'അമ്മയെ കൊന്നു, ഇപ്പോൾ അച്ഛനെയും അച്ഛമ്മയെയും; പൊലീസിൽ വിശ്വാസമില്ല, ഞങ്ങൾ ഇനി എങ്ങനെ ജീവിക്കും'
text_fieldsസജിത, സുധാകരൻ
പാലക്കാട്: പൊലീസിൽ ഒരു വിശ്വാസവുമില്ലെന്ന് പാലക്കാട് നെന്മാറയിൽ അയൽവാസിയുടെ കൊലക്കത്തിക്കിരയായ സുധാകരന്‍റെ മക്കൾ അതുല്യയും അഖിലയും. ചെന്താമര ജാമ്യത്തിലിറങ്ങിയ മുതൽ ഭീഷണിയിലാണ്. പൊലീസ് സ്റ്റേഷനിൽ പോയി പരാതി എഴുതിക്കൊടുത്തിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും ഇരുവരും പറഞ്ഞു.
'അമ്മ പോയി, ഇപ്പോൾ അച്ഛനും പോയി. ഞങ്ങൾക്ക് ഇനി ആരാണുള്ളത്. ഞങ്ങൾ എങ്ങനെയാണ് ജീവിക്കുക. പരാതി കൊടുത്തിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. ഞങ്ങൾക്ക് ഇനി പോത്തുണ്ടിയിൽ പോകാൻ പറ്റുമോ' -കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ ചോദിച്ചു.
'സ്റ്റേഷനിൽ പോയി എസ്.ഐയോട് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തതാണ്. നാട്ടുകാർക്കും അയാളെ പേടിയായിരുന്നു. എന്നിട്ടും പൊലീസ് ഒന്നും ചെയ്തില്ല. അച്ഛമ്മക്ക് നല്ല പേടിയുണ്ടായിരുന്നു വീട്ടിൽ കഴിയാൻ. അച്ഛൻ ലോറിയിൽ പോകുന്നതിനാൽ ശനിയാഴ്ച വന്ന് തിങ്കളാഴ്ച പോകുകയാണ് പതിവ്. ചെന്താമരയെ കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ, ഇത്ര പ്രായമായില്ലേ, ഇനി എന്ത് ചെയ്യാനാ എന്നാണ് ചോദിച്ചത്'
'ഞങ്ങൾക്ക് ആകെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അച്ഛനും പോയി. ഇത്ര പകയുണ്ടാകാൻ അച്ഛൻ എന്താണ് ചെയ്തതെന്ന് അയാൾക്ക് മാത്രമേ അറിയൂ. ചെന്താമരയുടെ ഭാര്യയുമായി അമ്മക്ക് കൂട്ടുകെട്ട് ഒന്നുമുണ്ടായിരുന്നില്ല. പഞ്ചായത്ത് പണിക്ക് ഒന്നിച്ച് പോകാറുള്ളത് മാത്രമാണുണ്ടായിരുന്നത്. വീട്ടിൽ പോലും അവരെ കുറിച്ച് സംസാരിക്കാറില്ലായിരുന്നു. ആ വീട്ടിലേക്ക് പോകാറുമില്ല. എന്താ ഞങ്ങളോട് ഇത്ര പകയെന്ന് ഞങ്ങൾക്കറിയില്ല. പൊലീസിൽ ഒരു വിശ്വാസവുമില്ല. എന്തെങ്കിലുമുണ്ടാകുമ്പോൾ പൊലീസിന്‍റെ അടുത്തേക്ക് പോകാമെന്നായിരുന്നു വിശ്വാസം. ഇനി എവിടേക്ക് പോകണമെന്ന് അറിയില്ല' -അതുല്യയും അഖിലയും പറഞ്ഞു. അനഘ, അതുല്യ, അഖില എന്നീ മൂന്ന് മക്കളാണ് കൊല്ലപ്പെട്ട സുധാകരനുള്ളത്.
കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻനഗറിൽ ചെന്താമര തിങ്കളാഴ്ച രാവിലെ 9.30നാണ് രാവിലെയാണ് അയല്‍വാസിയായ സുധാകരനെയും (58) അമ്മ ലക്ഷ്മിയെയും (76) വെട്ടിക്കൊലപ്പെടുത്തിയത്. 2019 ആഗസ്റ്റിൽ സുധാകരന്‍റെ ഭാര്യ സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
സുധാകരനെയും ലക്ഷ്മിയെയും വെട്ടിക്കൊന്ന ശേഷം കടന്നുകളഞ്ഞ ചെന്താമരക്കായി പാലക്കാട്ടും തമിഴ്നാട്ടിലും വ്യാപക തിരച്ചിലിലാണ് പൊലീസ്. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തുന്നുണ്ട്. കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് കരുതുന്ന അരക്കമല പൊലീസ് വളഞ്ഞിട്ടുണ്ട്. ഏഴ് സംഘമായിട്ടാണ് തിരച്ചില്‍. ഡോഗ് സ്‌ക്വാഡും തിരച്ചിലിനുണ്ട്.
പൊലീസിന് വിചിത്ര വിശദീകരണം
പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണത്തിൽ പൊലീസിന് വിചിത്ര വിശദീകരണം. പരാതിക്കു പിന്നാലെ ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നെന്ന് ഡിവൈ.എസ്.പി അജിത് കുമാർ പറഞ്ഞു. ഭീഷണിയെപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് നിന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് താക്കീത് നല്‍കി പറഞ്ഞുവിടുകയായിരുന്നെന്നും ഡിവൈ.എസ്.പി പറഞ്ഞു.
ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 29നാണ് ചെന്താമരയെ പൊലീസ് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇയാൾ, അകത്തേക്ക് കയറാൻ തയാറായിരുന്നില്ല. വേണമെങ്കില്‍ പൊലീസ് പുറത്തേക്ക് വരട്ടെ എന്നായിരുന്നു പ്രതിയുടെ പക്ഷം. അകത്ത് വരാന്‍ പറ്റില്ലെന്ന് ചെന്താമര പറഞ്ഞതിനാൽ താൻ പുറത്തേക്ക് ചെന്നാണ് അയാളോട് സംസാരിച്ചതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ച പ്രതിയെ താക്കീത് നൽകി തിരികെ വിടുകയായിരുന്നു പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

