നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി
text_fieldsകൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സുഹൈലിന് ജാമ്യം ലഭിച്ചത്. കേസിലെ മറ്റുപ്രതികളായ ജോയൽ എസ് ആന്റോ, നിനവ്, അമിൻ ഷാ എന്നിവർക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്ന ബോസ്റ്റൽ സ്കൂളിൽ നിന്നാണ് സുഹൈൽ പുറത്തിറങ്ങിയത്.
ഒക്ടോബർ 11ന് പുലർച്ചെയാണ് അമിത വേഗതയിലെത്തിയ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നുപേർ കൊല്ലപ്പെട്ടത്. വാഹനം ഓടിച്ച സുഹൈലിന് കുരുക്കായത് സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ്. സന്ദേശത്തിൽ അപകടത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുന്നുണ്ട്.
ഒരു മാസത്തിലേറെ നീണ്ട റിമാൻഡ് കാലാവധിക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ രണ്ടും മൂന്നും നാലും പ്രതികൾക്കാണ് ആദ്യം ജാമ്യം ലഭിച്ചത്. ഒന്നാം പ്രതിയായ സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാൻ ഹൈക്കോടതി നിർദേശിച്ചതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്.

