മത്സരം തീപാറി; ആവേശം അണപൊട്ടി
text_fieldsനെഹ്റു ട്രോഫി വള്ളംകളിയുടെ ആരവത്തിൽ ആവേശഭരിതരായ കാണികൾ
ആലപ്പുഴ: നെഹ്റുട്രോഫിയിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരം തീപാറി. ആരെയും ത്രസിപ്പിക്കുന്നതായിരുന്നു ഫൈനൽ. മഹാദേവികാട് കാട്ടിൽ തെക്കേതിൽ, നടുഭാഗം, വീയപുരം, ചമ്പക്കുളം ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആവേശം ഇരട്ടിയാക്കി.
സ്റ്റാർട്ടിങ് പോയന്‍റ് മുതൽ പോരാട്ടവീര്യം പുറത്തെടുത്തായിരുന്നു മത്സരം. അവസാനനിമിഷംവരെ അമരക്കാരും തുഴച്ചിലുകാരും കൈയും മെയ്യും മറന്ന് പോരാടിയപ്പോൾ മത്സരം ഫോട്ടോഫിനിഷിലേക്ക് വഴിമാറി. ജനസമുദ്രമായി മാറിയ കാണികളെ സാക്ഷിയാക്കി മഹാദേവികാട് കാട്ടിൽ തെക്കെതിൽ ചുണ്ടൻ ഒന്നാമതെത്തി.
തൊട്ടുപിന്നിലായി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നടുഭാഗം രണ്ടാമത് എത്തിയത്. ഒപ്പത്തിനൊപ്പമെന്ന പ്രതീതി സൃഷ്ടിച്ച് വീയപുരം മൂന്നാമതുമെത്തി. ചമ്പക്കുളം മൂലം വള്ളംകളിയിൽ ജേതാക്കളായ പൊലീസ് ബോട്ട് ക്ലബ് കീരിടപ്രതീക്ഷയിൽ മത്സരിച്ചെങ്കിലും നാലാമതെത്തി. യന്ത്രവത്കൃത സ്റ്റാർട്ടിങ് സംവിധാനവും മത്സരത്തിന് സമയക്രമം പാലിച്ചതിനാലും ചെറുവള്ളങ്ങളുടേതടക്കം കൃത്യസമയത്ത് പൂർത്തീകരിക്കാനായി. വെയിൽമാറും മുമ്പ് ഫൈനൽമത്സരം നടത്താനായെന്നതും നേട്ടമായി.
വള്ളംകളിക്കിടെ നടത്തിയ വിനോദ പരിപാടികളിൽ നിന്ന്
ചെറുവള്ളങ്ങളുടെ മത്സരഫലം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ: വനിതകളുടെ തെക്കനോടി (തറ) സാരഥി (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ), കാട്ടിൽതെക്കതിൽ (ജനത മെമ്മോറിയൽ ബോട്ട് ക്ലബ്), ദേവാസ് (ഹരിത കർമസേന ആലപ്പുഴ). ഇരുട്ടുകുത്തി എ ഗ്രേഡ്: മൂന്നു തൈക്കൻ (ആർപ്പൂക്കര ബോട്ട് ക്ലബ്), തുരുത്തിത്തറ (ബ്രദേഴ്സ് ബോട്ട് ക്ലബ് കുമരകം), മാമ്മൂടൻ (പരിപ്പ് ബോട്ട് ക്ലബ് കോട്ടയം). ഇരുട്ടുകുത്തി ബി ഗ്രേഡ്: തുരുത്തിപ്പുറം (തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളം), പൊഞ്ഞനത്തമ്മ നമ്പർ 1 (യുവജന കലാസമിതി തൃശൂർ), സെന്‍റ് സെബാസ്റ്റ്യൻ നമ്പർ 1 (ഇൻലാൻഡ് ബോട്ട് റോവേഴ്സ് അസോസിയേഷൻ).
ഇരുട്ടുകുത്തി സി ഗ്രേഡ്: ഗോതുരുത്ത് (ജിബിസി ഗോതുരുത്ത്), ഇളമുറത്തമ്പുരാൻ പമ്പാവാസൻ (ബിബിസി ഇല്ലിക്കൽ, ഇരിങ്ങാലക്കുട), ശ്രീമുരുകൻ (സാരംഗി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, ഉദയംപേരൂർ).
ചുരുളൻ: കോടിമത (കൊടുപ്പുന്ന ബോട്ട് ക്ലബ് എടത്വ), വേലങ്ങാടൻ (യുവ ബോട്ട് ക്ലബ്),വേങ്ങയിൽ പുത്തൻവീട് (ലൂണ കുരമാടി).
വെപ്പ് ബി ഗ്രേഡ്-: ചിറമേൽ തോട്ടുകടവൻ (എസ്.എസ്.ബി.സി കുമരകം), പുന്നത്ര പുരയ്ക്കൽ (വരമ്പിനകം ബോട്ട് ക്ലബ് ചീപ്പുങ്കൽ), പി.ജി കരിപ്പുഴ (യുവശക്തി ബോട്ട് ക്ലബ് കുമരകം).
വെപ്പ് എ ഗ്രേഡ്: മണലി (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ), ഷോട്ട് പുളിക്കത്തറ (വാരിയേഴ്സ് ബോട്ട് ക്ലബ് കൈനകരി), അമ്പലക്കടവൻ (താന്തോന്നിത്തുരുത്ത് ബോട്ട് ക്ലബ്). തെക്കനോടി കെട്ട്(വനിതകൾ): കാട്ടിൽ തെക്കേതിൽ (വിമെൻസ് ബോട്ട് ക്ലബ് മുട്ടാർ). കമ്പിനി (ഐശ്വര്യ ബോട്ട് ക്ലബ്, കരുമാടി),ചെല്ലിക്കാടൻ (ചൈത്രം കുടുംബശ്രീ ബോട്ട് ക്ലബ്, പുല്ലങ്ങടി).
പതിവ് തെറ്റിച്ചിട്ടും ഒഴുകിയെത്തി ജനം
ആലപ്പുഴ: ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളിയെന്ന കീഴ്‌വഴക്കം കഴിഞ്ഞ വർഷങ്ങളിൽ പ്രളയവും കോവിഡും ചേർന്ന് തിരുത്തിയതിന് പിന്നാലെ ഗൗരവമായ കാരണങ്ങളില്ലാതിരുന്നിട്ടും ഇക്കുറി സെപ്റ്റംബറിലേക്ക് മാറ്റിയെങ്കിലും ജനപങ്കാളിത്തത്തിൽ റെക്കോഡിട്ടു.
പതിനായിരങ്ങളാണ് പുന്നമടക്കായലിൽ നടന്ന ജലോത്സവത്തിലേക്ക് ഒഴുകിയെത്തിയത്. കണക്കുകൂട്ടൽ തെറ്റിച്ചാണ് ജനം ഒഴുകിയെത്തിയത്. രാജ്യാന്തരതലത്തിൽ നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടറുകളിൽ ഇടംനേടിയത് ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച എന്ന മാറ്റമില്ലാത്ത തീയതിയിലൂടെയാണ്.
ഇത് മാറ്റിയത് വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചു. പ്രളയമാണ് വള്ളംകളിയുടെ സമയം ആദ്യം തെറ്റിച്ചത്. 2018ൽ മാറ്റിവെക്കേണ്ടി വന്നെങ്കിലും നവംബറിൽ നടത്തി. 2019ലും സമാനമായിരുന്നു കാര്യങ്ങൾ. ആഗസ്റ്റ് 31നാണ് നടത്തിയത്.
അതോടൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗും തുടങ്ങി. അടുത്ത വർഷങ്ങളിൽ (2020, 2021) കോവിഡ് വ്യാപിച്ചതിനാൽ വള്ളംകളി ഉപേക്ഷിക്കേണ്ടിവന്നു. മുമ്പും ജലോത്സവം മാറ്റിവെച്ചിട്ടുണ്ട്. സുവർണ ജൂബിലി വർഷമായ 2002ൽ കുമരകം ബോട്ട് ദുരന്തത്തിെൻറ പശ്ചാത്തലത്തിലാണ് മാറ്റിയത്.
ജവാഹർലാൽ നെഹ്റുവിെൻറ ജന്മദിനമായ നവംബർ 14നു നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും ബോട്ട് ക്ലബുകളുടെയും മറ്റും എതിർപ്പു കാരണം സെപ്റ്റംബർ 13നാണ് നടത്തിയത്. 1996ൽ കോളറ വ്യാപിച്ചതിനാൽ വള്ളംകളി മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
മുഹമ്മ സ്വദേശി കെ.പി. സുദർശനൻ ഹൈകോടതിയെ സമീപിച്ചെങ്കിലും ഒരുക്കങ്ങൾ പൂർത്തിയായതിനാൽ മാറ്റേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. കോളറക്കെതിരെ മുൻകരുതൽ എടുത്താൽ മതിയെന്നും കോടതി നിർദേശിച്ചു.
1988ലും മാറ്റിവെക്കാൻ ആലോചിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി എത്തുമെന്ന സൂചന നിമിത്തം അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതി നോക്കാം എന്നതായിരുന്നു കാരണം. എന്നാൽ, മാറ്റിവെക്കരുതെന്ന് കേന്ദ്ര സർക്കാർതന്നെ നിർദേശിച്ചു.