വേഗപ്പോരിന്റെ ആവേശം ട്രാക്കിലേക്ക്...
text_fieldsനെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി പുന്നമടയിലെ ഫിനിഷിങ് പോയന്റിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട്
ക്ലബ് തുഴയുന്ന കാരിച്ചാൽ
ചുണ്ടന്റെ ട്രാക്ക് എൻട്രി
നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രം കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. കുട്ടനാട്ടുകാരുടെ ഹൃദയതാളമായ ജലോത്സവം തുടങ്ങുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. കുട്ടനാട്ടുകാരുടെ മനസ്സിലെന്നും ഒരുആർപ്പുവിളിയുണ്ട്. കളിവള്ളങ്ങൾ കുതിച്ചുപായുമ്പോൾ പ്രായവും പരിസരവും മറന്ന് അവർ തൊണ്ടപൊട്ടുംപോലെ അലറും......ആർപ്പോ....ഇർറോ.......വിളികളുയർത്തും. ഇതിൽ തുഴക്കാരിലും പങ്കായക്കാരിലും ആവേശത്തിന്റെ പരകായപ്രവേശം നടത്തും. പങ്കായക്കാരുടെ കുത്തിയേറിൽ ചുണ്ടൻവള്ളങ്ങൾ ജലപ്പരപ്പിലൂടെ ശരവേഗത്തിൽ പായും. അതിന്റെ നേർക്കാഴ്ചയാണ് ആഗസ്റ്റ് 30ന് പുന്നമടയിൽ ദൃശ്യമാകുക. ജലോത്സവപ്രേമികളുടെ വികാരമാണ് വള്ളംകളി. അതിനാലാണ് കടംമേടിച്ചും പിരിവെടുത്തും ലക്ഷങ്ങൾ മുടക്കി അവർ വള്ളമിറക്കുന്നത്. ആചുണ്ടനിലാണ് അവരുടെ പ്രതീക്ഷകൾ. ലക്ഷ്യം ഒന്ന് മാത്രം ആ വെള്ളിക്കപ്പ്. വള്ളംകളികളുടെ മാമാങ്കമാണ് നെഹ്റുട്രോഫിയെങ്കിൽ പൂരമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ്. തൃശൂർകാർക്ക് മാത്രമല്ല, ആനയും അമ്പാരിയുമില്ലാത്ത ആലപ്പുഴക്കാരുടെ സ്വന്തം പൂരമാണിത്. താളമേളങ്ങളോടെ കൊമ്പന് പകരമെത്തുന്ന ചുണ്ടൻവള്ളങ്ങളാണ്. കുടമാറ്റത്തിന് പകരം തുഴയുടെ താളമാവും ഓളപ്പരപ്പിൽ വിരിയുന്നതിന്റെ നേർക്കാഴ്ചയിലേക്ക് ‘മാധ്യമം’ വള്ളംകളി പരമ്പര ‘ട്രാക്കോളം’ ഇന്ന് മുതൽ’.....
ആലപ്പുഴ: കുട്ടനാട്ടുകാർക്ക് വള്ളംകളിയെന്നാൽ ആവേശവും വീറും വാശിയും അഭിമാനവും നിറഞ്ഞ വികാരമാണ്. പണ്ടൊക്കെ തമ്മിൽ തല്ലിയിരുന്നത് കരക്കായിരുന്നു. ഇന്ന് അത് മാറി ക്ലബുകളുടെ ഫാൻസുകാർ തമ്മിലാണ് കൊമ്പുകോർക്കുന്നത്. കളിവള്ളങ്ങൾക്കൊപ്പം ജന്മമെടുത്തതാണ് വള്ളംകളിയിലെ വീറ്.
1952ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മനംകവർന്നതും ആമത്സരാവേശം തന്നെ. അത് പൂർണമായി ഉൾക്കൊണ്ടാണ് അദ്ദേഹം പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി സമ്മാനിക്കുന്നതും അതുവരെ പ്രാദേശികമായും ആചാരപരമായും അരങ്ങേറിയിരുന്ന വള്ളംകളികളുടെ ആവേശത്തിന് പുന്നമടയിൽ മുഖ്യപോർക്കളമൊരുങ്ങുന്നതും.
വള്ളംകളിക്കാലമാകുമ്പോൾ ചുണ്ടൻവള്ളങ്ങളുള്ള കുട്ടനാടൻ ഗ്രാമങ്ങൾ മത്സരബുദ്ധികൊണ്ട് കോട്ടകെട്ടും. സ്വന്തം വള്ളത്തിന്റെയും എതിരാളികളുടെയും ശക്തി ദൗർബല്യങ്ങളുടെ താരതമ്യം, തയാറെടുപ്പുകൾ എന്നിവയിലേക്ക് നാട്ടുകാരുടെ മനസ്സ് കേന്ദ്രീകൃതമാകും.
വലിച്ചുനിർത്തിയ ഞാണിൽനിന്ന് തൊടുത്ത ശരങ്ങൾകണക്കെ കായലിന്റെ നെഞ്ചകം പിളർത്തിയാണ് പുന്നമടയിൽ ജലരാജാക്കന്മാർ ഇരച്ചുകയറുന്നത്. ഒരുവർഷത്തിന്റെ കാത്തിരിപ്പിന് ഒടുവിലത്തെ നിമിഷമാണത്. കഴിഞ്ഞതവണത്തെ തോൽവിയുടെ പകവീട്ടാൻ കരുതിവെച്ച കരുത്തെല്ലാം പുറത്തെടുക്കുന്ന നേരം. പേശികൾ ഉരുണ്ടുമറിയും. ആവേശത്തള്ളിച്ചയിൽ മാനത്തുനിന്ന് പൊട്ടിവീഴുന്ന മഴമുത്തുകൾ തുഴക്കാരന്റെ ദേഹത്തുതട്ടി ചിതറുന്ന കാഴ്ചയാകും അത്.
അങ്ങകലെ ഫിനിഷിങ് പോയന്റിൽ കണ്ണാടിക്കൂട്ടിൽ വെള്ളിയിൽ തീർത്തുവെച്ച കപ്പിൽ നീട്ടിത്തൊടുന്നതാരായിരിക്കും ഇക്കുറിയെന്നതാണ് എല്ലായിടത്തും പ്രധാനചർച്ച. അപ്പുറവും ഇപ്പുറവും കാത്തുകെട്ടിക്കിടക്കുന്ന ജനസാഗരങ്ങളെ സാക്ഷിനിർത്തിയാകും ആവേശപ്പാച്ചിൽ.
വീറും വാശിയും പലതലത്തിലാണ്. കരകളും ക്ലബുകളും അവരുടെ ഫാൻസുകാരും തമ്മിലാണ് കരയിലെ പോര്. നാലാൾ കൂടുന്നിടത്തൊന്നും മറ്റൊരു ചർച്ചയുണ്ടാകില്ല. സമൂഹമാധ്യമങ്ങൾ സജീവമായതോടെ അവിടെയും വള്ളംകളി ചർച്ച സജീവം. വിവാഹവും സാഹോദര്യവും ഒക്കെ ശരി, പക്ഷേ, കര രണ്ടാണോ വള്ളംകളിയിൽ പക്ഷം രണ്ട് തന്നെ എന്നാണ് അലിഖിതചട്ടം.
പിന്നെ വെല്ലുവിളികളായി, വാതുവെപ്പായി. എല്ലാം വള്ളംകളിയിൽ തുടങ്ങി അവിടെത്തന്നെ തീരുമെന്ന് മാത്രം. വേമ്പനാടിന്റെ കൈവഴികളെല്ലാം പുന്നമടയിലേക്ക് ഒഴുകിയെത്തുന്ന ജലപ്പൂരം ആഗസ്റ്റ് 30നാണ്. കണ്ണിമചിമ്മാതെ, കാതുകൂർപ്പിച്ച് ഓരോനിമിഷവും ആസ്വദിക്കാൻ വള്ളംകളി പ്രേമികൾ കാത്തിരുന്നതാണ് ഈപൂരം. കുട്ടനാട്ടിൽനിന്നെത്തുന്ന കരകളിലെ ആവേശം പുന്നമടയിൽ നിറയും. ആ ആവേശത്തിനൊപ്പം ചേരാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ജനസാഗരവും കൂട്ടിനുണ്ടാകും.
അന്ന് ‘കരിവീരന്മാർ’ പൊരുതി; പിന്നീട് നെഹ്റുട്രോഫിയായി
1952ൽ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കുട്ടനാട് കാണാൻ മോഹം. സമുദ്രനിരപ്പിന് താഴെ കൃഷി ചെയ്യുന്ന മേഖലയെന്നതായിരുന്നു ആഗ്രഹത്തിന് പിന്നിലെ കാരണം.
കോട്ടയത്ത് എത്തിയ അദ്ദേഹം ജലമാർഗം ആലപ്പുഴക്ക് പോകാന് തീരുമാനിച്ചു. പൗരപ്രമുഖർ എത്തുമ്പോൾ ആനയെയും മറ്റും എഴുന്നള്ളിക്കാറുള്ളതുപോലെ നെഹ്റുവിനെ സ്വാഗതം ചെയ്യാൻ കുട്ടനാട് പുറത്തിറക്കിയത് കായലിലെ ‘കരിവീരന്മാരെ’യായിരുന്നു -ഒമ്പത് ചുണ്ടൻ വള്ളങ്ങളെ. ഇവ പൊരുതിമുന്നേറുന്ന കാഴ്ച അദ്ദേഹത്തെ ആനന്ദിപ്പിച്ചു.
ഒന്നാമത് തുഴഞ്ഞെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ആവേശംകൊണ്ട് അദ്ദേഹം ചാടിക്കയറി. വൈകാതെ ആ പ്രഖ്യാപനവുമെത്തി - ‘ഈ തുഴച്ചിൽ വർഷാവർഷം മത്സരമായി നടത്തണം. ട്രോഫി ഞാൻ നൽകാം’. ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്റു ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കൈയൊപ്പും ചാർത്തി കേരളത്തിലേക്ക് അയച്ചു.
അങ്ങനെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേളക്ക് 1954ൽ തുടക്കമായി. അദ്ദേഹത്തിന്റെ മരണശേഷം അത് നെഹ്റുട്രോഫിയായി മാറിയെന്നതാണ് ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

