ചരിത്രത്തിലേറി ‘നടുഭാഗം ചുണ്ടൻ’; ഉശിരുകാട്ടാൻ ആദ്യ ജേതാക്കൾ
text_fieldsനെഹ്റു ട്രോഫിക്ക് മുന്നോടിയായി കൈനകരിയിൽ പരിശീലനം നടത്തുന്ന പുതിയ നടുഭാഗം ചുണ്ടൻ
ആലപ്പുഴ: ചരിത്രപാരമ്പര്യവുമായാണ് ‘നടുഭാഗം’ ചുണ്ടൻ പുന്നമടയിൽ പോരിനിറങ്ങുന്നത്. 1952ൽ ആലപ്പുഴ കാണാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അതിർത്തിയിൽനിന്ന് സ്വീകരിച്ചത് വള്ളംകളി മത്സരം നടത്തിയായിരുന്നു.ആവേശലഹരിയിൽ വിജയിച്ചുവന്ന ‘നടുഭാഗം’ ചുണ്ടനിലേക്ക് ചാടിക്കയറുന്നു. പിന്നീടത് നെഹ്റു ട്രോഫി വള്ളംകളിയായി മാറിയതാണ് ചരിത്രം. ഈ ചരിത്രത്തിനൊപ്പമാണ് നടുഭാഗം ചുണ്ടന്റെ യാത്ര. 69 വർഷം മുമ്പ് നടന്ന നെഹ്റു ട്രോഫിയിൽ ആദ്യ ജേതാക്കളായ ചുണ്ടന് പിന്നീട് ഒരുതവണ മാത്രമാണ് കപ്പിൽ മുത്തമിടാനായത്.
പിന്നീട് ഇങ്ങോട്ട് നിർഭാഗ്യങ്ങൾ വേട്ടയാടി. 2015ൽ വള്ളം പുതുക്കിപ്പണിത് നീറ്റിലിറക്കിയ ശേഷം ഉശിരോടെയാണ് മുന്നേറ്റം. കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫിയിലെ റണ്ണറപ് കൂടിയാണ്. ഇക്കുറി കൈനകരി യുനൈറ്റഡ് ബോട്ട് ക്ലബിെൻറ (യു.ബി.സി കൈനകരി) കരുത്തിലാണ് പുന്നമടയിൽ തുഴയെറിയുക. കൈനകരിയിലാണ് പരിശീലനം. പ്രഫഷനൽ തുഴച്ചിലുകാരെ ഒഴിവാക്കി മലയാളികളാണ് ടീമിലുള്ളത്.
ഇക്കുറി ജലോത്സവത്തിന് തുടക്കമിട്ട ചമ്പക്കുളം മൂലം വള്ളംകളിയിൽ കിരീടം നേടിയാണ് വരവറിയിച്ചത്. 2019ൽ നെഹ്റു ട്രോഫിയിലും പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിലും ജേതാക്കളായിരുന്നു. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ 36 തവണ ഫൈനലിലും ഏറ്റവും കൂടുതൽ തവണ രണ്ടാം സ്ഥാനവും നേടിയ മറ്റൊരു ചുണ്ടനില്ല.
പമ്പയാറിന്റെ തീരത്ത് ചമ്പക്കുളത്തിന് പടിഞ്ഞാറാണ് നടുഭാഗം. 1927ൽ തിരുവിതാംകൂർ ദിവാനായിരുന്ന എം.ഇ. വാട്ട്സ് ജലോത്സവത്തിനെത്തി. ഒപ്പം ഒരു ട്രോഫിയും. ചമ്പക്കുളം വള്ളത്തിൽ കളിച്ചുകൊണ്ടിരുന്ന നടുഭാഗംകാർ സ്വന്തം കരയുടെ പേരിൽ വള്ളം വേണമെന്ന ആഗ്രഹം ദിവാനെ അറിയിച്ചു. അങ്ങനെ ദിവാന്റെ സഹായത്തോടെ നടുഭാഗംകാർ വെമ്പാലയിൽനിന്ന് പള്ളിയോടം വാങ്ങി. മാറ്റങ്ങൾ വരുത്തി നടുഭാഗം എന്ന പേരിൽ നീറ്റിലിറക്കി.
പിന്നീട് 1940ൽ സ്വന്തമായി പുതിയൊരു ചുണ്ടൻ പണിതു. ഇപ്പോൾ ഉള്ളത് മൂന്നാമത്തേതാണ്. പുതിയ ചുണ്ടനെത്തിയതോടെ ഉശിരോടെ പൊരുതി നിരവധി വിജയം കൂടെക്കൂട്ടി. പുതിയ ചുണ്ടനുമായി ഇറങ്ങിയ 2015ൽ നെഹ്റു ട്രോഫിയിൽ നിരാശയായിരുന്നു ഫലം. എന്നാൽ, തൊട്ടടുത്ത വർഷങ്ങളിൽ താഴത്തങ്ങാടിയിലും മാന്നാറിലും ഹാട്രിക് വിജയം സ്വന്തമാക്കി.
2016, 2017, 2018, 2019 വർഷങ്ങളിലാണ് താഴത്തങ്ങാടി ജലോത്സവത്തിൽ ഒന്നാമനായത്. 2016, 2017, 2018 വർഷത്തെ ഹാട്രിക് തിളക്കം മാന്നാർ ജലോത്സവത്തിലും ആരംഭിച്ചു.2018ൽ നീരേറ്റുപുറത്തും വിജയകിരീടം ചൂടി. 2022ലെ രണ്ടാം ചാമ്പ്യൻസ് ബോട്ട് ലീഗിൽ റണ്ണറപ്പായിരുന്നു. രണ്ട് ഹാട്രിക് ഉൾപ്പെടെ 13 ട്രോഫികൾ നേടിയാണ് കരുത്ത് തെളിയിച്ചത്.
നൂറ്റാണ്ടിന്റെ പഴക്കം; അനാഥമായി പഴയ ചുണ്ടൻ
ആലപ്പുഴ: നെഹ്റുവിെൻറ പാദസ്പർശമേറ്റ ‘നടുഭാഗം’ ചുണ്ടൻ നശിക്കുന്നു. മ്യൂസിയത്തിൽ സ്മാരമാക്കാൻ പുരാവസ്തു വകുപ്പ് പരിശോധന നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഇക്കാലമത്രയും കരക്കാർ വള്ളത്തെ നെഞ്ചോടു ചേർത്തുനിർത്തിയാണ് സംരക്ഷണം ഒരുക്കിയത്. കോടുപാടുകൾ കണ്ടുതുടങ്ങിയപ്പോൾ മുതൽ ചുണ്ടെൻറ ചരിത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളെ സമീപിച്ചു.
നൂറ്റാണ്ടിെൻറ പഴക്കമുള്ള ചുണ്ടൻ നെടുമുടി പഞ്ചായത്ത് ഓഫിസിന് സമീപത്താണ് സൂക്ഷിച്ചിരിക്കുന്നത്.കൃഷ്ണപുരം കൊട്ടാരത്തിൽനിന്നുള്ള പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി ടൂറിസം ഡയറക്ടറ്റേറിൽ റിപ്പോർട്ട് നൽകിയത്. ആലപ്പുഴയിൽ നെഹ്റു മ്യൂസിയം നിർമിക്കുമ്പോൾ വള്ളം അവിടേക്ക് മാറ്റി സംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. കരക്കാർ പുതിയ ചുണ്ടൻ നിർമിച്ച് മത്സരരംഗത്ത് സജീവമായതോടെ പഴയ ചുണ്ടൻ കൂടുതൽ അപകടാവസ്ഥയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

