വികസന കാര്യത്തിൽ ഒറ്റക്കെട്ടാകണം -മന്ത്രി കെ. രാജൻ
text_fieldsചാലക്കുടി: രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടായാലും പ്രതിപക്ഷ- ഭരണപക്ഷ വ്യത്യാസമില്ലാതെ വികസനത്തിന്റെ കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്നതാകണം തദ്ദേശ സ്ഥാപനങ്ങളുടെ വികസന തന്ത്രമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചാലക്കുടി നഗരസഭയുടെ സുവർണ ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി രാജൻ. ജനാധിപത്യത്തിന്റെ അതീവ ഹൃദ്യമായ സംഗീതം വികസന കാര്യങ്ങളിലെ ഈ ഐക്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരനെ ലക്ഷ്യമിടുന്നതാകണം സുസ്ഥിര വികസനം.
അപ്രതീക്ഷിതമായി പ്രകൃതി ദുരന്തങ്ങൾ വരുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ. പ്രളയമടക്കമുള്ള ദുരന്തങ്ങളെ ഉച്ചനീചത്വങ്ങളില്ലാതെ നാം നേരിട്ടു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ അനാവശ്യമായി അകറ്റുന്ന തന്ത്രത്തിനെതിരെ ജാഗ്രത വേണം. ഒരു ഇരുണ്ട കാലം കേരളത്തിന് ഉണ്ടായിരുന്നു. ഇതിനെ വെളിച്ചത്തിലേക്ക് നയിച്ചത് നവോത്ഥാനമാണ്. നമ്മുടെ നാട് പുതിയ കാലത്തിലേക്ക് നടന്നുപോകുകയാണ്. എല്ലാവർക്കും വീട്, എല്ലാവർക്കും ഭക്ഷണം എന്ന വാഗ്ദാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്നും മന്ത്രി രാജൻ പറഞ്ഞു.
സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സുവർണ സ്പർശം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. നിർധനരായ 50 രോഗികൾക്കാണ് പദ്ധതിയിലൂടെ ധനസഹായം നൽകുന്നത്. തുടർന്ന് നഗരസഭയുടെ 50 വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പരിപാടികളും ഉൾപ്പെടുത്തി പുറത്തിറക്കിയ ജൂബിലി സ്മരണിക 'സുവർണ രേഖ'യുടെ പ്രകാശനം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, പ്രോഗ്രാം കൺവീനർ വി.ഒ. പൈലപ്പൻ, വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, അഡ്വ. ബിജു എസ്. ചിറയത്ത്, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. പോൾ, നിതാ പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഷിബു വാലപ്പൻ, സെക്രട്ടറി ആകാശ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിനു ശേഷം സിനിമ പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ നയിച്ച മെഗാ മ്യൂസിക്കൽ നൈറ്റ് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

