നെന്മാറ ഇരട്ടക്കൊല; കോടതി വിധിയിൽ സന്തോഷം, ചെന്താമര മരിക്കുന്നതു വരെ പേടി മാറില്ലെന്ന് സുധാകരന്‍റെ മക്കൾ
text_fieldsനെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി സുധാകരന്‍റെ മക്കൾ. കോടതിയിൽ വിശ്യാസം ഉണ്ടായിരുന്നെന്നും അത് യാഥാർത്യമായെന്നും സുധാകരന്‍റെ മക്കൾ പറഞ്ഞു. കോടതിവിധിയിൽ സന്തോഷമാണെന്നും കുടുംബം പ്രതികരിച്ചു.
എല്ലാവർക്കും നന്ദി അറിയിക്കുകയാണ്, അയാൾക്ക് വധശിക്ഷ ലഭിച്ചെങ്കിലും മരിക്കുന്നതു വരെ പേടി മാറില്ലെന്നും കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ പറഞ്ഞു. കുട്ടികളെ സർക്കാർ ഏറ്റെടുക്കണെമെന്ന് സജിതയുടെ സഹോദരി പറഞ്ഞു. ചെന്താമര ജീവിച്ചിരിക്കുന്നതു വരെ ഭയമാണെന്നും നെന്മാറയിലേക്ക് ഇനിയൊരിക്കലും മക്കളെ വിടില്ലെന്നും സജിതയുടെ സഹോദരി പ്രതികരിച്ചു. കോടതി കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾക്ക് സർക്കാർ ജോലിയും കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്താമര പിടിയിലായത്.
2019ല്‍ സുധാകരന്‍റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്‍റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതി കുറ്റക്കാരനെന്ന് ദിവസങ്ങൾക്ക് മുമ്പ് കോടതി കണ്ടെത്തിയിരുന്നു. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കഴിഞ്ഞ ദിവസം കോടതിയിൽ വിചാരണക്ക് കൊണ്ടുവരുമ്പോൾ യാതൊരു മാനസാന്തരവുമില്ലാതെയായിരുന്നു ചെന്താമരയുടെ പെരുമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

