നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധിച്ച് എസ്.എഫ്.ഐ; വ്യാപക സംഘർഷം
text_fieldsകോഴിക്കോട്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിലും സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് എസ്.എഫ്.ഐ. പലയിടത്തും മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിങ് ഏജൻസിയും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിലേക്ക് പി.എം. ആർഷോയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിദ്യാർഥികളെ വിധേയമാക്കുകയാണെന്നും ഓരോ തവണയും പരീക്ഷാ പേപ്പർ ചോരുമ്പോൾ ക്രൂശിക്കപ്പെടുന്നത് സാധാരണക്കാരായ വിദ്യാർഥികളാണെന്നും ആർഷോ കുറ്റപ്പെടുത്തി.
കോട്ടയത്തും എറണാകുളത്തും നടന്ന പ്രതിഷേധ മാർച്ചുകളും സംഘർഷഭരിതമായിരുന്നു. കോട്ടയത്ത് പൊലീസിനെ വെട്ടിച്ച് പ്രവർത്തകർ പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചു. എറണാകുളത്ത് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ, കഴിഞ്ഞ പത്ത് വർഷത്തെ എസ്.എഫ്.ഐ അല്ല ഇനി കാണാൻ പോകുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് മുന്നറിയിപ്പ് നൽകി. കൂത്തുപറമ്പ് വെടിവെപ്പിനെ ഓർമിപ്പിച്ച അദ്ദേഹം, വെടിയുണ്ടകൾക്ക് മുന്നിൽ പോലും പിന്തിരിഞ്ഞോടില്ലെന്നും തല്ലിയാൽ തിരിച്ചുതല്ലുമെന്നും പൊലീസിനോട് പറഞ്ഞു.
പാലക്കാട് പൊലീസിനെതിരെ പരസ്യമായ ഭീഷണിയുമായി എസ്.എഫ്.ഐ രംഗത്തെത്തി. വോട്ടെണ്ണൽ ദിനത്തിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് ഓഫീസ് വളപ്പിൽ പൊലീസ് ലാത്തിവീശിയത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

