Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിചിരികളുമായി ഇനി ഗോപികയെത്തില്ല, കണ്ണീരണിഞ്ഞ് നിലാറ്റ ഗ്രാമം

text_fields
bookmark_border
road accident
cancel
camera_alt

അപകടം സൃഷ്ടിച്ച കാർ, മരിച്ച ഗോപിക

കല്ലടിക്കോട് (പാലക്കാട്): നെടുമ്പാശ്ശേരി എയർപോർട്ട്-അത്താണി പാതയിൽ ഞായറാഴ്ച പുലർച്ചെ ജീവൻ കാറിടിച്ച് ജീവൻ പൊലിഞ്ഞവരിൽ ഒരാൾ പാലക്കാട് കരിമ്പ സ്വദേശിനിയും. കരിമ്പ ഗ്രാമപഞ്ചായത്തിലെ കരിമ്പ ഇടക്കുർശ്ശി നിലാറ്റ മുള്ളൻകുഴിയിൽ ഓട്ടോ ഡ്രൈവറായ പ്രദീപ് കുമാറിന്റെയും സജിതയുടെയും മകളായ ഗോപിക (22)യുടെ മരണമാണ് നിലാറ്റ ഗ്രാമത്തിന് നൊമ്പരമായത്.

ഡാറ്റ അനലിസ്റ്റ് കോഴ്സിന് പഠിക്കുന്നതോടൊപ്പം തൃക്കാക്കര സുക്കായോ സ്റ്റേഷനറി മാർട്ടിൽ പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു ഗോപിക. ഇവിടെ ജോലി ചെയ്യുന്ന കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്‍റെ മകൻ ഇയാസ് (21), വയനാട് കൽപറ്റ മടക്കിമല എം.കെ. റോഡിൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (കുക്കു-21) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.

ഗോപിക ഒരു വർഷം മുമ്പാണ് ഇവിടെ ജോലിക്ക് ചേർന്നത്. ഓണത്തിന് നാട്ടിൽ വന്ന് പോയതാണ്. കുടുംബത്തിന്റെ പ്രതീക്ഷയും വീട്ടുകാരുടെ അത്താണിയുമായിരുന്നു ഗോപിക. തദേഹം അങ്കമാലി താലൂക്കാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു. ചിരിയും കളിയുമായി വീടണയാറുള്ള ഗോപികയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചതോടെ വീട്ടുകാരും നാട്ടുകാരും സങ്കടം നിയന്ത്രിക്കാൻ പാടുപെട്ടു.

അഭിജിത്ത് (പാലക്കാട് ഗവ. എൻജിനിയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി), ദീപിക (തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ പത്താംതരം വിദ്യാർഥി) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഐവർ മഠം ശ്മശാനത്തിൽ.

നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ 1.55നായിരുന്നു ദുരന്തം. രാത്രി 11ന് ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കൾക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ച ശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ പിന്നിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരുമായി തട്ടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാസ് എറണാകുളം കലൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ലോജിജിസ്റ്റിക് കോഴ്സ് പഠിക്കുന്നതോടൊപ്പമാണ് തൊഴിൽ ചെയ്തിരുന്നത്. പിതാവ് ഇബ്രാഹിം ദുബൈയിലാണ്. മാതാവ്: റുക്കിയ. സഹോദരി: ഇസ്തിഫ. ദേവികയുടെ മാതാവ്: സരിത. സഹോദരൻ: ദേവാനന്ദ് (അപ്പു). ഇയ്യാസിന്റെയും ദേവികയുടെയും മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരെ പ്രകോപിതരാക്കുന്ന സമീപനമായിരുന്നു കാർ ഡ്രൈവർ സുഹൈലിന്‍റേത്. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചവരോട് ‘എല്ലാം വാപ്പ നോക്കിക്കൊള്ളു’മെന്നായിരുന്നുവത്രെ ഇയാളുടെ പ്രതികരണം.

സുഹൈൽ മദ്യപിച്ചിരുന്നതായും കാർ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് രക്ത സാമ്പിൾ ശേഖരിച്ചു. കൊച്ചിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപന ഉടമയായ ആലപ്പുഴ സ്വദേശിയുടെ മകനാണ് ഇയാൾ. കൊച്ചിയിലെ സ്വകാര്യ കോളജിൽ ബി.കോം വിദ്യാർഥിയാണ്. കാക്കനാട്ടെ ഫ്ലാറ്റിലാണ് താമസം. പിതാവിന്‍റെ ഉടമസ്‌ഥതയിലുള്ളതാണ് കാർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nedumbassery mini cooper road accident
Next Story