വിവാദമൊഴിയാതെ നെഹ്‌റു ട്രോഫി ജലോത്സവം; രണ്ട് ടീമുകൾ ഹൈകോടതിയിൽ
text_fieldsആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ ഒഴിയാതെ വിവാദം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സര്‍ക്കാര്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിവാദം കത്തി നല്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം. ടീമുകൾ അവസാനവട്ട പരിശീലനം തുടരുന്നതിനിടെ തുഴയെ ചൊല്ലിയാണ് തർക്കം ഉയർന്നത്.
പനകൊണ്ടുള്ള തുഴ നിർബന്ധമാക്കിയ ജില്ല കലക്ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവാണ് തർക്കത്തിനിടയാക്കിയത്. ഇത്രയും നാൾ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയാറല്ല. പൊലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്‍റ് ജോണ്‍സ് തെക്കേക്കര ക്ലബിന്‍റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയെ സമീപിച്ചത്.
നെഹ്‌റു ട്രോഫി മാർഗനിർദേശ പ്രകാരമാണ് പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയതെന്നാണ് കമ്മിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം നടന്ന ക്ലബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തർക്കം ഉയര്‍ന്നിരുന്നു.