Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അന്ധവിശ്വാസങ്ങളുടെ...

‘അന്ധവിശ്വാസങ്ങളുടെ പുരയിടം’; മൻമോഹൻ ബംഗ്ലാവിൽ കഴിയാൻ മന്ത്രിസഭയിലെ ‘പയ്യൻ’

text_fields
bookmark_border
‘അന്ധവിശ്വാസങ്ങളുടെ പുരയിടം’; മൻമോഹൻ ബംഗ്ലാവിൽ കഴിയാൻ മന്ത്രിസഭയിലെ ‘പയ്യൻ’
cancel

തിരുവനന്തപുരം: പുതിയ സർക്കാറുകൾ അധികാരത്തിലേറുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന ‘അന്ധവിശ്വാസങ്ങളുടെ’ മന്ത്രിമന്ദിരമായ മൻമോഹൻ ബംഗ്ലാവിൽ ഇക്കുറി ധൈര്യസമേതം താമസമാക്കുന്നത് വി.ഡി. സതീശൻ മന്ത്രിസഭയിലെ ‘പയ്യനായ’ ഒ.ജെ. ജനീഷ്. ഇവിടെ താമസിക്കുന്നത് അശുഭമാണെന്ന ഒരു പൊതുപ്രചാരണമുണ്ട്. എന്നാൽ അത് തെറ്റാണെന്ന് തെളിയിച്ച ചരിത്രവുമുണ്ട്. ഇവിടെ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്ന പ്രചാരണം തെറ്റിയിട്ടുണ്ട്. തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ പണികഴിപ്പിച്ച ഈ ബംഗ്ലാവിന് ചരിത്രത്തിലും വലിയ സ്ഥാനമാണുള്ളത്. ജനാധിപത്യ സർക്കാർ അധികാരമേറ്റപ്പോൾ കെട്ടിടം സർക്കാർ ഏറ്റെടുത്തു.

2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്‍റെ കാലത്താണ് മൻമോഹൻ ബംഗ്ലാവ് വിവാദങ്ങളിൽ ഇടം പിടിച്ചത്. ആദ്യം താമസിച്ചത് ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. കെട്ടിടത്തിന്‍റെ വാസ്തുദോഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ലക്ഷങ്ങളുടെ മോടിപിടിപ്പിക്കൽ ഈ മന്ത്രിമന്ദിരത്തെ വിവാദത്തിലാക്കി. ഒടുവിൽ ഈ മന്ത്രിമന്ദിരം കോടിയേരി ഉപേക്ഷിച്ചു. പിന്നാലെ എത്തിയ പൊതുമരാമത്ത് മന്ത്രി ടി.യു. കുരുവിളക്ക് ഭൂമിയിടപാട് ക്രമക്കേടിൽ രാജിവെക്കേണ്ടി വന്നു. പകരം വന്ന മോൻസ് ജോസഫ് കുറച്ച് കാലം താമസിച്ചു. എന്നാൽ, വിമാനയാത്ര വിവാദത്തിൽ നിന്ന് കുറ്റമുക്തി നേടി പി.ജെ. ജോസഫ് തിരിച്ചെത്തിയപ്പോൾ മോൻസ് മന്ത്രി സ്ഥാനവും വസതിയും ഒഴിഞ്ഞു. കുറച്ചുകാലം മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കിയെങ്കിലും മുന്നണി വിട്ടതോടെ പി.ജെ. ജോസഫ് ബംഗ്ലാവ് ഒഴിഞ്ഞു.

2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആര്യാടൻ മുഹമ്മദാണ് ബംഗ്ലാവ് ഏറ്റെടുത്തത്. അഞ്ച് വർഷം തികച്ച ശേഷമായിരുന്നു പടിയിറക്കം. 2016ൽ മന്ത്രിമന്ദിരത്തിലെത്തിയ തോമസ് ഐസക്കും അഞ്ച് വർഷം തികച്ചു. മുമ്പ് ഇറങ്ങിപ്പോയ പി.ജെ. ജോസഫാകട്ടെ 2011 മുതൽ മൂന്ന് തവണ നിയമസഭയിലേക്ക് എത്തുകയും ചെയ്തു. മോൻസ് ജോസഫും അതേ. ഏറ്റവും ഒടുവിൽ 2021ൽ മന്ത്രിയായ ആന്‍റണി രാജുവാണ് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചത്.

കോടികളുടെ അറ്റകുറ്റപ്പണി വേണം; മന്ത്രിമാർക്ക് വസതികളായി

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർക്ക് ഔദ്യോഗിക വസതികളായി. പക്ഷേ, ഇവിടങ്ങളിലെ അറ്റകുറ്റപ്പണികൾക്ക് കോടികൾ വേണം. മുൻ മന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിടങ്ങളിലെല്ലാം അറ്റകുറ്റപ്പണി വേണമെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്.

ക്ലിഫ്ഹൗസ് ഉൾപ്പെടെ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 3.96 കോടിയുടെ എസ്റ്റിമേറ്റാണുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് ക്ലിഫ്ഹൗസ് മോടിപിടിപ്പിക്കേണ്ടെന്നാണ് വി.ഡി. സതീശൻ നിർദേശിച്ചിരുന്നത്. എന്നാൽ, അറ്റകുറ്റപ്പണികൾ നടത്താതെ ഇവിടെ താമസിക്കാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് സെക്രട്ടറി സർക്കാറിനെ അറിയിച്ചത്. ക്ലിഫ്ഹൗസിൽ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുമുണ്ട്.

മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ സംബന്ധിച്ച ചർച്ചകളിൽ ഒരേവസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തുണ്ടായിരുന്നു. നിള, സാനഡു, ഗ്രേസ് തുടങ്ങിയ മന്ദിരങ്ങൾക്കായിരുന്നു ഡിമാൻഡ്. ച‍ർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് അന്തിമ പട്ടിക തയാറാക്കി ഉത്തരവിറക്കിയത്. മുൻമന്ത്രി മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ക്ലിഫ്ഹൗസിന് സമീപമുള്ള ‘പമ്പ’ വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. മറ്റാരും അവകാശവാദം ഉന്നയിക്കാത്തിനാൽ അദ്ദേഹത്തിന് അത് ലഭിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ സണ്ണി ജോസഫിന് ക്ലിഫ്ഹൗസിന് സമീപത്തെ ‘അശോക’യാണ് ലഭിച്ചത്. പിതാവ് ബേബി ജോൺ മന്ത്രിയായിരുന്നപ്പോൾ താൻ ഓടിക്കളിച്ച ‘എസ്സെൻഡേൻ’ ഷിബു ബേബി ജോൺ ചോദിച്ചുവാങ്ങി.

ജി.എ.ഡിയുടെ പക്കലുള്ള വസതികളുടെ പട്ടിക അവസാനിച്ചതിനാൽ അനൂപ് ജേക്കബിന് വാടക വീടെടുത്ത് നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബേക്കറി ജങ്ഷന് സമീപത്തെ വാടകവീട്ടിൽ താമസമാക്കിയിട്ടുണ്ട്. ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലേക്ക് അദ്ദേഹം താമസം മാറുമോ, അവിടെ ഓഫിസ് മാത്രമായിരിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

മന്ത്രിമാരും വസതികളും

വി.ഡി. സതീശൻ -ക്ലിഫ്ഹൗസ്

പി.കെ. കുഞ്ഞാലിക്കുട്ടി -ലൈന്ത്രസ്റ്റ്

രമേശ് ചെന്നിത്തല -പമ്പ

മോൻസ് ജോസഫ് - പെരിയാർ

ഷിബു ബേബി ജോൺ -എസ്സെൻഡേൻ

സി.പി. ജോൺ -റോസ് ഹൗസ്

സണ്ണി ജോസഫ് -അശോക

കെ. മുരളീധരൻ - സാനഡു

എ.പി. അനിൽകുമാർ - കാവേരി

എൻ. ഷംസുദീൻ -നെസ്റ്റ്

കെ.എം. ഷാജി -പൗർണമി

പി.സി. വിഷ്ണുനാഥ് - നിള

എം. ലിജു - അജന്ത

റോജി എം. ജോൺ - ഗ്രേസ്

ടി. സിദ്ദീഖ് -ഗംഗ

പി.കെ. ബഷീർ - ഉഷസ്

വി.ഇ. അബ്ദുൽ ഗഫൂർ -കവടിയാർ ഹൗസ്

കെ.എ. തുളസി -പ്രശാന്ത്

ബിന്ദു കൃഷ്ണ - തൈക്കാട് ഹൗസ്

ഒ.ജെ. ജനീഷ് -മൻമോഹൻ ബംഗ്ലാവ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ministersVD Satheesan
News Summary - Needs repairs worth crores; Ministers' residences
Next Story