അമ്മത്തൊട്ടിലിൽ ആരവിനു പിന്നാലെ 'നീരവ്'
text_fieldsകോഴിക്കോട്: അമ്മത്തൊട്ടിലിൽ തുടർച്ചയായി രണ്ടാംദിവസവും മണിക്കിലുക്കം. വ്യാഴാഴ്ച രാത്രി 10.37ന് ഒരാൺകുട്ടിയെ ലഭിച്ചതിന് പിന്നാലെ വെള്ളിയാഴ്ച പകൽ 3.30ന് 3.200 കി.ഗ്രാം ഭാരവും ഒരു മാസം പ്രായവും വരുന്ന മറ്റൊരു ആൺകുട്ടി കൂടി സംരക്ഷണത്തിനായിയെത്തി. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സ്വീകരിച്ച് സംരക്ഷിക്കാൻ ശിശുക്ഷേമ സമിതി കഴിഞ്ഞ ഓഗസ്റ്റിലാണ് കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
ലോക യുദ്ധാനന്തരമുള്ള സമാധനത്തിന്റെ ആരവ്-അമ്മ കൂടണഞ്ഞതിന് പിന്നാലെയുള്ള പുതിയ അതിഥിക്ക് യുദ്ധാനന്തരമുള്ള ശാന്തതയുടെ പ്രതീക്ഷയുമായി 'നീരവ്' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കോഴിക്കോട് അമ്മത്തൊട്ടിലിലെ അഞ്ചാമത്തെ കുരുന്നാണ് നീരവ്. നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. കുരുന്നിന്റെ വരവറിയിച്ച് പതിവുപോലെ തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്സിങ് ഉദ്യോഗസ്ഥരെത്തി കുട്ടിയെ ഇന്റർ കെയർ യൂനിറ്റിലെത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയച്ചതിന് തുടർന്ന് കോഴിക്കോട് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിലെത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. പൂർണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്.
ആദ്യത്തെ കുട്ടി ആദി, രണ്ടാമത്തെ കുട്ടിക്ക് ഹെർത്ത്യൂസ് എന്നും പേരിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11ന് ലഭിച്ച പെൺ കരുത്തിന് കവിയും ഗാനരചയിതാവുമായ ഗിരിഷ് പുത്തഞ്ചേരിയുടെ ഓർമ നിലനിർത്തി 'നിലാവ്' എന്നും പേരിട്ടിരുന്നു. തുടർന്നായിരുന്നു ആരവിന്റെ വരവ്. നിരവിന്റെ ദത്തെടുക്കൽ നടപടി ക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്നും ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

