ഗരുഡനെ പറപ്പിക്കാൻ കാക്കിക്കുള്ളിലെ കൈക്കരുത്തർ
text_fieldsആറാട്ടുപുഴ: ഗരുഡെൻറ മുഖകൂമ്പാണ് മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ വള്ളത്തിന്റേത്. അതുകൊണ്ട് തന്നെ ഗരുഡൻ വള്ളം എന്ന വിളിപ്പേരുകൂടിയുണ്ട്. ഓളപ്പരപ്പിലെ ജലമാമാങ്കത്തിന് ഗരുഡനെ പറപ്പിക്കാൻ തയാറെടുക്കുന്നത് കൈകരുത്തിന് പേരുകേട്ട പൊലീസ് ഏമാന്മാരാണ്. 2018ൽ കേരള പൊലീസ് ആദ്യമായി തുഴച്ചിലിനിറങ്ങുന്നത് കാട്ടിൽ തെക്കതിൽ ചുണ്ടനിലാണ്. തങ്ങളുടെ കൈക്കരുത്ത് കുറ്റവാളികളെ മാത്രമല്ല, എതിരിടാൻ ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളെയും ബോധ്യപ്പെടുത്തുമെന്ന ദൃഢ നിശ്ചയത്തിലാണ് കേരള പൊലീസ്.
2015 ജൂലൈ 11 നാണ് കാർത്തികപ്പള്ളി മഹാദേവികാട് കാട്ടിൽ തെക്കതിൽ ബിജോയ് സുരേന്ദ്രന്റെയും ബ്രിജേഷ് സുരേന്ദ്രന്റെയും ഉടമസ്ഥതയിലുള്ള കാട്ടിൽ തെക്കതിൽ ചുണ്ടൻ പിറക്കുന്നത്. പ്രളയത്തെ തുടർന്ന് രണ്ട് വർഷം മുടങ്ങിപ്പോയ വള്ളംകളി 2022ൽ പുനരാരംഭിച്ചപ്പോൾ ആവേശക്കടലായി ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി 68ാമത് നെഹ്റുട്രോഫിയിൽ മുത്തമിട്ടു. സന്തോഷ് ചാക്കോയായിരുന്നു കാട്ടിൽ തെക്കേതിൽ ചുണ്ടെൻറ ക്യാപ്റ്റൻ. 4.30.77 മിനിറ്റിൽ തുഴഞ്ഞെത്തിയാണ് നടുഭാഗം ചുണ്ടനെ പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബിെൻറ കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇതോടെ നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് നേട്ടം കരസ്ഥമാക്കി. അവസാനം ജല രാജാവായതിെൻറ ആവേശം ചോരാതെയാണ് ഓളപ്പരപ്പിൽ യുദ്ധത്തിനിറങ്ങുന്നത്.
പരിശീലന തുഴച്ചിലിൽ ഈ ആവേശം അലയടിക്കുന്നത് പ്രതീക്ഷ നൽകുന്നു. തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരവാസികളുടെ ആവേശംകൂടിയാണ് ഈ വള്ളം. 2022 ലെ ചാമ്പ്യൻസ് ബോട്ട് ലീഗിലെ 12 മത്സരങ്ങളിൽ എട്ടെണ്ണത്തിലും ഒന്നാംസ്ഥാനം നേടി 116 പോയന്റോടെ ഒന്നാമതെത്തിയതും കാട്ടിൽതെക്കതിലാണ്. അതുകൊണ്ട് തന്നെ എതിരാളികൾ ഗരുഡൻ വള്ളത്തിെൻറ കരുത്തിനെ ഗൗരവമായാണ് കാണുന്നത്.
2018ൽ പങ്കെടുത്തത് മുതൽ ഫൈനലിൽ എത്തുകയും വിജയം കൈവിട്ടുപോകുകയും ചെയ്ത ചരിത്രമാണ് പൊലീസ് സേനക്കുള്ളത്. 2018 ൽ കാട്ടിൽ തെക്കതിൽ തുഴഞ്ഞ് രണ്ടാംസ്ഥാനവും 2019ൽ കാരിച്ചാൽ തുഴഞ്ഞ് മൂന്നാം സ്ഥാനവും 2022ൽ ചമ്പക്കുളം തുഴഞ്ഞ് നാലാം സ്ഥാനവുമാണ് നേടിയത്. 140 പേരാണ് തുഴച്ചിൽകാരായുള്ളത്. 120 പേർ കേരള പൊലീസ് സേനയിൽ പെട്ടവരും 20 പേർ ഇൻഡോ ടിബറ്റൻ സേനയിൽ പെട്ടവരുമാണ്. ആലപ്പുഴ എ.ആർ.ക്യാമ്പിലെ സീനിയർ സി.പി.ഒ.സുനിൽകുമാർ കൈനകരിയാണ് പൊലീസിെൻറ ഹെഡ് കോച്ച്.
എ.ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡർ സുരേഷ് ബാബുവാണ് ചീഫ് കോഓഡിനേറ്റർ. സുരേഷ് കാട്ടിൽ തെക്കതിലാണ് ക്യാപ്റ്റൻ. കോട്ടയം എ.ആർ ക്യാമ്പിലെ ടി.പി. അനൂപാണ് ഒന്നാം അമരക്കാരൻ. ശ്രീറാം സന്തോഷ്, പ്രതാപ് മേനോൻ, ഗോഡ്സ് ബെൻ, ബിനു എ.ബാബു എന്നിവരാണ് മറ്റ് അമരക്കാർ. കരുമാടി പടഹാരം ഭഗത്താണ് പരിശീലന തുഴച്ചിൽ നടക്കുന്നത്. തുഴച്ചിൽകാരിൽ 64 പേർ 2018 മുതൽ മത്സരത്തിൽ പങ്കെടുക്കുന്നവരാണ് 76 പേർ പുതിയ തുഴച്ചിലുകാരാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യം തുഴച്ചിൽകാരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

