ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കുറ്റപത്രം
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡറയറക്ട്രേറ്റ്. സ്വർണക്കടത്ത് കേസ് കുറ്റപത്രത്തിൽ എം ശിവശങ്കറിനെതിരെ ഗുരുതര പരാമർശങ്ങളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിനും പങ്കുണ്ടെന്ന് കൊച്ചിയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ശിവശങ്കറും സ്വപ്നയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്ട്ആപ്പ് സന്ദേശങ്ങളും എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു. സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ശിവശങ്കർ മൗനം പാലിച്ചുവെന്നും അതിനാൽ കൂടുതൽ അന്വേഷണം വേണമെന്നും പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നു.
സ്പേസ് പാര്‍ക്കില്‍ ജോലിക്കായി അപേക്ഷ നല്കുമ്പോള് റഫറന്‍സായി കൊടുത്തത് ശിവശങ്കറിന്റെ പേരാണ്. ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വഴി ജോലിക്ക് അപേക്ഷിച്ചത്. സ്വപ്നയുടെ പല സാമ്പത്തിക ഇടപാടുകളിലും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളതിനാല് ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
സ്വപനയും സരിത്തും സന്ദീപും ചേർന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. 303 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. പ്രതികളുടെ പക്കൽ അനധികൃത സ്വത്തുകൾ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേർക്കും ജാമ്യം കൊടുക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് കോടതി ശിക്ഷാനടപടി സ്വീകരിക്കണം എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

