വേനൽച്ചൂടിനെ വെല്ലും ഒരുക്കങ്ങൾ; നെന്മാറ-വല്ലങ്ങി വേല ഇന്ന്
text_fieldsവല്ലങ്ങി ദേശത്തിന്റെ ആനച്ചമയ പ്രദർശനം
നെന്മാറ: വേലകളുടെ വേല എന്നറിയപ്പെടുന്ന നെന്മാറ - വല്ലങ്ങി വേല തിങ്കളാഴ്ച ആഘോഷിക്കും. വേനൽച്ചൂടിനെയും വെല്ലുന്ന രീതിയിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. രാവിലെ 10 മുതൽ ചൊവ്വാഴ്ച രാവിലെ 11 വരെ ടൗണിൽ ഗതാഗത നിയന്ത്രണമുണ്ട്. വാഹനങ്ങൾ നിർത്തിയിടാൻ 10 ഗ്രൗണ്ടുകൾ സജ്ജീകരിച്ചു. വെടിക്കെട്ട് നടത്തുന്നയിടം പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഇരട്ട ബാരിക്കേഡുകൾ സുരക്ഷക്കായി തീർത്തിരിക്കുന്നു.
തിങ്കളാഴ്ച രാവിലെ നെന്മാറ ദേശത്ത് ക്ഷേത്ര പൂജകൾക്ക് ശേഷം വരിയോല വായിച്ച് നിറപറ എഴുന്നള്ളത്ത് തുടങ്ങും. വിവിധ സമുദായക്കാർ നൽകുന്ന ക്ഷേത്ര പറകൾ സ്വീകരിച്ചശേഷം മന്ദത്ത് എത്തി ഉച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ കോലം കയറ്റും. എഴുന്നള്ളത്ത് ദേശത്തെ വിവിധ ക്ഷേത്രങ്ങൾ ചുറ്റി പഞ്ചാരിയോടെ വൈകുന്നേരം നാലക്ഷേത്രത്തിനടുത്തുള്ള പോത്തുണ്ടി റോഡിലെ ആനപ്പന്തലിലാണ് അണിനിരക്കുക.
നെന്മാറ ദേശത്തിന്റെ ആനച്ചമയ പ്രദർശനം
വല്ലങ്ങിദേശത്ത് പ്രഭാത പൂജകൾക്ക് ശേഷം വല്ലങ്ങി ശിവക്ഷേത്രത്തിൽനിന്ന് പഞ്ചവാദ്യവുമായി എഴുന്നള്ളത്ത് തുടങ്ങും. വൈകീട്ട് നാലോടെ ബൈപാസ് റോഡിനടുത്ത് അണിനിരക്കും. ആദ്യം വല്ലങ്ങിയുടെ എഴുന്നള്ളത്ത് വേലത്തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്ര മുറ്റത്ത് കാവുകയറും. പിന്നീടാണ് നെന്മാറ ദേശത്തിന്റെ എഴുന്നള്ളത്ത് കാവുകയറുക. ഇതോടെ മേളപ്പെരുക്കമായി.
ഇരു ദേശത്തിന്റെയും കാവുകയറ്റത്തിന് ശേഷമാണ് ആകർഷകമായ കുടമാറ്റം.തുടർന്ന് പകൽ വെടിക്കെട്ട് ആരംഭിക്കും. ആദ്യം വല്ലങ്ങി ദേശവും പിന്നീട് നെന്മാറ ദേശവും വെടിക്കെട്ടിന് തിരികൊളുത്തും. ശേഷം എഴുന്നള്ളത്തുകൾ അതാത് ദേശമന്ദങ്ങളിലേക്ക് തിരിക്കുന്നു. ഇതോടെ പകൽ വേല പൂർണമാവും. പിന്നീട് തായമ്പകയോടെ രാത്രി വേല തുടങ്ങുകയായി.
പഞ്ചവാദ്യങ്ങൾ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്ന് ആരംഭിക്കും. തുടർന്ന് ക്ഷേത്രസമീപത്ത് എഴുന്നള്ളത്ത് അണിനിരക്കുന്നതോടെ രാത്രി വെടിക്കെട്ട് തുടങ്ങും. പാണ്ടിമേളത്തോടെ കാവു കയറി മുത്തുക്കുടകളും പറവാദ്യവുമായി ദേശമന്ദങ്ങളിലേക്ക് തിരിക്കുന്ന എഴുന്നള്ളത്തുകൾ ചൊവ്വാഴ്ച രാവിലെ തിടമ്പിറക്കുന്നതോടെ വേലയുടെ സമാപ്തിയാവും.
ആനച്ചമയ പ്രദർശനം തുടങ്ങി
നെന്മാറ: നെന്മാറ - വല്ലങ്ങി വേലക്ക് മുന്നോടിയായി നെന്മാറ ദേശത്ത് ആണ്ടി വേലയും വല്ലങ്ങി ദേശത്ത് താലപ്പൊലിയും ആഘോഷിച്ചു. വല്ലങ്ങി ശിവക്ഷേത്രത്തിന് മുമ്പിൽനിന്ന് ആരംഭിച്ച താലപ്പൊലിയും എഴുന്നള്ളത്തും ചന്തപ്പുര ജങ്ഷനിലെ ചീറമ്പക്കാവിലാണ് സമാപിച്ചത്.നെന്മാറ ദേശത്തിന്റെ ആനച്ചമയ പ്രദർശനം മന്ദം വെൽഫയർ ട്രസ്റ്റ് ഹാളിൽ ആരംഭിച്ചു.
സർക്കാർ ചീഫ് വിപ്പ് പ്രഫ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. സിനിമ താരങ്ങളായ കൈലാഷ്, അപർണ ദാസ്, ജയരാജ് വാര്യർ, രാജഗോപാൽ, ജസ്റ്റിസ് ടി.എൻ. കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. വേല കമ്മിറ്റി ഭാരവാഹികളായ കെ. മാധവൻകുട്ടി, പി. പ്രശാന്ത്, പി. സുധാകരൻ, നെന്മാറ പൊലീസ് ഇൻസ്പെക്ടർ എൻ. മഹേന്ദ്രസിംഹൻ എന്നിവർ സംസാരിച്ചു.വല്ലങ്ങി ദേശത്തിന്റെ ആനച്ചമയ പ്രദർശനം വല്ലങ്ങി ശിവക്ഷേത്രം ട്രസ്റ്റ് ഹാളിൽ ആരംഭിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമ താരം നാരായണൻ കുട്ടി മുഖ്യാതിഥിയായി. കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു.
ഗതാഗത നിയന്ത്രണം
നെന്മാറ: നെന്മാറ - വല്ലങ്ങി വേല ദിവസം രാവിലെ 10 മുതൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ഭാഗത്തുനിന്ന് ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും റൂട്ട് ബസുകൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും വടക്കഞ്ചേരിയിൽനിന്ന് ആലത്തൂർ, തൃപ്പാളൂർ, കുനിശ്ശേരി, കൊടുവായൂർ, പുതുനഗരം, തത്തമംഗലം, വണ്ടിത്താവളം, പാറക്കളം, കുരുവിക്കൂട്ടുമരം, മുതലമട വഴി പോകണം. ഗോവിന്ദാപുരം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും റൂട്ട് ബസുകൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും കൊല്ലങ്കോട്ടുനിന്നും കൊല്ലങ്കോട് കുരുവിക്കൂട്ടുമരത്തുനിന്നും പാറക്കളം, വണ്ടിത്താവളം, തത്തമംഗലം, പുതുനഗരം, കൊടുവായൂർ, കുനിശ്ശേരി, തൃപ്പാളൂർ, ആലത്തൂർ, വടക്കഞ്ചേരി വഴി പോകേണ്ടതാണ്.
റൂട്ട് ബസുകളുടെ ക്രമീകരണം
പാലക്കാട്ടുനിന്ന് കൊടുവായൂർ, പല്ലാവൂർ വഴി നെന്മാറയിലേക്ക് വരുന്ന ബസുകൾ വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി തിരിച്ചുപോകണം. പാലക്കാട്ടുനിന്ന് കുനിശ്ശേരി വഴി നെന്മാറയിവലക്ക് വരുന്ന ബസുകൾ കിളിയല്ലൂർ ജംഗ്ഷനിൽ വന്ന് ആളുകളെ ഇറക്കി തിരിച്ചുപോകണം.
പോത്തുണ്ടി, ചാത്തമംഗലം ഭാഗങ്ങളിൽനിന്ന് നെന്മാറയിവലക്ക് വരുന്ന റൂട്ട് ബസുകൾ അളുവശ്ശേരിയിൽ വന്ന് ആളുകളെ ഇറക്കി തിരിച്ചുപോകണം. അയിലൂർ, അടിപ്പെരണ്ട ഭാഗങ്ങളിൽനിന്ന് നെന്മാറയിവലക്ക് വരുന്ന റൂട്ട് ബസുകൾ കണിമംഗലത്ത് വന്ന് ആളുകളെ ഇറക്കി തിരിച്ചുപോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

