ചെന്താമര പദ്ധതിയിട്ടത് അഞ്ചിലേറെ പേരെ കൊല്ലാൻ; മൊഴികൾ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് പൊലീസ്
text_fieldsനെന്മാറ: പിടിയിലായ ചെന്താമര അഞ്ചിലധികം പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിൽ അയാളുടെ ഭാര്യ, മകൾ, മരുമകൻ, അയൽവാസികൾ എന്നിവരുൾപ്പെടും. ആസൂത്രണബുദ്ധിയോടെയാണ് ഓരോ പ്രവർത്തനവും ചെന്താമര നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു. മന്ത്രവാദിയെ കണ്ടിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ജയിലിൽ ജോലി ചെയ്ത് ലഭിച്ച പണം ഉപയോഗിച്ചാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്. വൈരുധ്യമുള്ള മൊഴികളാണ് ചെന്താമര നൽകുന്നതെന്നും നെന്മാറ പൊലീസ് പറയുന്നു.
ചെന്താമരയെ പുറത്തുവിട്ടാൽ തങ്ങളെയെല്ലാവരെയും കൊല്ലുമെന്നാണ് നാട്ടുകാർ പറയുന്നത്. തൂക്കിലേറ്റണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില പറയുന്നു. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് വീണ്ടും പുറത്തുവന്ന് നാട്ടുകാരെ വകവരുത്താനുള്ള ശ്രമത്തിന് പൊലീസ് കൂട്ടുനിൽക്കരുതെന്ന് ബോയൻ നഗർ സ്വദേശിനി വസന്ത പറഞ്ഞു. ചെന്താമര ഭാര്യയെ രണ്ടിലധികം തവണ കൊലപ്പെടുത്താൻ ശ്രമിച്ചതായി ഭാര്യയുടെ ബന്ധുക്കൾ പറഞ്ഞു. ചെന്താമരയുടെ ആക്രമണത്തിൽനിന്ന് രക്ഷതേടി അയൽവീടുകളിലേക്കാണ് ഭാര്യ ഓടിരക്ഷപ്പെട്ടിരുന്നതെന്നും അവർ വ്യക്തമാക്കി.
ഇരട്ടക്കൊല പുനരാവിഷ്കരിക്കും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമര (54) കൊടും കുറ്റവാളിയാണെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി അജിത്കുമാർ. പൊലീസിന്റെ തിരച്ചിൽ ഉൾപ്പെടെ നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഇയാൾക്ക് രണ്ടു ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചതെന്നും വാർത്തസമ്മേളനത്തിൽ എസ്.പി വ്യക്തമാക്കി. പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയായശേഷമാണ് എസ്.പി മാധ്യമങ്ങളെ കണ്ടത്. അഞ്ചു ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇരട്ടക്കൊല പുനരാവിഷ്കരിക്കുമെന്നും എസ്.പി പറഞ്ഞു.
ഇരട്ടക്കൊല ആസൂത്രിതം
ഇരട്ടക്കൊല ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം. ചെന്താമര ആയുധങ്ങൾ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് ആയുധം വാങ്ങിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെളിവെടുപ്പിലേ വ്യക്തമാകൂ. കടുവയെപ്പോലെ പതിഞ്ഞിരുന്ന് വ്യക്തമായ ആസൂത്രണത്തോടെയാണ് ചെന്താമര കൃത്യം നിർവഹിച്ചത്. ചെയ്യുന്ന കാര്യങ്ങൾ ആത്മവിശ്വാസത്തോടെയും കൃത്യമായും നടപ്പാക്കാൻ അയാൾക്കറിയാം. കുറ്റകൃത്യത്തിൽ പ്രതിക്ക് കുറ്റബോധമില്ല. കൃത്യം നടത്തിയതിൽ സന്തോഷവാനുമാണ്. കൂടുതൽ പേരെ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
മന്ത്രവാദമെന്ന് ഉറപ്പില്ല
കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തോട് ചെന്താമരക്ക് വൈരാഗ്യമുണ്ടായിരുന്നു. അയൽക്കാർ മന്ത്രവാദം ചെയ്തതുകൊണ്ടാണ് ഭാര്യ തന്നെ വിട്ടുപോയതെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, മന്ത്രവാദമാണ് കൊലപാതകത്തിനു പിന്നിലെന്ന് ഉറപ്പിക്കാനായിട്ടില്ല. മന്ത്രവാദം കൊലപാതകത്തിന്റെ കാരണങ്ങളിലൊന്നാണ്. മറ്റു കാരണങ്ങൾ അന്വേഷിക്കും. ഇയാൾക്കു കുറ്റകൃത്യം ചെയ്യാനോ രക്ഷപ്പെടാനോ ആരുടെയും സഹായം കിട്ടിയിട്ടില്ല.
വഴിതെറ്റിക്കാൻ വിഷക്കുപ്പി
ചെന്താമര വിഷം കുടിച്ചതായി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്താനായില്ല. വിഷക്കുപ്പി ഉപേക്ഷിച്ചത് പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്ന് കരുതുന്നു. ഒരു മാസമായി ഇയാൾ വീട്ടിലുണ്ടായിരുന്നു. കുറെ കാര്യങ്ങൾ ചെന്താമര പറയുന്നുണ്ടെങ്കിലും പരിശോധിച്ചശേഷമേ ഉറപ്പിക്കാനാകൂ. പ്രതി ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുണ്ട്. പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാനാകുന്നില്ല.
ചോദിച്ചത് ചിക്കനും ചോറും
പാലക്കാട്: ലോക്കപ്പിലെത്തിച്ചപ്പോൾ പ്രതി ആദ്യം ആവശ്യപ്പെട്ടത് ചിക്കനും ചോറും. ഉടൻതന്നെ പൊലീസ് തൊട്ടടുത്ത മെസ്സിൽനിന്ന് ഇഡലിയും ഓംലറ്റും വാങ്ങി നൽകി. അതിക്രൂരമായ കൊല നടത്തിയ പ്രതി വളരെ ആസ്വദിച്ചാണ് ഭക്ഷണം കഴിച്ചത്. പൊലീസുകാരുടെ ചോദ്യങ്ങൾക്ക് വളരെ വിശദമായിതന്നെ പ്രതി മറുപടി പറയുന്നുണ്ടായിരുന്നു.
വീടിനു സമീപമെത്തി; പിടിച്ചു
പല സ്ഥലങ്ങളിൽനിന്നായി കിട്ടിയ വിവരങ്ങളനുസരിച്ച് പലയിടത്തും ചെന്താമരക്കായി പൊലീസ് തിരച്ചിൽ നടത്തി. എന്നാൽ, ഇയാളുടെ വീടിനടുത്തുള്ള പാടത്തുനിന്നാണ് ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. വിശപ്പ് സഹിക്കാനാകാതെയാണ് ഇയാൾ കാടിറങ്ങി വീട്ടിലേക്കു വന്നതെന്നു കരുതുന്നു.
രാവിലെ പത്തോടെയാണ് പ്രതി ഇരട്ടക്കൊല നടത്തിയശേഷം വേലി ചാടിക്കടന്ന് കാട്ടിലേക്കു പോയത്. വേലി ചാടിക്കടന്നപ്പോഴുണ്ടായ ചെറിയ പരിക്കുകൾ ദേഹത്തുണ്ട്. സ്ഥലത്തെക്കുറിച്ച് പ്രതിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.
അതിവേഗം ശിക്ഷ ഉറപ്പാക്കും
പ്രതിയെ പുറത്തുവിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കും. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ പത്തിനാണ്. കൊല ചെയ്തശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്കു പോയി. രണ്ടു ദിവസം അവിടെ നിന്നു. പൊലീസിന്റെ പരിശോധന ഇയാൾ നിരീക്ഷിച്ചുവരുകയായിരുന്നു.
ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാൻ കാരണം. ജാമ്യത്തിലിറങ്ങിയശേഷം പാറമടയിലെ സെക്യൂരിറ്റി ജോലിയായിരുന്നു. രണ്ടു മാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനുശേഷമാണ് നാട്ടിലേക്കു വന്നത്. പുതിയ ജോലി കിട്ടിയശേഷം ഇവിടെനിന്ന് പോകാനായിരുന്നു തീരുമാനം. പ്രതിക്ക് മൂന്ന് ഫോൺ ഉണ്ടെന്നും എസ്.പി അജിത് കുമാർ പറഞ്ഞു.
കാട്ടാനയുടെ മുന്നിൽപെട്ടെന്ന് ചെന്താമര
പാലക്കാട്: ഒളിവിൽ കഴിയവേ താൻ കാട്ടാനയുടെ മുന്നിൽപെട്ടെന്ന് പ്രതി ചെന്താമര പൊലീസിനെ അറിയിച്ചു. എന്നാൽ, ആന ആക്രമിച്ചില്ലെന്ന് അയാൾ മൊഴി നൽകി. മലക്കു മുകളിൽ പൊലീസ് ഡ്രോൺ പറക്കുന്നത് കണ്ടു. ഡ്രോൺ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചിൽ സംഘത്തെ കണ്ടെന്നും മൊഴിയിലുണ്ട്. ചെന്താമരയുടെ മൊഴികൾ പൂർണമായി വിശ്വാസത്തിലെടുക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

