ട്രെയിൻ ഇറങ്ങി വിമാനത്താവളത്തിലേക്ക്! നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം തുടങ്ങി
text_fieldsനെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷന്റെ പ്രാരംഭഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ
കൊച്ചി: ആലുവക്കും അങ്കമാലിക്കുമിടയിൽ പുതിയ റെയിൽവേ സ്റ്റേഷന്റെ പ്രാരംഭഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിമാനയാത്രക്കാർ ഉൾപ്പടെയുള്ളവരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്.
ഹാൾട്ട് സ്റ്റേഷൻ മാതൃകയിൽ രൂപകൽപന ചെയ്ത സ്റ്റേഷനിൽ സൗകര്യങ്ങൾ പരിമിതമായിരിക്കുമെങ്കിലും, വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി പൂർത്തിയായാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ടു ബന്ധമുള്ള രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷൻ കൂടിയാകും നെടുമ്പാശ്ശേരി. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അറിയിച്ചു.
വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള റെയിൽവേ ലൈനിനോടു ചേർന്ന് മേൽപാലത്തിന്റെ അടിയിലാണ് റെയിൽവേ സ്റ്റേഷൻ വരുന്നത്. 24 കോച്ചുകൾ ഉൾക്കൊള്ളാൻ അനുയോജ്യമായ 600 മീറ്റർ നീളമുള്ള രണ്ടു പ്ലാറ്റ്ഫോമുകളാകും സ്റ്റേഷനിലുണ്ടാകുക. ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എസി വെയിറ്റിങ് ഹാൾ, ടിക്കറ്റ് ബുക്കിങ് ഓഫിസ് എന്നിവയാണ് ഒരുക്കുക.
റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് റോഡ് മാർഗമുള്ള ദൂരം. എന്നാൽ, റെയിൽവേ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്കു മാത്രമായി പ്രത്യേക പാത ആലോചനയിലുണ്ട്. വിമാനത്താവളത്തിൽനിന്നു നെടുമ്പാശ്ശേരിയിലേക്കുള്ള റോഡിലാകും സ്റ്റേഷന്റെ പ്രധാന കവാടം. വിമാനയാത്രക്കാർക്കായി റെയിൽവേ സ്റ്റേഷനിൽനിന്ന് സൗജന്യ ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് ബഗികളും ഒരുക്കും.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷൻ നിർമിക്കുന്നത്. അതിനാൽ സ്ഥലമേറ്റെടുക്കൽ ആവശ്യമായി വരില്ല. 19 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 2010ൽ ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രിയായിരിക്കെ, പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയിരുന്നെങ്കിലും പിന്നീട് നിലച്ചു. ഒന്നര പതിറ്റാണ്ടിനുശേഷമാണ് ഇപ്പോൾ പദ്ധതിക്ക് ജീവൻ വച്ചത്.
കര, ജല, വായു മാർഗങ്ങളുടെ സംയോജനത്തിലൂടെ മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബായി മാറുന്ന പദ്ധതികളാണ് നെടുമ്പാശ്ശേരിയിൽ വരുന്നത്. കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയും വിമാനത്താവളവുമായി ബന്ധപ്പെടുത്തിവരുന്നുണ്ട്.
വിമാനത്താവളത്തിനു മുന്നിലെ താജ് ഹോട്ടലിനു സമീപമുള്ള സ്ഥലമാണ് എയർപോർട്ട് മെട്രോ സ്റ്റേഷനായി പരിഗണിക്കുന്നത്. മെട്രോ സ്റ്റേഷനിൽനിന്ന് ടെർമിനലുകളിലേക്കു നേരിട്ടുള്ള എസ്കലേറ്റർ കണക്ടിവിറ്റിയും ആലോചനയിലുണ്ട്. പദ്ധികൾ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളം, റെയിൽവേ, മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ ഏകോപിപ്പിക്കുന്ന മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബായി നെടുമ്പാശ്ശേരി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

