നീറ്റ്: ടിസ്ക് സ്കൂൾ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചു
text_fieldsകണ്ണൂർ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച കുവ്വപ്പുറം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചു. ടിസ്ക് സ്കൂൾ പ്രിൻസിപ്പൽ കെ. ജമാലുദ്ദീനാണ് സി.ബി.എസ്.ഇയുടെ നിർദേശപ്രകാരം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കിയത്. നിർവ്യാജം ഖേദം പ്രകടിപ്പിക്കൽ എന്ന മുഖവുരയുമായി ഇറക്കിയ വാർത്താക്കുറിപ്പിൽ സി.ബി.എസ്.ഇയുടെ മാർഗനിർദേശപ്രകാരമുള്ള ദേഹപരിശോധനയിൽ വിദ്യാർഥിനികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ സെൻറർ സൂപ്രണ്ട് എന്നനിലയിൽ വിദ്യാർഥികളോടും രക്ഷിതാക്കളോടും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്.
നീറ്റ് പരീക്ഷക്കിടെ ടിസ്ക് സ്കൂളിലാണ് പൊതുസമൂഹത്തിനും സി.ബി.എസ്.ഇക്കും ഏറെ മാനക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിക്ക് ബ്രാ ഉൗരിമാറ്റിയതിനു ശേഷമാണ് പരീക്ഷാഹാളിലേക്ക് പ്രവേശനം ലഭിച്ചത്. സംഭവം വിവാദമായതോടെ സി.ബി.എസ്.ഇ ഖേദം പ്രകടിപ്പിച്ചിരുന്നു. ടിസ്ക് സ്കൂൾ പ്രിൻസിപ്പലിനോട് മാപ്പ് പറയുന്നതിന് നിർദേശം നൽകുകയുംചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെ നേരേത്ത തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു.
ദേഹപരിശോധനക്ക് നേതൃത്വം നൽകിയ നാല് അധ്യാപികമാരെ സസ്പെൻഡ് ചെയ്യുകയുംചെയ്തു. എന്നാൽ, പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള നിയമനടപടി കാര്യമായി പുരോഗമിച്ചിട്ടില്ല. സ്കൂളും സി.ബി.എസ്.ഇയും ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ കൂടുതൽ നടപടികളുമായി മുന്നോട്ടുപോകണോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കണ്ണൂർ ജില്ല പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് തേടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, കമീഷൻ ഒാഫിസിൽനിന്ന് ഇതുസംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
