കൊച്ചിയില്‍ മനോവൈകല്യമുള്ള വീട്ടമ്മക്ക് ക്രൂര മര്‍ദനം- വിഡിയോ
text_fieldsകൊച്ചി/വൈപ്പിൻ: മനോവൈകല്യമുള്ള വീട്ടമ്മയെ ജനക്കൂട്ടം നോക്കിനിൽക്കെ അയൽവാസികളായ സ്ത്രീകൾ സംഘം ചേർന്ന് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പതിനാലുകാരിയായ മകളും മർദനത്തിനിരയായി. വീട്ടമ്മ തങ്ങളെ ആക്രമിച്ചു എന്നാരോപിച്ചായിരുന്നു മർദനം. വൈപ്പിൻ പള്ളിപ്പുറം കോൺവൻറിന് കിഴക്ക് വിയറ്റ്നാം കോളനിയിലെ കാവാലംകുഴി സിന്ഡ്രക്കാണ്(48) ക്രൂര മർദനമേറ്റത്. റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച് അവശയാക്കിയശേഷം ഇവരെ ചട്ടുകം ചൂടാക്കി കാൽവെള്ള പൊള്ളിക്കുകയും ചെയ്തു.
കേസിൽ അയല്‍വാസികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിലായി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി നടന്ന മർദനത്തിെൻറ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
ഭര്‍ത്താവ് ആൻറണി നല്കിയ പരാതിയില്‍ പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന് (47), അച്ചാരുപറമ്പില്‍ മോളി (44), പാറക്കാട്ടില് ഡീന (37) എന്നിവരെയാണ് മുനമ്പം െപാലീസ് അറസ്റ്റ് ചെയ്തത്. മുനമ്പം ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മയെ ചികിത്സ നല്കി വിട്ടു. മകള്‍ ശില്പക്കും (17) നിസ്സാര പരിക്കേറ്റിരുന്നു.
സമീപത്തെ ചായക്കടയിൽവെച്ച് മർദിച്ചശേഷം റോഡിലേക്ക് വലിച്ചിഴച്ച് രണ്ട് സ്ത്രീകൾ ചേർന്ന് വീണ്ടും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിെൻറയും പുരുഷന്മാരടക്കം നോക്കിനിൽക്കുന്നതിെൻറയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചലനമറ്റ് കിടക്കുന്ന സ്ത്രീയുടെ കാൽവെള്ളയിൽ ചട്ടുകം പഴുപ്പിച്ച് വെക്കുന്നതും കാണാം. അടിയേറ്റ് ഇവർ പാതവക്കില്‍ വീണു. എഴുന്നേറ്റ് പോകാനുള്ള ആക്രോശങ്ങള്‍ അവഗണിച്ചതിനാണ് കാല്പാദത്തില് ചട്ടുകം പഴുപ്പിച്ച് വെച്ചത്. തുടര്‍ന്ന് ഇവര്‍ പ്രാണരക്ഷാർഥം ഓടിയകന്നു. സിന്‍ഡ്ര ആക്രമിച്ചുവെന്നാരോപിച്ച് സമീപവാസികൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് വീട്ടമ്മയുടെ ഭർത്താവിെൻറ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
