ഒടുവിൽ സ്ഥിരീകരിച്ചു: അപകട സമയത്തെ വേഗത 144 കി.മീ; നെടുമ്പാശ്ശേരി അപകടത്തിൽ ബിഎംഡബ്ല്യുവിൻറെ സാങ്കേതിക റിപ്പോർട്ട് പുറത്ത്
text_fieldsസുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ അമിത വേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രികരായ മൂന്നുപേർ മരിച്ച സംഭവത്തിൽ കാർ കമ്പനി ബിഎംഡബ്ല്യുവിൻറെ സാങ്കേതിക റിപ്പോർട്ട് പുറത്ത്. അപകട സമയത്ത് സുഹൈൽ സജീവ് 144 കി.മീ വേഗതയിലാണ് കാറോടിച്ചതെന്ന് കാർ കമ്പനി സ്ഥിരീകരിച്ചു.
അപകടത്തിന് അഞ്ച് സെക്കന്റ് മുമ്പ് 162 കിലോ മീറ്റർ വേഗതയിൽ പ്രതികൾ സഞ്ചരിച്ചിരുന്നു. ഇതേ വേഗത തുടർന്ന വാഹനം അപകടത്തിന് ഒരു സെക്കന്റ് മുമ്പാണ് ബ്രേക്ക് അപ്ലൈ ചെയ്തതെന്നും ബിഎംഡബ്ല്യു അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ ക്രാഷ് ഡാറ്റ പരിശോധന റിപ്പോർട്ട് നിർണായകമാണ്.
ന്യൂഡൽഹിയിൽ നിന്നുള്ള വിദഗ്‌ധ സംഘമാണ് വാഹനത്തിന്റെ വേഗത പരിശോധിച്ചത്. അപകടം നടക്കുമ്പോൾ, കാർ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പ്രധാനമായും പരിശോധന നടത്തിയത്. ഒക്ടോബർ 11ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയർപോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ദക്ഷിണ കന്നഡ സുളള്യ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
മിനി കൂപ്പറിൽ സുഹൈലിനെ കൂടാതെ സുഹൃത്തുക്കളായ ആലപ്പുഴ തുമ്പോളി സ്വദേശി പാലപ്പറമ്പിൽ നിനവ് (19), ജോയൽ (19), അമീൻ (19) എന്നിവരെയും അങ്കമാലി മജിസ്ട്രേറ്റ് കോടതി തൃക്കാക്കര ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തിരുന്നു. വാഹനമോടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികൾ മദ്യപിച്ചിരുന്നതായും അമിത വേഗതയിലായിരുന്നു കാറെന്നും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കണ്ടെത്തലിൽ വ്യക്തമായിരുന്നു.

