മുതലപ്പൊഴി മണ്ണ് നീക്കാൻ അനാസ്ഥ: കോൺഗ്രസ്സ് പ്രവർത്തകർ ഫിഷറീസ് മന്ത്രിയുടെ വസതി ഉപരോധിച്ചു
text_fieldsതിരുവനന്തപുരം: ആയിരക്കണക്കിന് കുടുംബങ്ങളെയും മത്സ്യ തൊഴിലാളികളെയും ബാധിക്കുന്ന വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ, മത്സ്യ തൊഴിലാളി സമൂഹത്തോടുള്ള അവഗണനക്കുമെതിരെ കോൺഗ്രസിന്റെ മേനംകുളം, കഠിനംകുളം, അഴൂർ, പെരുംകുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത്. കഴിഞ്ഞ മൂന്നുമാസമായി മുതലപ്പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിനായി നിരവധി നിവേദനകളും റോഡ് ഉപരോധവും നടന്നിട്ടും ക്രിയാത്മകമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
വാമനപുരം നദിയിൽ നിന്നും കഠിനംകുളം കായലിൽ നിന്നുമുള്ള വെള്ളം കടലിൽ പതിക്കാതെ കായൽത്തീരങ്ങളിലെ വീടുകളിൽ വെള്ളം കേറുന്നതും ഗുരുതരവിഷയമായി മാറിയിരിക്കുകയാണ്. അടിയന്തിരമായി നേവിയുടെ സഹായം തേടി ഡ്രെജ്ജിങ് വെസൽ കൊണ്ടുവരുകയോ ഡ്രെജ്ജിങ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡി.സി ഐ ഗോദാവരി എന്ന ഡ്രെജ്ജിങ് വെസൽ കൊച്ചിയിൽ നിന്നും കൊണ്ടുവരുകയോ വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ അഡ്വ. എച്ച്.പി ഹാരിസൺ, എ.ആർ നിസാർ, കഠിനംകുളം ജോയി യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറി മനോജ് മോഹൻ, മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഓമന തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.