Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഉണ്ണിത്താന്റെ ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് വിളമ്പാതിരിക്കുന്നതാണ് നല്ലത്’; രൂക്ഷ വിമർശനവുമായി നേമം ഷജീർ

text_fields
bookmark_border
‘ഉണ്ണിത്താന്റെ ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് വിളമ്പാതിരിക്കുന്നതാണ് നല്ലത്’; രൂക്ഷ വിമർശനവുമായി നേമം ഷജീർ
cancel

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോരിനിടെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീർ. പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ഉണ്ണിത്താൻ യൂത്ത് കോൺഗ്രസിനെ ഉപദേശിക്കാൻ വരേണ്ടതില്ലെന്ന് ഷജീർ പറഞ്ഞു. ഉണ്ണിത്താന്റെ മുൻകാല ചരിത്രം തങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും കൈവശമുള്ള ഡയറി പുറത്തുവിടണമെന്നാണ് തങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായ സൈബർ ആക്രമണങ്ങൾ തുടർന്നാൽ കൈവശമുള്ള ഡയറി തുറക്കേണ്ടിവരുമെന്ന ഉണ്ണിത്താന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഷജീറിന്റെ പ്രതികരണം. യൂത്ത് കോൺഗ്രസിനെ വെല്ലുവിളിക്കാൻ ഉണ്ണിത്താൻ വളർന്നിട്ടില്ലെന്നും നിലക്ക് നിൽക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും ഷജീർ പറഞ്ഞു.

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ചോര ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചയാളാണ് ഉണ്ണിത്താൻ. എന്നാൽ, പിന്നീട് കൊലപാതകത്തിന് കൂട്ടുനിന്ന സി.പി.എമ്മുകാർക്കായി അഭിഭാഷകനെ നിയോഗിച്ചത് ഉണ്ണിത്താനാണെന്നും ഷജീർ ആരോപിച്ചു. ഉണ്ണിത്താനൊപ്പം നടക്കുന്നവരെ എന്തിന്റെ പേരിലാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവർഷത്തിനിടെ പാർട്ടിക്കുവേണ്ടി ഉണ്ണിത്താൻ എന്താണ് ചെയ്തതെന്നും സമരരംഗത്ത് അദ്ദേഹം എവിടെയായിരുന്നുവെന്നും ഷജീർ ചോദിച്ചു. പൊലീസിന്റെ മർദനമേറ്റും ജയിലിൽ കിടന്നും സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരിഞ്ഞുനോക്കാൻപോലും അദ്ദേഹം തയാറായിട്ടില്ല. സർക്കാറിനെ അധികാരത്തിലെത്തിക്കാൻ ചോര കൊടുത്ത് പോരാടിയവരാണ് യൂത്ത് കോൺഗ്രസുകാരെന്നും ഷജീർ പറഞ്ഞു.

നേരത്തേ, നേമം ഷജീറിന്റെ പേരെടുത്ത് പറയാതെ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. അപ്പപ്പോൾ കാണുന്നവനെ അപ്പനെന്ന് വിളിക്കുന്ന ചിലരുണ്ടെന്നും രമേശ് ചെന്നിത്തലക്കൊപ്പം നിന്നയാൾ പിന്നീട് സ്ഥാനമാനങ്ങൾക്കായി ഗ്രൂപ്പ് മാറിയെന്നുമായിരുന്നു ഉണ്ണിത്താന്റെ വിമർശനം. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എത്രാം സ്ഥാനത്താണ് എത്തിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

കുണ്ടറയിൽ നാൽപതിനായിരം വോട്ടിന് തോറ്റയാളാണ് തന്നെ ഉപദേശിക്കാൻ വരുന്നതെന്നായിരുന്നു ഷജീറിന്റെ മറുപടി. ഉണ്ണിത്താനെപ്പോലെ വിവിധ മണ്ഡലങ്ങളിൽ നാലഞ്ചുതവണ മത്സരിച്ച് തോറ്റ ചരിത്രം തനിക്കില്ല. പാർട്ടി നിർദേശപ്രകാരമാണ് നേമത്ത് മത്സരിച്ചതെന്നും കഴിഞ്ഞ പത്തുവർഷമായി സമരരംഗത്ത് സജീവമാണെന്നും ഷജീർ വ്യക്തമാക്കി.

ആർക്കാണ് പാർട്ടി വഞ്ചകനെന്നും വർഗ വഞ്ചകനെന്നുമുള്ള വിശേഷണം ചേരുകയെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. ഇത്തരം നേതാക്കളുടെ നിലപാടുകളാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഷജീർ കുറ്റപ്പെടുത്തി.

വ്യക്തിപരമായ അധിക്ഷേപങ്ങളും പാർട്ടിക്ക് തിരിച്ചടിയാകുന്ന പരസ്യപ്രസ്താവനകളും ഉണ്ണിത്താൻ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും പ്രതികരണവുമുണ്ടാകുമെന്നും ഷജീർ മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nemom Shajeer Slams Rajmohan Unnithan
Next Story