നെന്മാറ ഇരട്ടക്കൊലക്കേസ്: പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ച 14 പേർക്കെതിരെ കേസ്
text_fieldsപാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിേഷധിച്ചവർക്കെതിരെ കേസെടുത്തു. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും തകർത്തതിനാണ് കേസ്. സി.സി.ടി.വി ദൃശ്യങ്ങള് പരിശോധിച്ചതിന് ശേഷമാണ് കേസ് എടുത്തിരിക്കുന്നത്.
ഇതിനിടെ, പ്രതി ചെന്താമരയെ പുറത്തുവിടാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ പത്തിനാണ്. കൊല ചെയ്തശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്കു പോയി. രണ്ടു ദിവസം അവിടെ നിന്നു. പൊലീസിന്റെ പരിശോധന ഇയാൾ നിരീക്ഷിച്ചുവരുകയായിരുന്നു.
ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാൻ കാരണം. ജാമ്യത്തിലിറങ്ങിയശേഷം പാറമടയിലെ സെക്യൂരിറ്റി ജോലിയായിരുന്നു. രണ്ടു മാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനുശേഷമാണ് നാട്ടിലേക്കു വന്നത്. പുതിയ ജോലി കിട്ടിയശേഷം ഇവിടെനിന്ന് പോകാനായിരുന്നു തീരുമാനം. പ്രതിക്ക് മൂന്ന് ഫോൺ ഉണ്ടെന്നും എസ്.പി അജിത് കുമാർ പറഞ്ഞു.
ഇരട്ടക്കൊല ആസൂത്രിതമാണെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെന്താമര ആയുധങ്ങൾ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് ആയുധം വാങ്ങിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെളിവെടുപ്പിലേ വ്യക്തമാകൂ. കടുവയെപ്പോലെ പതിഞ്ഞിരുന്ന് വ്യക്തമായ ആസൂത്രണത്തോടെയാണ് ചെന്താമര കൃത്യം നിർവഹിച്ചത്. ചെയ്യുന്ന കാര്യങ്ങൾ ആത്മവിശ്വാസത്തോടെയും കൃത്യമായും നടപ്പാക്കാൻ അയാൾക്കറിയാം. കുറ്റകൃത്യത്തിൽ പ്രതിക്ക് കുറ്റബോധമില്ല. കൃത്യം നടത്തിയതിൽ സന്തോഷവാനുമാണ്. കൂടുതൽ പേരെ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

