കോഴിക്കോട്: അഞ്ചു പതിറ്റാണ്ടായി മലയാള സിനിമയിലെ പ്രതിഭാധനനായ നടനായിരുന്നു നെടുമുടി വേണുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. അഭിനയ മികവ് കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കാഥാപാത്രങ്ങള്‍ നിരവധിയാണ്. മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനേതാവാണ് നെടുമുടി.
സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുക ആയിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്‍റെ വിടവാങ്ങല്‍ മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനിയും നിരവധി കഥാപാത്രങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന്‍ പകരാന്‍ ശേഷിയുള്ള വലിയ ഒരു കലാകാരന്‍റെ വിയോഗം ഇന്ത്യന്‍ സിനിമക്ക് അപരിഹാര്യമാണ്.
തന്‍റെ സ്വതസിദ്ധമായ ശൈലയില്‍ നമുക്ക് ഇടയിലെ മനുഷ്യ ജീവിതങ്ങള്‍ തികഞ്ഞ മെയ്‌വഴക്കത്തോടെയും ഭാവങ്ങളിലൂടെയും പകര്‍ന്നാടിയ നെടുമുടി വേണുവിന്‍റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കെ. സുധാകരൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു.