ഉത്തരവുകൾ നടപ്പാക്കുന്നതിൽ അനാസ്ഥ; സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി
text_fieldsകൊച്ചി: കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ സർക്കാർ അനാസ്ഥക്കെതിരെ ഹൈകോടതി. ഒരു വർഷം കഴിഞ്ഞ ഉത്തരവുകൾ പോലും നടപ്പാക്കാതെ മറ്റ് സർക്കാർ വകുപ്പുകളിൽനിന്ന് വ്യക്തത തേടുന്ന പ്രവണത വർധിച്ചുവരുന്നുവെന്ന് കാട്ടിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് വി.ജി അരുണും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിമർശനമുന്നയിച്ചത്. ഉത്തരവുകളോടുള്ള അനാദരവിന് കാരണം അറിയിക്കാൻ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താൻ ഒരുങ്ങിയ ഡിവിഷൻ ബെഞ്ച്, അഡീ. അഡ്വക്കറ്റ് ജനറലിെൻറ ഇടപെടലിനെ തുടർന്ന് ഇതിൽനിന്ന് പിൻവാങ്ങുകയും വിമർശനത്തിനിടയാക്കിയ ഹരജികൾ നവംബർ രണ്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
കോടതി ഉത്തരവ് നടപ്പാക്കാൻ മറ്റു വകുപ്പുകളുടെ അംഗീകാരം തേടിയിരിക്കുകയാണെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മറുപടി നൽകിയ മൂന്ന് ഹരജികളാണ് ഒന്നിച്ച് പരിഗണിച്ചത്. സർവിസ് കുറഞ്ഞാൽ പെൻഷൻ ഇല്ലാത്തതും 56ാം വയസ്സിൽ വിരമിക്കേണ്ടതുമായ അറ്റൻഡർ സ്ഥാനത്തേക്ക് ലഭിച്ച ഉദ്യോഗക്കയറ്റം റദ്ദാക്കി തിരികെ പാർട് ടൈം സ്വീപ്പറാക്കി നിലനിർത്തണമെന്ന ഹരജി 2019ൽ ഹൈകോടതി അനുവദിച്ചിരുന്നു.
ഇത് നടപ്പാക്കിയാൽ സമാനമായ മറ്റ് അപേക്ഷകളും വരുമെന്നും സർക്കാറിന് നഷ്ടമുണ്ടാക്കുമെന്നും ഉത്തരവ് നടപ്പാക്കാൻ ഭരണ, നിയമ, ധനകാര്യ വകുപ്പുകളുടെ അനുമതി ആവശ്യമായതിനാൽ കൂടുതൽ സമയം വേണമെന്നുമായിരുന്നു കോടതിയലക്ഷ്യ ഹരജിയിലെ വിശദീകരണം.
ഹയർ സെക്കൻഡറി അധ്യാപക തസ്തികയിൽ നേരിട്ട് നിയമനം ലഭിച്ച അധ്യാപികയുടെ നിയമനം ശരിവെച്ച 2019 നവംബർ 17ലെ ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാക്കിയെങ്കിലും ഉന്നതാധികാരികളുടെ തീരുമാനമുണ്ടായാൽ നിയമന അംഗീകാരം റദ്ദാക്കപ്പെടുമെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തുകയായിരുന്നു. കോടതിേയാടുള്ള അനാദരവാണെന്ന് വിലയിരുത്തിയാണ് ഈ കേസിലെ കോടതിയലക്ഷ്യ ഹരജി.
പ്രഥമാധ്യാപകനാകാൻ യോഗ്യതയുണ്ടായിട്ടും നിയമവിരുദ്ധമായി മാറ്റിനിർത്തിയയാൾക്ക് നിയമനം നൽകാനും 2014 ഏപ്രിൽ മുതലുള്ള ശമ്പളം നൽകാനുമുള്ള ഉത്തരവ് നടപ്പാക്കാതിരുന്നതാണ് മൂന്നാമത്തെ കോടതിയലക്ഷ്യ ഹരജി. ഉത്തരവുകൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നിലപാട് നിരാശാജനകമാണെന്ന് കോടതി വിമർശിച്ചു. കീഴുദ്യോഗസ്ഥർ കോടതി ഉത്തരവുകൾ കൈകാര്യംചെയ്യുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതാണ്.
പ്രശ്നപരിഹാരത്തിന് അൽപം കൂടി സാവകാശം നൽകണമെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹരജികൾ മാറ്റിവെച്ചത്.