Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്​റു ട്രോഫി:...

നെഹ്​റു ട്രോഫി: മഹാദേവികാട്​​ കാട്ടിൽ തെക്കേതിൽ ജലരാജാവ്​

text_fields
bookmark_border
nehru trophy snake boat race
cancel
camera_alt

ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന പള്ളാത്തുരുത്തി ബോട്ട്​ ക്ലബ്‌ തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ (മഞ്ഞ ജേഴ്​സി) (ചിത്രം: ബൈജു കൊടുവള്ളി)

ആലപ്പുഴ: പുന്നമടയിൽ ആവേശത്താളത്തിൽ തു​ഴയെറിഞ്ഞ്​ മിന്നുംപ്രകടനം കാഴ്ചവെച്ച മഹാദേവികാട്​​ കാട്ടിൽ തെക്കേതിൽ ജലരാജാവ്​. 68ാമത്​ നെഹ്​​റു ട്രോഫിയിൽ മുത്തമിടാൻ കരുത്തുപകർന്ന പള്ളാത്തുരുത്തി ബോട്ട്​ ക്ലബ്​​​ ഹാട്രിക്​ കിരീടവും സ്വന്തമാക്കി.

അവസാന നിമിഷംവരെ ആവേശം കത്തിക്കയറിയ ചുണ്ടൻവള്ളങ്ങളുടെ ​​ഫൈനൽ ഫോട്ടോ ഫിനിഷിലൂടെയാണ്​ ഒന്നാമതെത്തിയ മഹാദേവികാട്​ കാട്ടിൽ തെക്കേതിലിന്‍റെ നേട്ടം​. സന്തോഷ്​ ചാക്കോ ക്യാപ്​റ്റനായ ചുണ്ടൻ (4.30.77) മിനിറ്റും കുറിച്ചു. സെക്കൻഡിന്‍റെ വ്യത്യാസത്തിൽ​ (4.31.57) കുമരകം കൈപ്പുഴമുട്ട്​ എൻ.സി.ഡി.സി ബോട്ട്​ ക്ലബ്​ തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതെത്തി​. ​പുന്നമട ബോട്ട്‌ ക്ലബിന്‍റെ വീയപുരം ചുണ്ടനാണ്‌ മൂന്നാംസ്ഥാനം (4.31.61).

ഹീറ്റ്‌സ്‌ മത്സരങ്ങളിൽ ഏറ്റവും കുറവ്‌ സമയമെടുത്ത നാല്‌ ചുണ്ടൻ വള്ളങ്ങളാണ്‌ ഫൈനലിലെത്തിയത്‌. പള്ളാത്തുരുത്തി ബോട്ട്​ ക്ലബ്​ 2018ൽ പായിപ്പാട്​ ചുണ്ടനിലും 2019ൽ നടുഭാഗം ചുണ്ടനിലും കിരീടം നേടിയിരുന്നു. ഓണാഘോഷത്തിന്‍റെ സമൃദ്ധിയിലെത്തിയ വള്ളംകളിക്ക്‌ ജനസമുദ്രമാണ്​ പുന്നമടയിലേക്ക്​ ഒഴുകിയെത്തിയത്​. രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന നെഹ്റു ട്രോഫിയോടെ രണ്ടാം ചാമ്പ്യൻസ്‌ ബോട്ട്​ ലീഗിനും (സി.ബി.എൽ) തുടക്കമായി.

അഞ്ച്​ ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ചുണ്ടൻ വള്ളങ്ങൾ ഫൈനൽ ഉറപ്പിച്ചത്​. മൂന്നും നാലും ഹീറ്റ്‌സിൽ ഒന്നാമതെത്തിയ വള്ളങ്ങൾ ഫൈനലിലെത്തിയില്ല. എന്നാൽ, അഞ്ചാം ഹീറ്റ്‌സിൽ മത്സരിച്ച വീയപുരം, നടുഭാഗം ചുണ്ടനുകള്‍ കലാശപ്പോരിന് യോഗ്യത നേടി. മികച്ച വിജയചരിത്ര പാരമ്പര്യമുള്ള യു.ബി.സിയുടെ കരുത്തിലെത്തിയ കാരിച്ചാൽ ചുണ്ടൻ വള്ളംകളി പ്രേമികൾക്ക്​ നിരാശ സമ്മാനിച്ചു. മൂന്നാം ഹീറ്റിസിൽ മറ്റ്​ ചുണ്ടനുകളോട്​ പൊരുതി കാരിച്ചാലിന്​ ഒന്നാമത്​ എത്തിയെങ്കിലും മികച്ചസമയം കുറിക്കാനാകാത്തതിനാൽ ഫൈനലിൽ ഇടംനേടാനായില്ല. ലൂസേഴ്സ് ഫൈനലില്‍ കാരിച്ചാല്‍ ജേതാക്കളായി. 4.45.91 മിനിറ്റിൽ ഫിനിഷ്​ ചെയ്തു. സെക്കന്‍ഡ് ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടിയും തേഡ് ലൂസേഴ്സ് ഫൈനലിൽ ജവഹർ തായങ്കരിയും വിജയിച്ചു.

ചെറുവള്ളങ്ങളുടെ മത്സരത്തിൽ തെക്കനോടി (തറ-വനിതകൾ): സാരഥി (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ), ഇരുട്ടുകുത്തി എ ഗ്രേഡ്​: മൂന്ന്​ തൈക്കൽ (ആർപ്പൂക്കര ബോട്ട്​ ക്ലബ്​), ഇരുട്ടുകുത്തി ബി ഗ്രേഡ്-തുരുത്തിപ്പുറം (തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളം), ഇരുട്ടുകുത്തി സി ​ഗ്രേഡ്​ (ജെ.ബി.സി ഗോതുരുത്ത്​), വെപ്പ്​ എ​ ഗ്രേഡ്​: മണലി (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ), ചുരുളന്‍-കോടിമത (കൊടുപ്പുന്ന ബോട്ട് ക്ലബ് എടത്വ), വെപ്പ് ബി ഗ്രേഡ്-ചിറമേല്‍ തോട്ടുകടവന്‍ (എസ്.എസ്.ബി.സി കുമരകം), ചുരുളൻ- കോടിമത (​​​​കൊടുപ്പുന്ന ബോട്ട്​ ക്ലബ്​), തെക്കനോടി കെട്ട്​ (വനിതകൾ): കാട്ടിൽ തെക്കേതിൽ (വിമൻസ്​ ബോട്ട്​ ക്ലബ്​ മുട്ടാർ) എന്നിവർ ജേതാക്കളായി. വിജയികൾക്ക്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

പള്ളാത്തുരുത്തി ബോട്ട്​ ക്ലബിന്​ ഹാട്രിക്​ കിരീടം

ആലപ്പുഴ: മഹാദേവികാട്​ കാട്ടിൽ തെക്കേതിൽ ചുണ്ടനിലൂടെ നെഹ്​റു ട്രോഫി​ ഹാട്രിക്​ കീരിടം നേടിയ പള്ളാത്തുരുത്തി ബോട്ട്​ ക്ലബ്​ (പി.ബി.സി) കുട്ടനാട്ടുകാരുടെ ഹൃദയതാളമായി. അതിജീവനത്തിന്‍റെ ആവേശതുഴയെറിഞ്ഞാണ്​ ഇവർ പുന്നമടയിൽ കരുത്തുകാട്ടിയത്​. ഹാട്രിക്ക്​ ഉൾപ്പെടെ അഞ്ചുതവണ​ കിരീടം നേടിയിട്ടുണ്ട്​.

1983ൽ നെപ്പോളിയൻ ചുണ്ടനിലൂടെയായിരുന്നു നെഹ്‌റു ട്രോഫിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. 1988ൽ ഏറ്റവുംനീളം കൂടിയ വള്ളമായ വെള്ളംകുളങ്ങര ചുണ്ടനിൽ 4.42 മിന്നുന്ന വിജയം നേടി. പിന്നീട്​ 1998ൽ ചമ്പക്കുളം ചുണ്ടനിലും നേട്ടം ആവർത്തിച്ചു. 10 വർഷത്തെ ഇടവേളക്കു​ശേം 2018ൽ പായിപ്പാട് ചുണ്ടനിലും 2019ൽ 67വർഷത്തെ ചരിത്രത്തിനൊടുവിൽ നടുംഭാഗം ചുണ്ടനിലും നെഹ്​റു ട്രോഫിയിൽ വിജയക്കൊടി പാറിച്ചു. ചാമ്പ്യൻസ്​ ബോട്ട്​ ലീഗിന്‍റെ ആദ്യപതിപ്പായ 2019ൽ 12 മത്സരങ്ങളിൽ 11ലും വിജയംനേടി.

2015ൽ ഉമാമഹേശ്വരൻ ആശാരിയുടെ നേതൃത്വത്തിൽ പണിതതാണ്​ മഹാദേവികാട്​ കാട്ടിൽ തെക്കേതിൽ. പിന്നീട്​ അഭിലാഷ് ആശാരി പുതുക്കിപ്പണിതു. നീരണഞ്ഞ ആദ്യവർഷം തന്നെ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ചുണ്ടൻ കാ​ഴ്ചവെച്ചത്​. 20-30 ഇടയിൽ പ്രായമുള്ള തുഴച്ചിലുകാരാണ്​ പി.ബി.സിക്ക്​ കരുത്തും വേഗവും പകർന്നത്​. ​

വിനോദ് പവിത്രൻ മാതിരംപള്ളി കോച്ചും മനോജ് പത്തുങ്കലാണ് ലീഡിങ് ക്യാപ്​​റ്റനുമായിരുന്നു. വി. ജയപ്രകാശ് (പ്രസി.), സുനീർ എ.കമ്പിവേലി (സെക്ര.), ടി.പി. രാജു, ശശിധരൻ ഓണാംപള്ളി (രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തിലാണ്​​ പി.ബി.സിയെ കുതിപ്പിലേക്ക്​ നയിച്ചത്​. പുന്നമടയിലും പരിസരങ്ങളിലുമായി മൂന്നാഴ്ചയിലേറെ കഠിനപരിശീലനവും സഹായകരമായി.

1971ൽ ആലപ്പുഴ നഗരസഭയുടെ മൂന്നുവാർഡുകളും പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട് കായൽ വരെയുള്ള ഇരുകരകളിലും താമസിക്കുന്നവരുടെ കൂട്ടായ്​മയിലൂടെയാണ്​ പി.ബി.സിയുടെ പിറവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehru trophyNehru trophy Boat race
News Summary - Nehru trophy: mahadevikadu kattil thekkethil chundan winners
Next Story