നെൻമാറ ഇരട്ടക്കൊലപാതകം: ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ
text_fieldsപാലക്കാട്: നെൻമാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധി. ബി.എൻ.എസ് 103(1),126(2) പ്രകാരമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ചെന്താമര മാത്രമാണ് പ്രതി. കൊലപാതകം നടന്ന് അറുപത് ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 30 ശാസ്ത്രീയ തെളിവുകളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. ചെന്താമര ഇരുവരെയും വെട്ടാനുപയോഗിച്ച കൊടുവാളിന്‍റെ മരത്തടി കൊണ്ടുള്ള പിടിയിൽ കൊല്ലപ്പെട്ടവരുടെയും പ്രതിയുടെയും ഡി.എൻ.എ ലഭിച്ചിരുന്നു. ഒപ്പം കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ കുടങ്ങിയ തുണിക്കഷ്ണത്തിൽ നിന്ന് കൊല്ലപ്പെട്ടവരുടെ രക്തക്കറയും കിട്ടിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്താമര പിടിയിലായത്. പൊലീസ് നാട്ടുകാരുമായി ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് ഇയാൾ വീട്ടിലേക്കെത്തുന്ന വഴിയിൽ വെച്ച് പിടികൂടിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.
തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം.ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

