നീറ്റ് പേപ്പർ ചോർച്ച: കോച്ചിങ് സെന്റർ ഉടമ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് കൂടുതൽ അറസ്റ്റ് തുടരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്നുള്ള കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും പ്രഫസറുമായ ശിവരാജ് മൊട്ടേഗാവോങ്കറെ സി.ബി.ഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ലാത്തൂർ ആസ്ഥാനമായി ഒമ്പത് ശാഖകളോടെ പ്രവർത്തിക്കുന്ന റേണുകായി കെമിസ്ട്രി ക്ലാസസ് (ആർ.സി.സി) എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ശിവരാജിന്റെ വസതിയിലും സ്ഥാപനത്തിലും നടത്തിയ പരിശോധനയിൽ പരീക്ഷക്ക് വന്ന അതേ ചോദ്യങ്ങൾ അടങ്ങിയ കെമിസ്ട്രി ചോദ്യബാങ്ക് സി.ബി.ഐ കണ്ടെടുത്തു. കെമിസ്ട്രി ചോദ്യങ്ങൾ ചോർത്തിയതിന് നേരത്തേ അറസ്റ്റിലായ എൻ.ടി.എയുടെ ചോദ്യപേപ്പർ തയാറാക്കുന്ന പാനൽ അംഗങ്ങളായ റിട്ട. പ്രഫസർ പി.വി. കുൽക്കർണി, പ്രഫ. മനീഷ ഗുരുനാഥ് മന്ദ്ഹരെ എന്നിവരുമായി ശിവരാജിന് അടുത്ത ബന്ധമുണ്ട്.
സി.ബി.ഐ കസ്റ്റഡിയിലുള്ള പുണെയിലെ ബ്യൂട്ടി പാർലർ ഉടമ മനീഷ വാഗ്മറെയാണ് വിദ്യാർഥികളെയും അധ്യാപകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പി.വി. കുൽക്കർണിക്ക് കെമിസ്ട്രി ചോദ്യപേപ്പറും മനീഷ ഗുരുനാഥ് മന്ദ്ഹരെക്ക് ബയോളജി ചോദ്യപേപ്പറും പൂർണമായി കൈകാര്യം ചെയ്യാൻ അനുവാദമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത് ഇരുവരും മനീഷ വാഗ്മറെയും ചേർന്ന് ചോദ്യപേപ്പർ 10 ലക്ഷം രൂപ വരെ വാങ്ങി മറിച്ചുവിൽക്കുകയായിരുന്നു. പരീക്ഷക്ക് മുമ്പ് വിദ്യാർഥികളെ ഒന്നിച്ചുകൂട്ടി ചോദ്യങ്ങൾ മനഃപാഠമാക്കിക്കുന്ന പ്രത്യേക ക്ലാസുകളും ഇവർ പുണെയിലെ വസതിയിൽ വെച്ച് നടത്തിയിരുന്നു.
മനീഷ വാഗ്മറെ വഴി ചോർന്ന ചോദ്യപേപ്പറുകൾ മഹാരാഷ്ട്രയിലെ അഹല്യാനഗർ, നാസിക് എന്നിവിടങ്ങളിലേക്കും അവിടെയുള്ള ഏജന്റുമാർ വഴി ഹരിയാനയിലെ ഗുരുഗ്രാമിലും രാജസ്ഥാനിലെ ജയ്പുരിലുമുള്ള വിദ്യാർഥികളിലേക്കും എത്തുകയാണുണ്ടായത്. ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം വ്യക്തമായിട്ടുണ്ടെന്നും മറ്റു പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
പരീക്ഷ കേന്ദ്രം മാറ്റാൻ അവസരം 21 വരെ
ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയിൽ നിലവിലെ വിലാസവും പരീക്ഷ കേന്ദ്രമുള്ള നഗരവും മാറ്റം വരുത്തുന്നവർക്കുള്ള അവസരം ലഭിക്കുക മേയ് 21ന് രാത്രി 11.50 വരെ. മറ്റു മാറ്റങ്ങൾക്കുള്ള അവസരം ലഭിക്കില്ല. ഒന്നാമത്തെയും രണ്ടാമത്തെയും മുൻഗണന നൽകാം. മാറ്റം വരുത്താത്തവർക്ക് നേരത്തേ തെരഞ്ഞെടുത്ത നഗരംതന്നെയാകും ലഭിക്കുക. പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ജൂൺ 14 മുതൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

