വിദ്യാർഥിനിയെ അയൽവാസി യുവാവ് കുത്തിപ്പരിക്കേൽപിച്ചു
text_fieldsകരുവിശ്ശേരി (കോഴിക്കോട്): ബിരുദവിദ്യാർഥിനിയെ അയൽവാസിയായ യുവാവ് റോഡിൽ കുത്തിപ്പരിക്കേൽപിച്ചു. കരുവിശ്ശേരി തിരുത്തിയിൽ ക്ഷേത്രത്തിന് സമീപം ചിച്ചിനിപാട്ടുപറമ്പ് മുകേഷ് (31) ആണ് വിദ്യാർഥിനിയെ പൊട്ടിയ കുപ്പികൊണ്ട് കുത്തിയത്.
വ്യാഴാഴ്ച ഉച്ച 1.45ഒാടെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ ട്യൂഷന് പോകാനെരുങ്ങവെ സമീപത്തെത്തിയ യുവാവ് അകാരണമായി കുപ്പികൊണ്ട് വിദ്യാർഥിനിയുടെ ഹെൽമെറ്റിൽ ഇടിക്കുകയായിരുന്നു. ഇതോടെ വിദ്യാർഥിനി നിലത്തുവീണു. തെറിച്ചുവീണ ഹെൽമെറ്റ് കൊണ്ട് പലതവണ തലക്കടിച്ചു. കൈകൊണ്ട് അടി തടഞ്ഞപ്പോൾ പൊട്ടിയ കുപ്പികൊണ്ട് വിദ്യാർഥിനിയുടെ ഇടുപ്പിൽ കുത്തുകയായിരുന്നു.
കരച്ചിൽകേട്ട് മാതാവും നാട്ടുകാരും ഒാടിയെത്തിയപ്പോഴേക്കും അക്രമി ഒാടിമറഞ്ഞു. മുറിവേറ്റ വിദ്യാർഥിനി ബീച്ച് ആശുപത്രിയിൽ ചികിത്സതേടി. മൂന്ന് തുന്നലുണ്ട്. പ്രതി സമീപവാസികളുമായി അടുപ്പംപുലർത്താത്ത പ്രകൃതക്കാരനാണ്. ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്നും കുറ്റകൃത്യ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു.
ചേവായൂർ എസ്.െഎ ഇ.കെ. ഷിജു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. യുവാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
