Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്റുവിന്റെ...

നെഹ്റുവിന്റെ ശ്വാസംനിലപ്പിച്ചു, കെന്നത്ത് കൗണ്ട കൈയടിച്ച് തുള്ളിച്ചാടി; സർകസിലൂടെ അതിശയിപ്പിച്ച ജെമിനി ശങ്കരൻ

text_fields
bookmark_border
നെഹ്റുവിന്റെ ശ്വാസംനിലപ്പിച്ചു, കെന്നത്ത് കൗണ്ട കൈയടിച്ച് തുള്ളിച്ചാടി; സർകസിലൂടെ അതിശയിപ്പിച്ച ജെമിനി ശങ്കരൻ
cancel
പതിറ്റാണ്ടുകളായി കാണികളുടെ മനസ്സിൽ തമ്പടിച്ച സർകസ് ഇതിഹാസമാണ് ജെമിനി ശങ്കരൻ. ഇന്നലെ വിടപറഞ്ഞ അദ്ദേഹവുമായി നേരത്തെ മാധ്യമം ലേഖകൻ സന്ദീപ് ഗോവിന്ദ് നടത്തിയ സംഭാഷണം പുനപ്രസിദ്ധീകരിക്കുന്നു

ഉച്ചഭാഷിണികളിൽ സംഗീതം നിറച്ച് സർകസ് സംഘം യാത്ര തുടരുകയാണ്. കൂടാരങ്ങളിലെ മീനാറുകളിൽ പാറിപ്പറക്കുന്ന കൊടിക്കൂറ കണക്കെ കാണികളെ അവർ അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നാടും നഗരവും തമ്പുകൾ തേടിയെത്തുന്നു. ഇന്ത്യാവിഭജനകാലത്ത് കൊൽക്കത്തയിലെ തെരുവുകളിൽ പടർന്ന ചോര ഹൂഗ്ലിനദി ചുവപ്പിച്ചപ്പോഴും ജനം സഹിഷ്ണുതയോടെയും സ്നേഹത്തോടെയും ഒന്നിച്ചത് സർകസ് കൂടാരത്തിലാണ്. കൊള്ളയിലും കൊലയിലും മഹാനഗരം വിറങ്ങലിച്ചുനിന്നപ്പോൾ ജെമിനി ശങ്കരനെന്ന സർകസ് ഇതിഹാസത്തിന്റെ കൂടാരത്തിൽ ജനം സർകസിന്റെ സമാധാനമറിഞ്ഞു. കഥകളും കളികളും ഏറെയാണ്.

സർകസിന് പുറത്ത്

സർകസ് കാണണമെന്ന പൂതി കൊളശ്ശേരി മൈതാനത്ത് എത്തിച്ചു. ഒറ്റ തമ്പിലെ ചെറിയ സർകസാണ്. കണാരൻ സർകസും കിട്ടുണ്ണി സർകസും ഒരു കൊല്ലത്തെ ഇടവേളയിൽ എത്തി. ഒരണയുണ്ടെങ്കിൽ തറയിലിരുന്ന് കളി കാണാം. രണ്ടണക്ക് കസേര ലഭിക്കും. അന്ന് 16 അണ ചേർന്നാണ് ഒരുരൂപയെന്നോർക്കണം. ദിവസം രാത്രി ഒരു കളിമാത്രം.

വീട്ടിൽ ജോലിക്ക് വരുന്ന ആൾക്കൊപ്പമാണ് സർകസിെൻറ പെട്രോമാക്സ് വെളിച്ചം ലക്ഷ്യമാക്കി നടന്നത്. കുഞ്ഞുശങ്കരൻ തന്നെ പിന്തുടർന്ന് വന്നത് അയാൾ അറിഞ്ഞിരുന്നില്ല. ആദ്യ സർകസ് തന്നെ പാളി. ടിക്കറ്റില്ലാത്തതിനാൽ തമ്പിനകത്ത് കയറാനായില്ല. സംഘാടകർ പിടിച്ചുപുറത്താക്കി. സർകസ് കാണണമെന്ന മോഹം വീണ്ടും ബാക്കി. സംഭവം വീട്ടിലറിഞ്ഞപ്പോൾ ബഹളമായി. വഴക്കിനൊടുവിൽ ടിക്കറ്റെടുക്കാനുള്ള കാശും കൂടെ പോന്നു. അങ്ങനെയാണ് വീണ്ടും തമ്പ് തേടിയെത്തുന്നത്. പിറ്റേന്നുതന്നെ സർകസ് കാണാനെത്തി.

ഇലക്ട്രിസിറ്റിയൊന്നും ഇല്ലാത്ത കാലത്ത് ആളുകളെ ആകർഷിക്കാൻ സർകസുകാർ പാട്ടുപാടും. ആദ്യമായി കാണുന്നത് തലശ്ശേരിക്കാരുടെ മെട്രോ സർകസാണ്. തറയിൽ വയ്ക്കോലിട്ടാണ് ഇരിപ്പിടം. സിംഗിൾ ട്രപ്പീസും കത്തിയേറും ശ്വാസംപിടിച്ചു കണ്ടുതീർത്തു. എങ്ങനെയെങ്കിലും ഇത് പഠിച്ചെടുക്കണമെന്നായി മോഹം. സംഭവം ചൂടോടെ അച്ഛെൻറ മുന്നിൽ അവതരിപ്പിച്ചു. അങ്ങനെയാണ് തലശ്ശേരി കവളശ്ശേരി രാമന്റെയും മൂർക്കോത്ത് കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമനായ മൂർക്കോത്ത് വലിയവീട്ടിൽ ശങ്കരൻ അടിമുടി സർകസാകുന്നത്.

കീലേരിയുടെ ശിഷ്യൻ

സർകസിന്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ ശിഷ്യനായാണ് സർകസിലെത്തുന്നത്. സർകസ് പഠിക്കണമെന്ന മോഹം അച്ഛൻ വഴി കീലേരിയുടെ കളരിയിൽ എത്തിക്കുകയായിരുന്നു. അദ്ദേഹമന്ന് തലശ്ശേരി ബി.ഇ.എം.പി സ്കൂളിലെ ജിംനാസ്റ്റിക്സ് അധ്യാപകനാണ്. തലശ്ശേരിയിലെ പ്രധാന ജന്മിയായ പുല്ലമ്പിൽ മൂപ്പൻ നൽകിയ പറമ്പിലാണ് കളരി. പത്തു വയസ്സുകാരനെ അനുഗ്രഹിച്ച് അന്നുതന്നെ ശിഷ്യനാക്കി.

ചിറക്കരയിലെ വീട്ടിൽ ആറുമാസക്കാലം പരിശീലനം. ബാലൻസിങ്, മലക്കംമറിയൽ എന്നിവയിൽ ബാലപാഠം. കൊളശ്ശേരിയിൽനിന്ന് ചിറക്കരയിലെ കീലേരിയുടെ വീടുവരെ നടന്നാണ് എത്തുക. അൽപം മെയ്വഴക്കമായതോടെ കളരിയിലേക്ക് മാറി. 14 വയസ്സുവരെ അവിടെ തുടർന്നു. ഹൊറിസോണ്ടൽ ബാർ അടക്കം പരിശീലിച്ചു. പത്തുമുപ്പതുപേർ അന്ന് കളരിയുടെ ഭാഗമായുണ്ട്. അവരൊക്കെ പിന്നീട് സർകസുകളിൽ കൈയടിയേറിയ താരങ്ങളായി മാറി.

അനാദി കച്ചവടക്കാരൻ പട്ടാളത്തിൽ ചേരുന്നു

കീലേരിയുടെ ശിഷ്യനെ പിന്നീട് ജനങ്ങൾ കാണുന്നത് തലശ്ശേരി കെ.ആർ ബിസ്കറ്റ് കമ്പനിക്ക് സമീപത്തെ അനാദിക്കടയിലാണ്. ചേട്ടൻ നാരായണൻ പട്ടാളത്തിൽ ചേരാൻ പോയതിനെ തുടർന്ന് അദ്ദേഹം നടത്തിയിരുന്ന കട അച്ഛെൻറ നിർദേശപ്രകാരം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് സർകസ് വിട്ട് സാധനങ്ങൾ കെട്ടിക്കൊടുക്കാനെത്തുന്നത്. മൂന്നുവർഷം സ്വസ്ഥം കച്ചവടം. അങ്ങനെയിരിക്കെയാണ് രണ്ടാംലോക യുദ്ധകാലത്ത് കണ്ണൂർ ഡിഫൻസ് മൈതാനത്തിൽ ആർമി റിക്രൂട്ട്മെൻറ് വരുന്നത്. ഒരിഷ്ടം തോന്നിയപ്പോൾ കണ്ണൂരിലേക്ക് വെച്ചുപിടിച്ചു.

അന്നൊക്കെ ഓട്ടവും ചാട്ടവുമൊന്നുമില്ല. ആരോഗ്യം മാത്രം നോക്കി നേരിട്ട് നിയമനമാണ്. മദ്രാസ് റെജിമെൻറിൽ വയർലസ് ഒബ്സർവറായി ചേർന്നു. മദ്രാസിൽതന്നെയായിരുന്നു ഒരുവർഷത്തെ പരിശീലനവും. ഷൂട്ടിങ്ങും മറ്റും പഠിച്ചെടുത്തു. ശേഷം അലഹബാദിൽ ആറുമാസം വയർലസ് ഒബ്സർവർ കോഴ്സ്. തുടക്കത്തിൽ 18 രൂപയാണ് ശമ്പളം. 15 രൂപ അച്ഛന് അയച്ചുകൊടുക്കും. വയർലസ് ഒബ്സർവറായതോടെ ശമ്പളം ഇരട്ടിയിലധികമായി.

സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ യുദ്ധം മുറുകുേമ്പാഴും ശങ്കരെൻറ മനസ്സിൽ നിറയെ സർകസായിരുന്നു. യുദ്ധവിമാനങ്ങളുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്താൻ അന്ന് റഡാറുകളൊന്നും അധികമില്ല. ഒന്നുള്ളത് കൊൽക്കത്തയിലാണ്. വിമാനങ്ങളുടെ ഗതിയും വേഗവും കെണ്ടത്തേണ്ടത് വയർലസ് ഫോഴ്സിെൻറ ചുമതലയാണ്. കുന്നിനു താഴെ വയർലസ് സെറ്റ് സ്ഥാപിച്ച് ഒബ്സർവർമാർ ഉയരത്തിൽ കയറി വിമാനയൊച്ച ശ്രദ്ധിച്ചുവേണം വിവരം കൈമാറാൻ.

മൂന്നോ നാലോ വിമാനങ്ങൾ മാത്രമേ അന്ന് അതുവഴി വരാറുള്ളൂ. കൊൽക്കത്തക്കടുത്ത് ഡയമണ്ട് ഹാർബറിൽ ജപ്പാൻ വർഷിച്ച ബോംബ് പൊട്ടാതെ ചളിയിൽ പുതഞ്ഞത് അക്കാലത്താണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം പട്ടാളത്തിൽ തുടരുന്നുവോ എന്ന ചോദ്യത്തിന് ഉത്തരത്തെ കുറിച്ച് ആലോചിച്ചതുതന്നെ തലശ്ശേരിയിൽ കൽക്കരിത്തീവണ്ടിയിറങ്ങിയതിനു ശേഷമായിരുന്നു. പിന്നീട് കീലേരിയുടെ ശിഷ്യൻ രാമെൻറ കളരിയിൽ.

കൊൽക്കത്ത വിളിക്കുന്നു

സർകസുകാരുടെ ഏറെ ആരാധിക്കുന്ന നഗരമാണ് കൊൽക്കത്ത. ആ ആരാധനയിലേക്കാണ് ശങ്കരൻ എന്ന ബാർ പ്ലയർ എത്തുന്നത്. ബോസ് ലയൺ സർകസിൽ ഹൊറിസോണ്ടൽ ബാർ പ്ലയറായി തുടക്കം. അന്ന് കൊൽക്കത്തയിൽ ബാർ പ്ലയർമാർ അധികമില്ല. രാമേട്ടെൻറ കത്തുമായാണ് എത്തിയതെങ്കിലും ശിപാർശ ആവശ്യമില്ലാത്ത പ്രതിഭയാണെന്ന് തെളിയിക്കാൻ അധികകാലം വേണ്ടിവന്നില്ല.

300 രൂപയാണ് തുടക്ക ശമ്പളം. അന്ന് വലിയ സർക്കാർ ഉദ്യോഗസ്ഥർക്കുവരെ 100 രൂപയിൽ താഴെയാണ് ലഭിക്കുന്നത്. ഒരുവർഷം ബോസ് ലയണിൽ. പിന്നീട് തലശ്ശേരി സ്വദേശിയായ റയമണ്ട് ഗോപാലെൻറ റയമണ്ട് സർകസിൽ ഒന്നരക്കൊല്ലം. സർകസിനെ ഇത്രമേൽ നെഞ്ചേറ്റിയ നഗരം വേറെയില്ല. ഹൈക്ലാസ് ടിക്കറ്റുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോകും. ആൾക്കൂട്ടത്തെ പൊലീസിനുപോലും നിയന്ത്രിക്കാനാവില്ല.

ഭാര്യ ശോഭനയോടൊപ്പം ജെമിനി ശങ്കരൻ

സർക്കസ് വിൽക്കാനുണ്ട്... വാങ്ങിക്കുന്നോ? ഈ രണ്ടു വാക്കുകളിലൂടെ സ്നേഹിതൻ കുഞ്ഞിക്കണ്ണൻ സ്വന്തമായൊരു സർകസ് എന്ന മോഹത്തിന് തമ്പിടുകയായിരുന്നു. അങ്ങനെ ഏറെ തീവണ്ടിദൂരം അകലെയുള്ള പുണെയിലെത്തി. കുഞ്ഞിക്കണ്ണൻ അവിടെ മാനേജരായി ജോലിചെയ്യുന്നുണ്ട്. സർകസ് പോയിനോക്കിയപ്പോൾ ഇപ്പോൾ വിൽപനയില്ലെന്ന് മഹാരാഷ്ട്രക്കാരനായ ഉടമ മാമുവിെൻറ മറുപടി. ഒരാനയും രണ്ട് സിംഹവും മാത്രമുള്ള, തമ്പുകളെല്ലാം കീറി നശിച്ച് ശോഷിച്ച സർകസുമായി അധികകാലം അയാൾക്ക് പോകാനായില്ല.

വിൽപനക്ക് തയാറെന്നറിയിച്ചുകൊണ്ട് ടെലഗ്രാം സന്ദേശമെത്തി. അങ്ങനെ ആറായിരം രൂപക്ക് കച്ചവടമുറപ്പിച്ചു. 3000 രൂപ റൊക്കം നൽകി. ബാക്കി പണം ഒരുവർഷത്തിനിടയിലും. നാഷനൽ സർകസിൽ മാനേജരായി ജോലിചെയ്ത സുഹൃത്ത് സഹദേവനും പങ്കാളിയായി. പുതിയ തമ്പ്, മികച്ച കളിക്കാർ... ആകെ നവീകരണം. 1951 ആഗസ്റ്റ് 15ന് സ്വതന്ത്ര സർകസ് സംരംഭം പിറന്നു; ജെമിനി സർകസ്. സൂറത്തിനും ബറോഡക്കും ഇടയിൽ ബില്ലിമോറയിൽ ആദ്യ ഷോ.

നിറയെ കാണികളുമായി ജെമിനി ശങ്കരൻ എന്ന എക്കാലത്തെയും വലിയ ഷോമാനും അവിടെ പിറന്നു. തെൻറ നക്ഷത്രത്തെ അനുസ്‌മരിച്ചാണ് സർകസിന്‌ ജെമിനിയെന്ന പേര് നൽകിയത്. ഒരുമാസം ബില്ലിമോറയിൽ തങ്ങിയശേഷം പരിസര നഗരങ്ങളിലേക്ക്. ചിലയിടങ്ങളിൽ പ്രതീക്ഷിച്ചത്ര കാണികളെ ലഭിക്കാത്തതിനാൽ ഏറെ കഷ്ടപ്പെട്ടു. ആ വർഷം 1954 ഒക്ടോബർ മാസത്തിൽ ദീപാവലിക്ക് അഹ്മദാബാദിൽ പ്രദർശനം. നല്ല കലക്ഷൻ. കെട്ടിലും മട്ടിലും ജെമിനി വലിയ സർകസായി. സൂറത്ത്, പുണെ, മദ്രാസ്, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ ജെമിനിക്ക് നിറഞ്ഞ കൈയടി.

അഞ്ചു വർഷം കഴിഞ്ഞപ്പോൾ ബംഗാളിയായ ഉടമയിൽനിന്ന് ജംബോ സർകസ് വാങ്ങിച്ചു. ഒരു ഗാന്ധിജയന്തി ദിനത്തിൽ പട്നക്കടുത്ത് ദനാപൂരിൽ ആദ്യ കളി. ഗാന്ധിയൻ ആദർശങ്ങൾ മനസ്സിലുള്ളതിനാൽ പുതിയ സർകസിെൻറ തുടക്കം മഹാത്മാവിെൻറ ജന്മദിനത്തിലാകണമെന്ന് കരുതിയിരുന്നു. തുടക്കത്തിൽ കാഴ്ചക്കാരെ അതിശയിപ്പിക്കാൻ ശങ്കരേട്ടനും സർകസ് അവതരിപ്പിച്ചിരുന്നു. ജെമിനിയെപോലെ ജംേബായും വലിയ സർകസായി.

നെഹ്റുവിന്റെ ശ്വാസംനിലപ്പിച്ച പ്രകടനം

1962ലാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സർകസ് കാണാൻ ഡൽഹിയിൽ എത്തുന്നത്. ഡൽഹിയിലെ ഷോ ഉദ്ഘാടനം ചെയ്യാനും സർകസ് കാണാനുമായി നെഹ്റുവിനെ ക്ഷണിക്കാൻ ചെല്ലുേമ്പാൾ വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. വിജയലക്ഷ്മി പണ്ഡിറ്റിനും ഇന്ദിര ഗാന്ധിക്കും ഒപ്പം പറഞ്ഞതിലും നേരത്തേ സർകസ് കാണാൻ നെഹ്റുവെത്തി. ആദ്യമായാണ് അദ്ദേഹത്തിന് ഇത്തരമൊരു അനുഭവം. ട്രപ്പീസിലെയും ജീപ്പ് ജംപിങ്ങിലെയും അപകടകരവും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനങ്ങളിൽ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നിയെന്നും നമ്മുടെ രാജ്യത്തും ഇത്തരം സർകസുകളുണ്ടായതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞത് ശങ്കരേട്ടൻ ഇന്നും മനസ്സിൽ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. സർകസ് താരങ്ങൾെക്കാപ്പം ഏറെനേരം ചെലവഴിച്ചാണ് നെഹ്റു മടങ്ങിയത്.

സാഹസിക രംഗങ്ങളിൽ എഴുന്നേറ്റുനിന്ന്‌ കുട്ടിയെപ്പോലെ കൈയടിച്ച് തുള്ളിച്ചാടുന്ന സാംബിയൻ പ്രസിഡൻറ് കെന്നത്ത്‌കൗണ്ട മറ്റൊരു ഓർമയും അംഗീകാരവുമാണ്. സക്കീർ ഹുസൈൻ, ലാൽ ബഹദൂർ ശാസ്ത്രി, എസ്. രാധാകൃഷ്ണൻ, മാർട്ടിൻ ലൂഥർ കിങ്, ലേഡി മൗണ്ട് ബാറ്റൺ, ദലൈലാമ, ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിൻ, വാലൻറീന തെരഷ്‌കോവ തുടങ്ങി വിവിധ മേഖലയിലുള്ളവർ സർടസ് കാണാനും ശങ്കരനെ അഭിനന്ദിക്കാനുമെത്തി. രാജ്കപൂറിെൻറ മേരാനാം ജോക്കർ ബോംെബയിൽ ജെമിനി സർകസിലാണ് ചിത്രീകരിച്ചത്. കമൽഹാസെൻറ അപൂർവ സഹോദരങ്ങൾക്കും ശങ്കരേട്ടൻ തമ്പൊരുക്കി.

എന്നും സഞ്ചാരി

ഇറാൻ, ഇറാഖ്, ശ്രീലങ്ക, ഗൾഫ്, ജപ്പാൻ, ഹോങ്കോങ്, റഷ്യ, ആഫ്രിക്ക, ഇറ്റലി തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ജെമിനി ശങ്കരൻ തമ്പുയർത്തി. സഞ്ചരിക്കാത്ത രാജ്യങ്ങളോ അഭിനന്ദനം അറിയിക്കാത്ത ഭരണാധികാരികളോ ഇല്ലെന്നുതന്നെ പറയാം. യാത്രകളിലെല്ലാം ശങ്കരൻ എന്ന പരിഷ്കാരി സർകസിനായി പുതിയ ആശയങ്ങൾ തിരഞ്ഞു. 1957ൽ ജെമിനിയിലാണ് ആദ്യമായി ജീപ്പ് ജംപിങ് വിജയകരമായി പരീക്ഷിച്ചത്. കറങ്ങുന്ന ഗ്ലോബിനകത്ത് ഒന്നിലേറെ മോട്ടോർ സൈക്കിളുകളുടെ ഇരമ്പൽ കേട്ടതും ഇവിടെത്തന്നെ. 18 ആന, 40 സിംഹം, 15 നരി, കരടി, ഉറാങ്ങുട്ടാൻ, ഗറില തുടങ്ങി കുറുക്കൻവരെ നീണ്ട മൃഗങ്ങളുടെ നിര സർകസിലുണ്ടായിരുന്നു.

ചൈന, ഇറ്റലി, ബെൽജിയം, ജർമനി, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും അണിനിരത്തി. സർകസിൽ മൃഗങ്ങൾക്ക് നിയന്ത്രണം വന്നതോടെ വയനാട്ടിൽ അവർക്കായി പ്രത്യേകം വാസസ്ഥലമൊരുക്കിയാണ് സംരക്ഷിച്ചത്. പിന്നീടിവയെ വനം വകുപ്പിന് കൈമാറി.

1990കളുടെ തുടക്കത്തിലാണ് ശങ്കരേട്ടൻ സജീവ സർകസ് ജീവിതത്തിൽനിന്നും വിശ്രമമെടുക്കുന്നത്. എന്നാൽ, ആധുനിക ഇന്ത്യൻ സർകസിെൻറ ചരിത്രം ജമിനി ശങ്കരനെന്ന പേരിനൊപ്പം കൂടാരമുയർത്തി നിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruCircusGemini Sankaran
News Summary - Nehru's breath held, Kenneth Kaunda clapped and jumped; Gemini Sankaran surprised with circus
Next Story