കൂസലില്ലാതെ ഇരട്ടക്കൊല വിവരിച്ച് ചെന്താമര; പോത്തുണ്ടിയിലെത്തിച്ച് തെളിവെടുത്തു
text_fieldsപാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊല ചെയ്തതും തുടർന്ന് ഒളിവിൽ പോയതുമെല്ലാം പ്രതി പൊലീസിനോട് വിവരിച്ചു. കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. നാളെ മൂന്ന് മണി വരെയാണ് ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഉച്ചക്ക് 12ഓടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്തേക്കാണ് പൊലീസ് ചെന്താമരയെ ആദ്യം കൊണ്ടുപോയത്. വെട്ടിക്കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഒരു കൂസലുമില്ലാതെ പ്രതി വിവരിച്ചു. തുടർന്ന് ഒളിവിൽ കഴിഞ്ഞ കനാലും ഇയാൾ പൊലീസിന് കാണിച്ചുകൊടുത്തു.
നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യത മുൻനിർത്തി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. നാട്ടുകാരെ തെളിവെടുക്കുന്ന ഇടങ്ങളിലേക്ക് വരാൻ അനുവദിച്ചില്ല. ഡ്രോൺ നിരീക്ഷണവുമുണ്ടായിരുന്നു. 300ലേറെ പൊലീസുകാരെയാണ് സുരക്ഷക്കായി മേഖലയിൽ നിയോഗിച്ചത്. തെളിവെടുപ്പിന് ശേഷം ചെന്താമരയെ ആലത്തൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയും നാളെയും കൂടുതല്‍ ചോദ്യം ചെയ്യൽ നടക്കും.
ജനുവരി 27ന് രാവിലെയാണ് അയൽവാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്തമാര പിടിയിലായത്. 2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് ഇയാൾ. ഇപ്പോൾ കൊല്ലപ്പെട്ട സുധാകരൻ സജിതയുടെ ഭർത്താവാണ്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
തന്നെ നൂറ് വർഷമെങ്കിലും ജയിലിലടക്കൂവെന്നാണ് കഴിഞ്ഞ ബുധനാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ചെന്താമര പറഞ്ഞത്. മകൾ എൻജിനീയറാണ്. മരുമകൻ ക്രൈംബ്രാഞ്ചിലാണ്. മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ല. എത്രയും വേഗം ശിക്ഷിക്കൂവെന്നും ചെന്താമര പറഞ്ഞിരുന്നു. അതേസമയം, ചെയ്ത കൊലപാതകങ്ങളിൽ ഒരു കുറ്റബോധവും ഇയാൾക്കില്ലെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.