ഇവിടെ വിളക്കെരിയും കാലം അകലെയോ...? അവഗണനയുടെ വക്കിൽ മൺറോ ലൈറ്റ് ഹൗസ്
text_fieldsകോട്ടയം: പള്ളം പഴുക്കാനിലക്കായലിലെ മൺറോ ലൈറ്റ് ഹൗസിന്റെ നവീകരണ പ്രഖ്യാപനങ്ങൾ പാഴ്വാക്കായി. സി.എം.എസ് പ്രവാസി മലയാളി അസോസിയേഷൻ, ഗ്രീൻ ഫ്രറ്റേണിറ്റി എന്ന പരിസ്ഥിതി സംഘടന എന്നിവരുടെ സഹകരണത്തോടെയാണ് മൺറോ ലൈറ്റ് ഹൗസ് നവീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. ഒരുവർഷം മുമ്പ് ലൈറ്റ് ഹൗസിന് പെയിന്റടിച്ചും സമീപത്തെ കാട് വെട്ടിത്തളിച്ച് നവീകരിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. ലൈറ്റ് ഹൗസിൽ വിളക്ക് തെളിക്കാൻ നിയോഗിച്ച ജീവനക്കാർക്ക് നിർമിച്ച കെട്ടിടം പൂർണമായും നശിച്ച നിലയിലാണ്.
പദ്ധതിയുടെ തുടക്കത്തിൽ ഒരുകോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ക്രമേണ കൂടുതൽ തുക കണ്ടെത്താമെന്ന ധാരണയിലായിരുന്നു പദ്ധതിയുടെ ആസൂത്രകരായ സി.എം.എസ് പ്രവാസി മലയാളി അസോസിയേഷൻ. സി.എം.എസ് കോളജിലെ മുൻ പ്രഫസറായിരുന്ന ഡോ. ജേക്കബ് ജോർജിന്റെ ചില സുഹൃത്തുക്കളും ശിഷ്യരുമാണ് ഇതിന് മുൻകൈ എടുത്തത്. കോളജിൽനിന്ന് കേട്ടറിഞ്ഞ ചരിത്രത്തിന്റെ കൗതുകത്തിലാണ് ഇവർ ജോൺ മൺറോയുടെ മ്യൂസിയത്തിനുള്ള പ്രോജക്ടിനായി മുന്നിട്ടിറങ്ങിയത്.
ലൈറ്റ് ഹൗസിന്റെ സമീപം വരെ വാഹനമെത്തുന്ന വഴി, വിനോദസഞ്ചാരികളെ ആകർഷിക്കാനുതകും വിധം മൺറോ സ്മരണകളുമായി ലൈറ്റ് ഹൗസ് ഉൾപ്പെടുന്ന മ്യൂസിയം, നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണശാല, വിശ്രമശാല, കായലിൽ വെള്ളം പൊങ്ങിയാലും അതിനനുസരിച്ച് വാട്ടർ ലെവലിൽ ഉയർന്നുവരുന്ന ഫ്ലോട്ടിങ് ഹൗസ് മാതൃകയിൽ കെയർടേക്കറുടെ വീട്, പഴുക്കാനിലക്കായലിലെ മിനിബോട്ട് റേസ് എന്നിവ പ്രോജക്ടിൽ ഉൾപ്പെടുത്തിയിരുന്നു.
ടൗണിലെ തിരക്കുകളിൽനിന്ന് മാറി കായലിന്റെ ഭംഗി ആസ്വദിക്കാനും ചൂണ്ടയിടൽ, കയാക്കിങ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനാകും ഈ പദ്ധതി പ്രാവർത്തികമായാൽ. ലൈറ്റ് ഹൗസിന് പിന്നിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി അവരുടെ സഹകരണത്തോടെ ടൂറിസത്തിനായി വികസിപ്പിച്ചെടുത്താൽ സഞ്ചാരികൾക്ക് എളുപ്പമെത്താനാവുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാകും.
ചരിത്രം ഇങ്ങനെ
1859ൽ ദിവാൻ ടി. മാധവറാവു തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെ സ്മരണക്കായി കോട്ടയത്തെയും ആലപ്പുഴയിലെയും കായലുകളിൽ കിഴക്കുപടിഞ്ഞാറായി നേർരേഖയിൽ നിർമിച്ച വിളക്കുമരങ്ങളിൽ ഒന്നാണ് പള്ളം പഴുക്കാനിലയിലെ ലൈറ്റ് ഹൗസ്.
ലൈറ്റ് ഹൗസിന് മുകളിൽ നിന്നാൽ ആലപ്പുഴ നഗരത്തിലെ പ്രകാശം രാത്രിയിൽ കാണാമെന്ന് പറയപ്പെടുന്നു. പ്രകാശത്തിനായി മണ്ണെണ്ണ വിളക്കായിരുന്നു അക്കാലത്ത് ഉപയോഗിച്ചിരുന്നത്. വിളക്കുമരത്തിൽ എന്നും സന്ധ്യക്ക് എണ്ണയൊഴിച്ച് തിരിതെളിച്ചിരുന്നത് സർക്കാർ നിയോഗിച്ച ജീവനക്കാരനായിരുന്നു. ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് വേമ്പനാട്ടുകായലിൽ എത്തുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും കോട്ടയത്തേക്കുള്ള വഴികാട്ടിയായിരുന്നു ഈ വിളക്കുമരം. ‘ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ’ കേരളത്തിലെ സംരക്ഷിക്കപ്പെടേണ്ട ഏഴ് വിളക്കുമരങ്ങൾ തെരഞ്ഞെടുത്തതിൽ പഴുക്കാനിലയിലെ മൺറോ ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ അവസ്ഥ
നിലവിൽ ഇൻലാൻഡ് വാട്ടർ അതോറിറ്റിക്കാണ് ലൈറ്റ് ഹൗസിന്റെ പരിപാലന ചുമതല. ‘ഗവ. മോഡൽ ഫിഷ്ഫാമിന്റെ’ മുന്നിലെ ഇടുങ്ങിയ വരമ്പിലൂടെയും പൊട്ടിപ്പൊളിഞ്ഞ നടപ്പാലത്തിലൂടെയും 500 മീറ്ററോളം നടന്നുവേണം ഇവിടെയെത്താൻ. ഇതിലൂടെയുള്ള ജലഗതാഗതം നിന്നതോടെ ലൈറ്റ് ഹൗസിൽനിന്നുള്ള പ്രകാശരേഖയും അസ്തമിച്ചു.
മുകളിലേക്ക് കയറാനുള്ള കോണിപ്പടികൾ ഇപ്പോഴും വലിയ കുഴപ്പമില്ലാതെ നിൽപുണ്ട്. കായലും നദിയും സന്ധിക്കുന്ന കിഴക്കേക്കരയിലാണ് വിളക്കുമരം തലയുയർത്തി നിൽക്കുന്നത്. ജില്ലയിൽ നാഴികക്കല്ലായേക്കാവുന്ന ടൂറിസം പദ്ധതിയാണ് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നത്. തിരുവിതാംകൂർ രാജ്യത്തിന്റെയും കേണൽ ജോൺ മൺറോയുടെയും ഗതകാല പ്രതാപത്തിന്റെ ഓർമക്കുറിപ്പാണ് വിളക്കെരിയാത്ത ഈ വിളക്കുമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

