിയ നൂറുകണക്കിന് നാട്ടുകാരും ആവേശഭരിതരായി.
കമ്പ്യൂട്ടർ സംവിധാനത്തോടെയുള്ള വർണവിതാനത്തിന് അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ നെന്മാറ ദേശത്തിന്റെ ആനച്ചമയ പ്രദർശനം മന്ദം ട്രസ്റ്റ് ഹാളിലും വല്ലങ്ങി ദേശത്തിന്റെ ആനച്ചമയം ഞായറാഴ്ച വൈകീട്ട് ശിവക്ഷേത്രം ട്രസ്റ്റ് ഹാളിലും നടക്കും.
ഞായറാഴ്ച വൈകീട്ട് നെന്മാറ ദേശത്ത് ആണ്ടി വേലയും വല്ലങ്ങി ദേശത്ത് താലപ്പൊലിയും ഉണ്ടായിരിക്കും. താലപ്പൊലിയുടെ ഭാഗമായി ഗോവിന്ദാപുരം റോഡിൽ നെന്മാറ ടൗൺ മുതൽ വല്ലങ്ങി തണ്ണിയപ്പൻ ജങ്ഷൻ വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് നെന്മാറ പൊലീസ് അറിയിച്ചു. വൈകീട്ട് നാലു മുതൽ രാത്രി എട്ടര വരെയാണ് നിയന്ത്രണം.

