ഫിനാൻസ് ഉടമ എൻ.എം. രാജുവിന്‍റെ ആരോപണം തള്ളി ആന്‍റോ ആന്‍റണി; ‘വാങ്ങിയ പണം തിരികെ നൽകി, സഹായിച്ചത് യു.ഡി.എഫിന്‍റെ ഭാഗമായിരുന്നപ്പോൾ’
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് വാങ്ങിയ രണ്ട് കോടി രൂപ തിരികെ നൽകിയില്ലെന്ന നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്‍റെ ആരോപണം തള്ളി പത്തനംതിട്ട എം.പി ആന്‍റോ ആന്‍റണി. തെരഞ്ഞെടുപ്പിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ പണം നൽകി സഹായിച്ചെന്ന് ആന്‍റോ പറഞ്ഞു. വാങ്ങിയ പണം രാജുവിന് തിരികെ നൽകി. തനിക്കെതിരെ വേണമെങ്കിൽ രാജുവിന് നിയമപരമായി മുന്നോട്ടു പോകാമെന്നും ആന്‍റോ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ട് മാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. താൻ പണം തിരികെ നൽകി. രാജുവിന്‍റെ മകൾ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണെന്നാണ് കരുതിയത്. കള്ള ആരോപണമാണ് ഉന്നയിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും എം.പി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കെല്ലാം കൃത്യമാണ്. അതിൽ എല്ലാ തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫിന്‍റെ ഭാഗമായിരുന്നപ്പോഴാണ് രാജു സഹായിച്ചത്. രാജു ഇപ്പോൾ എൽ.ഡി.എഫിന്‍റെ ഭാഗമാണ്. അതുകൊണ്ടാണ് ഇത്തരം ആരോപണം ഉയർത്തി കൊണ്ടു വരുന്നത്. ആരോപണത്തിന് പിന്നിൽ എൽ.ഡി.എഫിന്‍റെ സമ്മർദമാണ്. തന്നെ തേജോവധം ചെയ്യുകയാണെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി എം.പി വാങ്ങിയ രണ്ട് കോടി രൂപ തിരികെ നൽകിയില്ലെന്നാണ് തിരുവല്ല നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചത്. ആന്‍റോക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചെന്നും എൻ.എം. രാജു പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്ത് ആന്‍റോ ആന്‍റണി നിരവധി തവണ വന്നു. പ്രചരണത്തിന്‍റെ ഭാഗമായി രണ്ട് കോടി രൂപ പലിശക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞത്. ഏഴ് വർഷം കഴിഞ്ഞിട്ടം പണം തിരികെ നൽകിയില്ല. 20 ലക്ഷം രൂപ മാത്രമാണ് ഇതുവരെ നൽകിയത്. ഈട് വാങ്ങാതെയാണ് പണം നൽകിയതെന്നും രാജു വ്യക്തമാക്കി.
-------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

